Friday, February 6, 2009

കോളപ്ര പാലം

ഇതാണ് പ്രസിദ്ധമായ കോളപ്ര പാലം.
തൊടുപുഴയില്‍ നിന്നും മൂലമറ്റത്തിനു പോകുന്ന വഴിയില്‍,
കോളപ്ര ഗ്രാമത്തില്‍ നിന്നും ഇടത്തോട്ടുള്ള ആനക്കയം പോകാനുള്ള വഴിയ്ക്കാണ്
ഈ പാലം സ്ഥിതി ചെയ്യുന്നത്..
ഈ പാലം നിങ്ങളും കണ്ടിട്ടുണ്ട്..
എങ്ങനെയാണെന്നറിയേണ്ടെ, ‘കഥ പറയുമ്പോള്‍’ സിനിമ കണ്ടിട്ടുള്ളവര്‍ ഓര്‍ക്കുന്നുണ്ടാകും..
ശ്രീനിവാസന്റെ മകളെ ഫീസടക്കാത്തതിനാല്‍ സ്കൂളില്‍ നിന്നും ഇറക്കി വിട്ടതിനുശേഷം,
പാലത്തില്‍ കൂടി അവര്‍ രണ്ടുപേരും കൂടി സംസാരിച്ചുവരുന്ന ഒരു സീനില്ലേ;
ആ പാലമാണീ ഈ പാലവും..
ഈ പാലത്തെപറ്റി ഇനിയും ഒരുപാട് പറയാനുണ്ട്.
പാലത്തിന്റെ ഇക്കരെ പ്രസിദ്ധമായ ഒരു ഷാപ്പുണ്ട്..
നല്ല കള്ളും, സ്വാദിഷ്ടമായ കറിയും കിട്ടുന്ന ഒരു ഷാപ്പ്..
പാലം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഓരോ ആര്‍ച്ചുകള്‍ ഉണ്ടായിരുന്നു..
ഹെവി വെഹിക്കിള്‍ കയറുന്നത് തടയാനായിട്ടായിരുന്നു അത്..
ഒരിക്കല്‍, ലോഡ് കയറ്റി വന്ന ഒരു 407 ന്റെ മുകളിലിരുന്ന,
ചേട്ടായി ഈ ആര്‍ച്ചിനുള്ളില്‍ തലയിടിച്ച് മരിക്കുകയുണ്ടായി..
അതിനുശേഷം ഈ ആര്‍ച്ചുകള്‍ പിഴുത് മാറ്റപ്പെട്ടു..
സിനിമാക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍ ആയി മാറിയ ഈ സ്ഥലം,
മുന്‍പ് ഒരു വയല്‍ ആയിരുന്നു...
മലങ്കര ഡാമിന്റെ പദ്ധതിയോടനുബന്ധിച്ച് ഈ പ്രദേശമെല്ലാം,
പദ്ധതിപ്രദേശത്ത് വരികയും ജലസമൃദ്ധിയാര്‍ജിക്കുകയും ചെയ്തു..
കുറച്ചു നാള്‍ മുന്‍പുവരെ ഈ പ്രദേശത്ത് ബോട്ടിങ്ങ് ഉണ്ടായിരുന്നു..
95‘ കാലഘട്ടത്തില്‍ ഈ ജലാശയം നിന്നിടത്ത് വയല്‍ ആയിരുന്നു..
ആ സമയത്ത് ഞാന്‍ നിര്‍മിച്ച ഒരു ടെലിഫിലിം ഈ വയലില്‍ വച്ച് ഷൂട്ട് ചെയ്തിരുന്നു..
അതായിരിക്കും ഇവിടത്തെ ആദ്യത്തെ ഷൂട്ടിങ്ങ് എന്നു വിചാരിക്കുന്നു..
അതിനു മുന്‍പ് ‘പുറപ്പാട്’ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്;
പക്ഷേ അതിവിടെയാണോ എന്ന് ഓര്‍മ്മവരുന്നില്ല..
ഭൂലോകത്തിലെ പ്രശസ്തഫോട്ടോഗ്രാഫര്‍ സപ്തവര്‍ണ്ണങ്ങളുടെ വീട് ഇതിനടുത്താണ്..
പിന്നെ നമ്മുടെ ബിനോയി മാഷും ഇവിടത്തുകാരന്‍ ആണെന്നു തോന്നുന്നു..;
ആണോ മാഷേ...

35 comments:

ഹരീഷ് തൊടുപുഴ February 6, 2009 at 7:44 PM  

സപ്തവര്‍ണ്ണങ്ങളുടെ ബ്ലോഗിലേയ്ക്ക് ഇതിലേ പോകാം..

ബിനോയ് മാഷിന്റെ ബ്ലോഗിലേയ്ക്ക് ഇതിലേ പോകാം..

ബിന്ദു കെ പി February 6, 2009 at 9:04 PM  

ഫോട്ടോ നന്നായി ഹരീഷ്. വിശദമായ വിവരണം കൊടുത്തത് ഉപകാരമായി. ഈ സ്ഥലം മുൻപ് പാടമായിരുന്നെന്നോ..?എന്തൊരത്ഭുതം!

മറ്റു രണ്ടു ബ്ലോഗുകളിലേയ്ക്കുമുള്ള ലിങ്കുകൾക്ക് നന്ദി.

സുപ്രിയ February 6, 2009 at 9:38 PM  

പുറപ്പാട് ഏതാണ്ട് പൂര്‍ണ്ണമായും മൂലമറ്റത്തുതന്നെയായിരുന്നു ഷൂട്ട് ചെയ്തത് എന്നാണ് എന്റെ ഓര്‍മ്മ. നാടിനുമുഴുവന്‍ ആഘോഷമായിരുന്നല്ലോ ആ സിനിമ. ഞാന്‍ കൊച്ചു കുട്ടിയായിരുന്നെങ്കിലും നല്ല ഓര്‍മ്മയുണ്ട്. അന്ന് മൂവാറ്റുപുഴ പ്രൊജക്റ്റു് ഉണ്ടായിട്ടില്ല.


എന്നും കാണുന്ന പാലമാണ്. പക്ഷേ ചിത്രത്തില്‍ കണ്ടപ്പോള്‍ ഒരു പ്രത്യേക സുഖം....


നന്നായിട്ടുണ്ട്. ട്ടോ......

ശിവ February 6, 2009 at 9:49 PM  

ആദ്യമായാ ഈ പാലത്തെക്കുറിച്ച് കേള്‍ക്കുന്നതും കാണുന്നതും..... ആ വിവരണം കൂടിയുള്ളത് നന്നായി.....

...പകല്‍കിനാവന്‍...daYdreamEr... February 6, 2009 at 10:13 PM  

നന്നായി...!

sreeNu Guy February 6, 2009 at 10:32 PM  

പാലം കടക്കുവോളം നാരായണ..........പാലം കടന്നാലോ.....

ബിനോയ് February 7, 2009 at 12:52 AM  

ഹരീഷ്, ഓര്‍മ്മിച്ചതിനു നന്ദി. എന്റെ വീട് തൊടുപുഴ പട്ടണത്തില്‍ തന്നെയാണ്. (കേട്ടിട്ടില്ലേ പട്ടണത്തില്‍ സുന്ദരന്‍). ഞാന്‍ മുന്‍പ് ഇവിടെ ഇട്ട പൊസ്റ്റ് കണ്ട ഓര്‍മ്മയിലായിരിക്കണം എന്റെ വീട് ഈ ഭാഗത്താണെന്ന്‍ തെറ്റിദ്ധരിച്ചത്.പണ്ട് നാട്ടിലായിരുന്നപ്പോള്‍ ജലസേചനസംബന്ധമായ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാന്‍ ഞാനും ഹരീഷ് പറഞ്ഞ ഷാപ്പില്‍ പോയിട്ടുണ്ട്.:)

saptavarnangal February 7, 2009 at 5:04 AM  

ഹരീഷേ,
എന്റെ വീട് കൊളപ്രയല്ല, ഇടവെട്ടിയിലാണ്‌. ഇതു വഴി പോയാലും അവിടെയെത്താം. ഞാന്‍ മലങ്കര ഡാമിലേയ്ക്ക് വരുന്നത്‌ തെക്കുംഭാഗം ഭാഗത്തുള്ള കനാലിന്റെ അരികിലുള്ള വഴിയാണ്‌. പിന്നെ ഷാപ്പിന്റെ കാര്യം, അതെ, അവിടെ നല്ല കറി കിട്ടും, കള്ളും!
സുപ്രിയ പറഞ്ഞതുപോലെ പുറപ്പാട് ഷൂട്ട് ചെയ്തത് മൂലമറ്റം, അറക്കുളം ഭാഗത്താണ്‌. അന്ന് ഞാനും സ്കൂള്‍കുട്ടിയായിരുന്നു. സിനിമാതാരങ്ങളെ കാണാന്‍ രാവിലെ സിസിലിയയുടെ മുന്‍പില്‍ വായും പൊളിച്ച് നിന്നിട്ടുണ്ട്. പിന്നെ മൂലമറ്റത്ത്‌ 2 വര്‍ഷം പഠിച്ചപ്പോള്‍ ഈ ഡാം പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല.

saptavarnangal February 7, 2009 at 5:20 AM  

പിന്നെ പടം - കമ്പോസ്സിങ്ങ് കൊള്ളം. ഷാപ്പിന്റെ മുറ്റത്ത് നിന്നെടുത്തതല്ലേ :)

ഹരീഷ് തൊടുപുഴ February 7, 2009 at 8:11 AM  

ബിന്ദുചേച്ചി: നന്ദി..

സുപ്രിയ: പുറപ്പാട് മൂലമറ്റത്തു വച്ചുതന്നെയായിരുന്നു. ഒരു ഇടിസീന്‍ നമ്മുടെ പഴയ മത്സ്യമാര്‍കെറ്റില്‍[തൊടുപുഴ] വച്ചുണ്ടായിരുന്നു; അതിരാവിലെയായിരുന്നു ഷൂട്ടിങ്ങ്. പുറപ്പാട് പിടിച്ചതിനു മുന്‍പ് ഒരു പടം നമ്മുടെ നാട്ടില്‍ ഷൂട്ടു ചെയ്തിട്ടുണ്ട്. നമ്മുടെ തീയേറ്റര്‍ സ്വാമി പിടിച്ച ഒരു പടമാണത്.
ഒരു നാട്ടുകാരിയെക്കൂടി കണ്ടുമുട്ടിയ സന്തോഷത്തോടെ.... നന്ദി

ശിവാ: ഒരു ദിവസം വരൂ; എന്റെ നാട് കാണിച്ചുതരാം... നന്ദിയോടെ

പകല്‍കിനാവന്‍: നന്ദി..

ശ്രീനു: നന്ദി..

ബിനോയ്: അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ എന്റെ ഷോപ്പില്‍ വരൂ, നന്ദിയോടെ..

സപ്തന്‍സ്: ഞാന്‍ വിചാരിച്ചിരുന്നത് കുടയത്തൂരായിരിക്കുമെനായിരുന്നു; അതാണങ്ങനെ പോസ്റ്റില്‍ പറഞ്ഞത്..
ഞാനും കോളപ്രയ്ക്കു വന്നത് കാഞ്ഞിരമറ്റം വഴി ആ കനാലിന്റെ തീരത്തുകൂടിയായിരുന്നു.
നന്ദിയോടെ...

ഹരീഷ് തൊടുപുഴ February 7, 2009 at 8:14 AM  

സപ്തന്‍സ്: ഇനി എന്നാണു നാട്ടിലേയ്ക്ക് വരുന്നത്?
വരുമ്പോള്‍ എന്റെ ഷോപ്പിലേക്ക് ഒന്നു വരണം കെട്ടോ.. ആദം സ്റ്റാറില്

അപ്പു February 7, 2009 at 9:03 AM  

വിവരണംകൂടിയായപ്പോള്‍ ചിത്രം വളരെ നന്നായി ഹരീഷ്.

ചങ്കരന്‍ February 7, 2009 at 9:48 AM  

മാഷുടെ ആ ഹിസ്റ്ററി ഓഫ് ദ പടം, അതാണ്‍ കിടിലന്‍, പടവും.

അനില്‍@ബ്ലോഗ് February 7, 2009 at 10:50 AM  

കൊള്ളാം ഹരീഷ്.

ആ ഷാപ്പിലൊന്നു പോകണമല്ലോ :)

മണിഷാരത്ത്‌ February 7, 2009 at 1:07 PM  

ഹരീഷ്‌......
ചിത്രം അസ്സലായിട്ടുണ്ട്‌...താങ്കളുടെ ക്യാമറ മലമുകളിലേക്കുകൂടി കയറട്ടെ..മൂലമറ്റത്തുനിന്ന് വാഗമണ്ണിലേക്കുള്ള ഒരു പുതിയ വഴിയുണ്ട്‌..ക്യാമറക്കുവേണ്ട വിഭവ സമൃദ്ധമായ ഭക്ഷണം നിശ്ചയമായും കിട്ടും..ആശംസകൾ

കുമാരന്‍ February 7, 2009 at 1:23 PM  

നല്ല പടം നല്ല വിവരണം.

ചാണക്യന്‍ February 7, 2009 at 2:07 PM  

ഹരീഷെ,
നല്ല ചിത്രവും വിവരണവും....
ആശംസകള്‍....

ങ്ഹേ...ഷാപ്പോ...അതെന്താ സാധനം...:):)

കഥാകാരന്‍ February 7, 2009 at 3:14 PM  

ഞാനും അവിടുത്തു കാരനാണ്‌.കുടയത്തൂരില്‍ നിന്ന്‌ കാഞ്ഞാറിലേക്കു പോകുന്ന വഴിക്കു ഒരു വള്വുണ്ട്..കൂര വളവ്...അതിന്റ്ടുത്താണ്‌ വീട്‌... ഒരുപാട് സിനിമകള്‍ കുടയത്തൂരില്‍ ചിത്രീകരിച്ചിട്ടുണ്ട് വാസന്തിയും ലക്ഷ്മിയും, മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും, കുഞ്ഞിക്കൂനന്‍, , ഇതിന്‍റെയെല്ലാം തമിള്‍ റീമേക്കുകള്‍, പിന്നെ ഒരുപാടു സിനിമകളീലേ പാട്ടു സീനുകള്‍ ( വജ്രം, കഥയെഴുതുമ്പോള്‍, ). പിന്നെയും ഒരു പാടുണ്ട്‌.....


ഏതായാലും ഇട്ട പടം നന്നായിട്ടുണ്ട്‌...

നിരക്ഷരന്‍ February 7, 2009 at 5:50 PM  

ഹരീഷേ...

ആദ്യം ഫോൺ നമ്പർ തരൂ. പിന്നെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതരൂ...

ഞാൻ പാലത്തിലേക്കൊന്നും വരുന്നില്ല. പാലത്തിന്റെ ഇക്കരയിൽ ഏതോ ഒരു സ്ഥാപനം ഉണ്ടെന്ന് പറഞ്ഞില്ലേ ? അവിടെ വരെയൊന്ന് പോകണം. ബിനോയ് പറഞ്ഞ ജലസേജന സംബന്ധമായ അതേ ആവശ്യത്തിനുവേണ്ടിത്തന്നെയാണ് :) :)

നല്ല പടവും ചരിത്രവും.

കമാനത്തിൽ തലയടിച്ച് മരിച്ച ചേട്ടായിക്ക് ആദരാജ്ഞലികൾ.

ഹരീഷ് തൊടുപുഴ February 7, 2009 at 8:00 PM  

അപ്പുവേട്ടാ: നന്ദി ട്ടോ..

ചങ്കരന്‍ജി: നന്ദിയോടെ..

അനില്‍ജി: ഇനിയും പ്രശസ്തമായ ഷാപ്പുകള്‍ ഉണ്ടേ... വരണം ട്ടോ; നന്ദിയോടെ..

മണിച്ചേട്ടാ: ആ വഴിക്കു പോയപ്പോള്‍ എടുത്ത കുറേ ചിത്രങ്ങള്‍ നേരത്തേ പോസ്റ്റിയിരുന്നു..
ഇതും,
ഇതും ഒക്കെ അതില്‍ ചിലതാണ്..
നന്ദിയോടെ..

കുമാരന്‍: നന്ദി..

ചാണക്യജി: ആ ഷാപ്പന്നേ!!! നന്ദിയോടെ..

കഥാകാരാ: കഥാകാരാ എന്റെ നാട്ടുകാരാ ഇവിടെ തൊടുപുഴക്കാരുടെ നാട്ടുസമ്മേളനമാണല്ലോ!!!
പരിചയപ്പെട്ടതില്‍ വളരെയേറെ സന്തോഷമുണ്ട് ട്ടോ..
ഇനിയും വരൂ ഇവിടെ... നന്ദിയോടെ

നിരക്ഷരന്‍ ചേട്ടാ: ഒരിക്കല്‍ വരൂ... തൊമ്മന്‍ കുത്തിലൊക്കെ പോയിട്ടുവരാം; പിന്നെ പളനിമലയ്ക്ക് സമാനമായ ഒരു മുരുഗക്ഷേത്രമുണ്ട്.
പിന്നെ അഞ്ചേക്കര്‍ കാട്ടിനകത്തുള്ള ക്ഷേത്രം..
എല്ലായിടത്തും കൊണ്ടുപോയി കാണിച്ചുതരാം...
നന്ദിയോടെ

കാന്താരിക്കുട്ടി February 7, 2009 at 9:29 PM  

കോളപ്ര പാലം ഞാനും കണ്ടിട്ടുണ്ട്.തൊടുപുഴേന്നു മൂലമറ്റത്തിനു പോയപ്പോൾ.ഇതിന്റെ ചരിത്രം ഒന്നും അറിയില്ലായിരുന്നു..ഈ വിവരണത്തിനു നന്ദി

നിരക്ഷരന്‍ February 7, 2009 at 9:38 PM  

ഞാൻ വരാം ഹരീഷേ.. ഫോൺ നമ്പർ തരൂ. ഞാൻ വിളിക്കാം, എന്നിട്ട് നമുക്ക് പ്ലാൻ ചെയ്യാം ഇപ്രാവശ്യം തന്നെ. ആ അഞ്ചേക്കർ കാട്ടിലെ ക്ഷേത്രം, മുരുകക്ഷേത്രമൊക്കെ കാണാം. തൊമ്മൻ കുത്ത് എപ്പോ വേണമെങ്കിലും കാണാമല്ലോ ?

ആരു കാണാത്ത സ്ഥലങ്ങളിലാണ് എനിക്ക് താല്‍പ്പര്യം. അങ്ങിനെ ഞാൻ നോട്ടമിട്ട് വെച്ചിരുന്ന സ്ഥലങ്ങൾ ഇപ്രാവശ്യത്തെ ‘മാതൃഭൂമി യാത്ര‘ മാഗസിനുകാർ അടിച്ചുമാറ്റി പരസ്യമാക്കിക്കളഞ്ഞു. ഇനി ഹരീഷ് പറഞ്ഞതുപോലുള്ള സ്ഥലങ്ങളേ രക്ഷയുള്ളൂ.

ഞാനിപ്പോൾ എറണാകുളത്തുണ്ട്. നമ്പർ തരൂ.

സുപ്രിയ February 7, 2009 at 11:02 PM  

ഹരീഷേട്ടാ... അതിനും മുമ്പ് ഇവിടെ സിനിമയെടുത്തിട്ടുണ്ട്. 'ഈ മനോഹര തീരം' എന്ന 78ലെ സിനിമയുടെ ചില ഭാഗങ്ങള്‍ ഇവിടെ എടുത്തിട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ അന്നു ജനിച്ചിട്ടില്ലാത്തതുകൊണ്ട് നേരിട്ടറിയില്ല. എന്റെ നാട്ടുകാരന്‍ ഒരു കക്ഷിയായിരുന്നു പ്രൊഡ്യൂസര്‍. പുള്ളി എന്തായാലും പില്ക്കാലത്ത് കുത്തുപാളയെടുത്തു.


പിന്നെ സഞ്ചാരികള്‍ക്കും സാഹസികര്‍ക്കും പറ്റിയ ഒത്തിരി സ്ഥലങ്ങള്‍ മൂലമറ്റം ഭാഗത്തുണ്ട്. പുതിയ വാഗമണ്‍, കോട്ടമല റോഡുകളിലെല്ലാം സുന്ദരമായ കാഴ്ചകള്‍ കാത്തിരിക്കുന്നു. ഇല്ലിക്കല്‍ കല്ലുപോലെ ശരിക്കും നല്ല ഒരു ട്രെക്കിങ്ങിനു പറ്റിയ കിടിലന്‍ സ്ഥലങ്ങളുണ്ട് ഇവിടെ. ഇല്ലിക്കല്‍ കല്ലിലേക്കൊക്കെ എത്തണമെങ്കില്‍ എന്തോരം നടക്കണം......! പിന്നെ നടന്നെത്തിയാല്‍ വെറുതെയായിപ്പോയി എന്ന് തോന്നില്ല എന്നുള്ളതിന് ഞാന്‍ ഗ്യാരണ്ടി.

അധികമാരും കാണാത്ത സ്ഥലം കാണണം എന്നു വാശിയുള്ള നിരക്ഷരന് ഒന്നു ട്രൈ ചെയ്തു നോക്കാം ട്ടോ...
മടുക്കാതെ നടക്കാന്‍ ക്ഷമയുണ്ടെങ്കില്‍.

നിരക്ഷരന്‍ February 7, 2009 at 11:16 PM  

@ സുപ്രിയട്ടീച്ചർ - ഒരുപാട് നന്ദിയുണ്ട് ഒരു പുതിയ സ്ഥലം പറഞ്ഞുതന്നതിന്. നടക്കാൻ എനിക്ക് താല്‍പ്പര്യം തന്നെ.

ഹരീഷേ, ഇല്ലിക്കൽ കല്ലിലേക്ക് ഒരു ട്രക്കിങ്ങിന് താല്‍പ്പര്യമുണ്ടോ ? സമയവും സൗകര്യവും ഉണ്ടെങ്കിൽ അറിയിക്കൂ. കാഴ്ച്ചകൾ കണ്ട് തെണ്ടിനടക്കാൻ താല്‍പ്പര്യമുള്ള വേറെ കൂട്ടുകാരുണ്ടെങ്കിൽ അവരേയും കൂട്ടിക്കോളൂ.

സ്ഥലം ആർക്കും ഇഷ്ടപ്പെടുമെന്ന് സുപ്രിയട്ടീച്ചർ ഗ്യാരണ്ടി തന്നിരിക്കുമ്പോൾ വെച്ചുതാമസിപ്പിക്കേണ്ട കാര്യമെന്തിരിക്കുന്നു !!

പാഞ്ചാലി :: Panchali February 8, 2009 at 12:52 AM  

ഹരീഷേ,നന്ദി!എന്റെ കുട്ടിക്കാലം ഓര്‍മ്മപ്പെടുത്തിയ പോസ്റ്റിന്. 81വരെ അവിടെ താമസിച്ച്, വീട് കാച്മെന്റ് ഏരിയായില്‍ ആയിരുന്നതിനാല്‍, ആ മനോഹരമായ സ്ഥലത്തു നിന്നും കുടിയിറക്കപ്പെട്ടവരുടെ കൂട്ടത്തിലുള്ളതാണ് ഞാനും. ഈ പാലം നില്‍ക്കുന്നിടത്ത് പണ്ട്, ഞങ്ങള്‍ കമ്പിപ്പാലം എന്നുവിളിച്ചുകൊണ്ടിരുന്ന, തൂക്കുപാലമായിരുന്നു. അന്ന് ആ പാലത്തില്‍ കയറാന്‍ ഭയങ്കര പേടിയായിരുന്നു. പിന്നെ ആ ഭാഗത്ത് വയലുണ്ടായിരുന്നില്ല എന്നാണോര്‍മ്മ. കൂടാതെ കഥപറയുമ്പോളില്‍ കാണീച്ചിരുന്നത് കുടയത്തൂര്‍ പാലമല്ലേ?
1987-ല്‍ ഭരതന്റെ വൈശാലി ആണ് ഇവിടെ (അടുത്തുള്ള കുളമാവില്‍) ഷൂട്ട് ചെയ്ത ആദ്യത്തെ പടം എന്നാണോര്‍മ്മ. 89-ല്‍ ആയിരുന്നു പുറപ്പാടിന്റെ ഷൂട്ടിങ്ങ്. അന്നു മൂലമറ്റം അറക്കുളം കാഞ്ഞാര്‍ തൊടുപുഴ പ്രദേശങ്ങളില്‍ ഷൂട്ടീങ്ങ് ഉണ്ടായിരുന്നു. “രസതന്ത്രം” എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയിലാണ് ഈ സ്ഥലത്തിന്റെ ഭംഗി ഏറ്റവും കൂടുതല്‍ കാണാന്‍ പറ്റുന്നത് എന്നണെനിയ്ക്ക് തോന്നുന്നത്.
സുപ്രിയ പറഞ്ഞതു ശരിയാണ്. “ഈ മനോഹര തീരം” പ്രൊഡ്യൂസര്‍ അറക്കുളം കാരനായിരുന്നു. പക്ഷേ ഷൂട്ടിങ്ങ് അവിടെ നടന്നിട്ടില്ല എന്ന് തോന്നുന്നു. “അകലങ്ങളില്‍ അഭയം” കൂടെ പിടിച്ചു കഴിഞ്ഞപ്പോളേയ്ക്കും ഈ പ്രൊഡ്യൂസര്‍ കുത്തുപാളയും പിടിച്ചു.
നിരക്ഷരാ, സ്വന്തം നാടായിരുന്നതു കൊണ്ട് പറയുകയല്ല, ശരിയ്ക്കും നയനമനോഹരമായ പ്രദേശമാണിവിടം. ഇലവീഴാപൂഞ്ചിറയും, തൊമ്മങ്കുത്തും, നാടുകാണിയും, കുളമാവും, ഇലപ്പള്ളി എസ്റ്റേറ്റും,വാഗമണും, ഇല്ലിയ്ക്കല്‍ കല്ലും, കോലാഹലമേടും ഒക്കെ പോയി കാണുക. പുതിയ മൂലമറ്റം വാഗമണ്‍ റോഡ് വളരെ നയനാഭിരാമമാണ് (അല്‍പ്പം അപകടകരവും)എന്ന് ഈയിടെ അതിലേ പോയി വന്ന ഒരു ഫാമിലി പറഞ്ഞിരുന്നു.
അപ്പോള്‍ നിരക്ഷരന്റെ യാത്രാവിവരണവും ചിത്രങ്ങളും ഉടന്‍ പ്രതീക്ഷിയ്ക്കാമല്ലോ?

സതീശ് മാക്കോത്ത്| sathees makkoth February 8, 2009 at 7:18 AM  

ആ പാലമാണല്ലേ ഈ പാലം.
പടം നന്നായിട്ടുണ്ട്.

ഹരീഷ് തൊടുപുഴ February 8, 2009 at 8:15 AM  

കാന്താരിക്കുട്ടി: അപ്പോള്‍ ചേച്ചിയ്ക്കും ഇതു കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടല്ലേ...നന്ദിയോടെ

നിരക്ഷരന്‍ ചേട്ടാ: എന്റെ നമ്പെര്‍ 9447302370 ആണ്. എന്നെ വിളിക്കൂ. തിരക്കില്ലാത്ത ഒരു ദിവസം നോക്കി നമുക്ക് പ്ലാന്‍ ചെയ്യാം...
വീണ്ടും നന്ദിയോടെ..

സുപ്രിയ: കൂടുതല്‍ വിവരണങ്ങള്‍ നല്‍കിയതിന് വളരെയേറേ നന്ദി.
ഇല്ലിക്കല്‍ കല്ലിലേയ്ക്കുള്ള റൂട്ട് വിശദമായി പറഞ്ഞുതരാമോ? പിന്നെ അതിനേ പറ്റിയുള്ള വിശദാംശങ്ങളും..
പുതിയ വാഗമണ്‍ റൂട്ടില്‍ വന്നപ്പോഴുള്ള ചിത്രങ്ങള്‍ നേരത്തേ പോസ്റ്റിയിട്ടുണ്ട്..
ഇനിയും വരുന്നുണ്ട്...
കോടമഞ്ഞിറങ്ങണ സമയം നോക്കിയിരിക്കുകയാണ്..
വീണ്ടും നന്ദിയോടെ..

പാഞ്ചാലിജി: ടി. സ്ഥലം ഒരു ചതുപ്പുനിലമായിരുന്നു എന്നാണെന്റെ ഓര്‍മ്മ; അതായത് നെല്‍കൃഷി അവസാനിപ്പിച്ച് വൃഷ്ടിപ്രദേശമാകാന്‍ കാത്തിരുന്ന ആ അവസ്ഥയിലാണ് ഞാന്‍ ഇത് ആദ്യമായി കാണുന്നത്...95‘ല്‍.
കഥപറയുമ്പോളില്‍ കാണിച്ചത് ഈ പാലം തന്നെയാണെന്നണെന്റെ ഓര്‍മ്മ. കുടയത്തൂര്‍ പാലത്തിന്റെയും ഫോട്ടോ ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്..
രസതന്ത്രത്തിന്റെ കുറേ ഷൂട്ടിങ്ങ് എന്റെ വീടിനടുത്തായിരുന്നു.. ആ പെര പൊളിച്ച് മേയുന്നതൊക്കെ ഇല്ലേ..
ഈ പടങ്ങളൊക്കെ തൊടുപുഴയ്ക്കു വരാന്‍ ഒരു കാരണം ഒരു പരിധി വരെ എന്റെ കൊച്ചച്ചനാണ്. പുള്ളിയായിരുന്നു മിക്ക പടത്തിന്റെയും വീടുകളും, സ്ഥലങ്ങളും സംഘടിപ്പിച്ചുകൊടുക്കുന്ന ആള്‍..
ഒട്ടേറെ നന്ദിയോടെ..

സതീഷ്ജി: നന്ദിയോടെ...

saptavarnangal February 8, 2009 at 9:13 AM  

നിരക്ഷരനു പോകാന്‍ പറ്റിയ മറ്റൊരു സ്ഥലം കീഴാര്‍കുത്താണ്‌. അവിടെ അധികം ആരും തന്നെ പോയിട്ടില്ല, അത്രയ്ക്ക് പോപ്പുലാറായിട്ടില്ല.തൊടുപുഴക്കാര്‍ക്കെല്ലാം സലാം :)

സുപ്രിയ February 8, 2009 at 9:15 AM  

ഇല്ലിക്കല്‍ കല്ലിലേക്കു പോകുന്നതിന് അധികം അറിയാനില്ല. മൂലമറ്റത്തുവന്ന് ആരോടു ചോദിച്ചാലും കൃത്യമായി പറഞ്ഞുതരും. കുറേദൂരം വാഹനത്തില്‍ പോകാം. പിന്നെ നടന്നു കയറണം. പോകുമ്പോ രാവിലെ തന്നെ പോകണം.

ആരും എന്നെ വന്ന് ഇടിക്കില്ലെങ്കില്‍ ഒരു സത്യം പറയാം. ഞാനും അവിടെ പോയിട്ടില്ല. നല്ല നടപ്പ് പണ്ടേ ഇല്ലാത്തോണ്ടാ. അത്രയും നടക്കാനുള്ള ശേഷിയെനിക്കുണ്ടെങ്കില്‍ ഞാന്‍ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ പോയേനെ. എങ്കിലും ആ സ്ഥലത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം സത്യംതന്നെ. പോയിട്ടു വന്ന് ആരും എന്നെ തെറി വിളിക്കില്ല. അതുറപ്പ്.

ഇല്ലിക്കല്‍ കല്ല് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ പാറയാണ്. ഒരു കുന്നുമുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പാറ. അതിന്റെ ഒരു അരികിലൂടെ നമുക്ക് മുകളിലേക്കു കയറാം. മുകളിലെത്തിയാല്‍ ഒരടി മാത്രം വീതിയുള്ള പാറയുടെ പുറത്തുകൂടി മറുവശത്തേ അരികിലേക്കു കടക്കണം. അത് അസാമാന്യ ധൈര്യമുള്ളവര്‍ക്കേ പറ്റൂ. ഒന്നാമത് നല്ല കാറ്റ് എപ്പോഴും ഉണ്ടാകും. രണ്ടാമത് ഇരുവശത്തുമുള്ള അഗാധമായ കൊക്കയിലേക്കു നോക്കിക്കൊണ്ട് ഒരാള്‍ക്ക് അവിടം കടക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

പറഞ്ഞതിന്റെ അര്‍ത്ഥം - കുന്നു കയറി നല്ല പരിചയമുള്ള ഒരാളുടെ കൂടെ പോകുന്നതായിരിക്കും നല്ലത്.

സുന്ദരമായ കാഴ്ചകളെപ്പറ്റി ഒന്നും പറയുന്നില്ല. അത് നിങ്ങള്‍ പോയിക്കണ്ട് ഇവിടെ എല്ലാര്‍ക്കും വേണ്ടി 'ബ്ലോഗീകരിക്കു'മല്ലോ.

വേറൊരു കാര്യംകൂടി - വാഗമണ്‍ കോട്ടമല റോഡുകള്‍ വരുന്നതിനുമുമ്പ് ഈ പ്രദേശം വ്യാജവാറ്റിന് പ്രസിദ്ധമായിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ എത്താന്‍ പറ്റുമായിരുന്നില്ല എന്നതു തന്നെ കാരണം. ഇപ്പോഴത്തെ കാര്യം എനിക്കറിയില്ല.

നോക്കീം കണ്ടുമൊക്കെ പൊക്കോണേ. ഹരീഷേട്ടാ നമ്മുടെ നിരക്ഷരന്റെ മേല്‍ ഒരു കണ്ണുവേണേ... ജലസേചനസംബന്ധമായ വല്ല ആവശ്യവും പുള്ളിക്ക് അവിടെവച്ചു തോന്നിയാല്‍ ഭയങ്കര അപകടകരമായിരിക്കും. പിന്നെ പാറപ്പുറത്തുനിന്നു താഴെയിറക്കാന്‍ 101ല്‍ വിളിക്കേണ്ടിവരും.......


ആഹാ... രസതന്ത്രം ഇവിടെ വന്നത് അങ്ങനെയാണോ...? നിങ്ങളു കുടുംബത്തോടെ പുലികളാ അല്ലേ?

നിരക്ഷരന്‍ February 8, 2009 at 11:21 AM  

പാഞ്ചാലിക്കും, സപ്തവർണ്ണങ്ങൾക്കും, സുപ്രിയട്ടീച്ചർക്കും നന്ദി. ഇല്ലിക്കൽ കല്ലും, കീഴാർ കുത്തും പ്രത്യേകമായി നോട്ട് ചെയ്തിട്ടുണ്ട്.

രസതന്ത്രം കണ്ടിട്ട് ഞാനും കണ്ണുമിഴിച്ചിരുന്നിട്ടുണ്ട്. അതിലെയൊക്കെ ചുമ്മാ ഒന്ന് കറങ്ങിനടന്നാലും മതീന്ന് തോന്നിപ്പോയിട്ടുണ്ട്.

സുപ്രിയട്ടീച്ചർ പേടിക്കണ്ട. എനിക്കങ്ങനെ ജലസേജനത്തിന്റെ പ്രശ്നങ്ങളൊന്നുമില്ല :) വിമാ‍നത്തിൽ കയറുമ്പോൾ മാത്രമാണ് ടർബുലൻസിനെ പേടിച്ച് ഞാൻ ജലസേചനം നടത്താറ്.അല്ലാത്തപ്പോളൊക്കെ പച്ചമനുഷ്യനാ....:):) പിന്നെ ബ്ലോഗിൽ വന്ന് ഇതുപോലെ വീരവാദമടിക്കും. പൊണ്ടാട്ടീനോടും ഇടയ്ക്കിടയ്ക്ക് കെട്ടുതാലി വിറ്റ് ജലസേചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തും :):) ഒക്കെ ഒരു രസമല്ലേ? :)

എന്നാലും ആ ഒരടി വീതിയിലൂടെ പാറയെ അള്ളിപ്പിടിച്ച് മറുവശത്തേക്ക് കടന്നുപോകണമെന്ന് കേട്ടപ്പോൾ ചങ്കൊന്ന് പിടച്ചു. പോകുന്നതിന് കുഴപ്പമൊന്നുമില്ല, പക്ഷെ അതിനിടയിൽ പടമെങ്ങിനെയെടുക്കും ? ങാ..വരുന്നിടത്ത്ത് വെച്ച് കാണാം.

ഹരീഷേ..ഇന്ന് വൈകീട്ട് വരെ ഞാൻ തിരക്കിലാ. പൊണ്ടാട്ടീനെ വൈകീട്ടത്തെ ബീമാനത്തീല് നാടുകടത്തണം:):)അതുകഴിഞ്ഞാൽ ഒരുമാസം ഞാനിവിടുണ്ട്. എപ്പോൾ വേണമെങ്കിലും എന്റെ വിളി പ്രതീക്ഷിക്കാം.

നാട്ടുകാരന്‍ February 9, 2009 at 2:10 AM  

നന്നായിട്ടുണ്ട് .......
വളരെയധികം തൊടുപുഴക്കാര്‍ ബൂലോഗത്ത്‌ ഉണ്ടെന്നു ഇന്നാണ് മനസിലായത് .....
ഞാനും ഒരു തൊടുപുഴക്കാരനാണ്.......
എന്റെ ഒരമ്മാവന്റെ വീട് ഈ പാലത്തിനടുത്താണ്...
മുന്പ് ഇവിടെ ഒരു തൂക്കുപാലം ആയിരുന്നു....എന്റെ കുട്ടിക്കാലത്ത് ഇരുന്നു നിരങ്ങിയാണ് ഈ പാലം കടന്നിരുന്നത് !
ഞാനും ചില ഫോട്ടോകള്‍ ഇവിടെ ഇട്ടിട്ടുണ്ട് ...... സമയമുണ്ടെങ്കില്‍ വന്നു നോക്കാം.
ആദം സ്റ്റാര്‍റിലെ ഏത് ഷോപ്പ് ആണ് ?

തകര്‍പ്പന്‍ February 9, 2009 at 8:13 AM  

ഹരീഷ്, ചിത്രം നന്നായിട്ടുണ്ട്. ഞാനും അതിനടുത്താണ്. മൂലമറ്റത്ത്.
സുപ്രിയ പറഞ്ഞത് ശരി. എത്താന്‍ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും ഇല്ലിക്കല്‍കല്ലില്‍ എത്തിക്കഴിയുന്പോ നടപ്പിന്റെ വിഷമമെല്ലാം മറന്നുപോകും.

എന്തുമാത്രം തൊടുപുഴക്കാര്‍. ഇവരെല്ലാം എവിടെയായിരുന്നു ഇത്രയും കാലം? തൊടുപുഴക്കാരുടെ ഒരു ബ്ലോഗ് മീറ്റ് തൊടുപുഴയില്‍ സംഘടിപ്പിക്കാന്‍ പറ്റുമെന്നു തോന്നുന്നല്ലോ...

എല്ലാ തൊടുപുഴക്കാര്‍ക്കും ആശംസകള്‍...

ശ്രീനാഥ്‌ | അഹം February 9, 2009 at 9:31 AM  

ഓ.. അപ്പോ ആ പാലമാണ്‍് ഐ പാലം...

:)

വിജയലക്ഷ്മി February 9, 2009 at 10:05 PM  

ee paalam puthiya arivaanu..nalla vivaranavum..

Sankar September 15, 2009 at 6:08 PM  

ഈ പാലം ഞങള്‍ ഒരിക്കലും മറക്കില്ല.
മുട്ടത്തു പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഇടയ്ക്കു അത് വഴി വരാറുണ്ടായിരുന്നു.
അപ്പുറത്തെ ഷാപ്പ്‌ കൊല്ലം.
നല്ല അടിപൊളി മീന്‍ കിട്ടും അവിടെ.
അവസാനമായി വന്നത് ഞങളുടെ സീനിയര്‍ വീക്ക്‌ ഇന്റെ സമയത്ത് ആയിരുന്നു.

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP