Sunday, January 18, 2009

മനുഷ്യപുത്രന്‍



തലയ്ക്കുമീതേ ശൂന്യാകാശം...
താഴേയും മരുഭൂമീ...
[ഇവിടെ മരുഭൂമിയൊന്നുമല്ലാട്ടോ; നല്ല കൊക്കയാ..]
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍..
ദാഹജലം തരുമോ.... ദാഹജലം തരുമോ....
[പിന്നേ; ദാഹജലമല്ലേ, ഒരൊന്നര വാങ്ങിച്ചുതരാമെന്നു പറഞ്ഞതുകൊണ്ടാ ഈ പൊരി വെയിലത്ത് പാറപ്പുറത്ത് കയറി പോസു ചെയ്ത് ഇരുന്നത്...]

Monday, January 12, 2009

എന്തിരെടേയ് ഈ കാട്ടണത്??

എന്തിരണ്ണാ ഇങ്ങനെ നോക്കി നിന്ന് കണ്ണിറക്കിക്കാണിക്കണത്...
വീട്ടിലമ്മേം പെങ്ങമ്മാരുമൊന്നുമില്ലേടേയ്...
ഒന്നു വെയില്‍ കായാനും സമ്മതിക്കൂല, പൂവാലന്മാര്...
ഒന്നു പോടേയ്...

Sunday, January 11, 2009

ഇലവീഴാപൂഞ്ചിറ

ആരണ്യവാസകാലഘട്ടത്തിനിടയിലെപ്പോഴോ പഞ്ചപാണ്ഡവന്മാരും, അവരുടെ പത്നിയായ പാഞ്ചാലിയും ഈ പുല്‍മേട്ടിലെത്തുകയുണ്ടായി. ആ കാലഘട്ടത്തില്‍ പാഞ്ചാലി ഇവിടെയുള്ള ഒരു ചോലയില്‍ നീരാടിയിരുന്നുവെന്നും, ആ ചോല ഉള്‍പ്പെട്ട പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് ‘ഇലവീഴാപൂഞ്ചിറ’ എന്ന പേര്‍ ലഭിച്ചതെന്നും ഐതീഹ്യം!!! ഇതിനോടനുബന്ധിച്ച് ഒരു ക്ഷേത്രം കൂടി താഴ്വാരത്തില്‍ കുടികൊള്ളുന്നുണ്ടെന്നും പറയപ്പെടുന്നു.

തൊടുപുഴയില്‍ നിന്നും മൂലമറ്റം വഴി സഞ്ചരിച്ച് കൂടയത്തൂര്‍ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കി.മീ. യോളം യാത്ര ചെയ്താല്‍ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ്കേന്ദ്രത്തിലെത്താം. 6 കി.മീ യോളമുള്ള റോഡ് ടാര്‍ ചെയ്തവയാണ്. വീതി കുറഞ്ഞതും അപകടകരമായ ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞതുമാണീ വഴി. 6 കി.മീ താണ്ടിയെത്തി ഒരു കിലോമീറ്റെറോളം കല്ലും, മണ്ണും, കയറ്റവും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് മലയുടെ ഉച്ചിയിലെത്താം. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കുള്ളതാണീ പ്രദേശം.







കുന്നിന്മുകളിലേക്കുള്ള യാത്രയില്‍ ഏറ്റവും ആകര്‍ഷണീയമായ ഒരു കാഴ്ചയാണ്, അകലെ മാമലകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന ഈ കാഴ്ച!!!



താഴ്വാരത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞാര്‍, അറക്കുളം ടൌണുകളും; കാഞ്ഞാര്‍ പുഴയും അതിനു കുറുകേയുള്ള പാലവും നല്ലൊരു മനോഹരമായ കാഴ്ച നമുക്ക് പ്രദാനം ചെയ്യുന്നു.



അറക്കുളത്തെ പ്രസിദ്ധമായ st.ജോസെഫ് കോളേജും നമുക്ക് ദര്‍ശിക്കാനാകുന്നു.



കുന്നിന്‍ മുകളില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ടായിരുന്നെങ്കിലും അത് അടഞ്ഞ നിലയിലായിരുന്നു. ഇവിടെ ഒരു ചെറിയ ചായപ്പീടിക ഉണ്ടായിരുന്നെങ്കിലും അതും പൊളിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. നട്ടുച്ചസമയം കഴിഞ്ഞതിനാലാവണം സഞ്ചാരികളും വിരലിലെണ്ണാനുള്ളവരേ ഉണ്ടായിരുന്നുള്ളൂ. നല്ല ചൂടുണ്ടായിരുന്നതിനാല്‍ ഞാനും, എന്റെ കൂട്ടുകാരും ഒരു പാ‍റപ്പുറത്തിന്റെ മറവില്‍ കിടന്നു. നല്ല ഇളം കാറ്റടിക്കുന്നുണ്ടയിരുന്നു. വെയിലിന്റെ കാഠിന്യം കൂടിയതിനാലാവണം സസ്യജാലങ്ങളെല്ലാം ഉണങ്ങിക്കരിയാന്‍ തുടങ്ങിയിരുന്നു. ഇങ്ങേമലയില്‍ നിന്നും വിളിച്ചുപറയുന്നതിന്റെ പ്രതിധ്വനി അങ്ങേമലയില്‍ തട്ടി തിരിച്ചുവരുന്നുണ്ടായിരുന്നു. കുറേ നാളുകള്‍ക്കുശേഷം ഞാനും ആര്‍മാദിച്ച് ഒന്നു ‘കൂവു’കയുണ്ടായി!!! എന്തു രസം!!!










അകലെ മറ്റൊരു മലയില്‍ പോലീസിന്റെ ഒരു വയലെസ്സ് സ്റ്റേഷന്‍ കാണാമായിരുന്നു. മേലുകാവില്‍ നിന്നും വരുന്ന വഴിക്കാണ് അത് സ്ഥിതിചെയ്തിരുന്നത്. കഴിഞ്ഞതവണ എന്റെ കൂടെയുള്ള ഒരാള്‍ വന്നപ്പോള്‍ ദാഹശമനത്തിനുവേണ്ടി സമീപിച്ചത് അവരുടെ അടുത്തായിരുന്നു. കാരണം ഒരു തുള്ളിവെള്ളം കിട്ടാനുള്ള സ്കോപ്പ് ഇവിടെയില്ല. പച്ചാളത്തിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചേടത്തിയുടെ പൊടിപോലുമില്ല!!!



താഴെ താഴ്വാരത്തിനിന്നും തമിഴന്മാര്‍ ഈറ്റ വെട്ടി ചുമടേന്തി കയറിവരുന്നത് കാണാമായിരുന്നു. ഇതും കൊണ്ടവരുടെ പെണ്ണുങ്ങള്‍ കുട്ടയുണ്ടാക്കി വില്‍ക്കും..



ഇതു കണ്ടോ, ഒരു സുന്ദരിക്കുട്ടി!!! ഇവളുടെ പേരറിയാമോ ആര്‍ക്കെങ്കിലും?
ഞാന്‍ ഒരു കമ്പ് ഒടിച്ച് കൊണ്ടുവന്ന് പറമ്പില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്..



ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കായുള്ളതാണീ പ്രദേശം. എന്റെ അഭിപ്രായത്തില്‍, ഇവിടെ വരുമ്പോള്‍ ഏകദേശം നാലുമണിയോടടുത്ത് വരണം. ഭക്ഷണവും, കുടിവെള്ളവും കരുതണം. ഒരു ടെന്റ് കൂടിയുണ്ടെങ്കില്‍ രാത്രി, കുറച്ച് തീയൊക്കെ കൂട്ടി, രണ്ടുമൂന്നു കോഴിയെ നിറുത്തിപ്പൊരിച്ച്, കുറച്ച് സ്വയമ്പനും അകത്താക്കി, ആഹ്ലാദിച്ച് നൃത്തമാടി, ഇളം കാറ്റേറ്റ് പാറപ്പുറത്തു വിശാലമായി കിടന്നുറങ്ങി... ബാലഭാസ്കരന്റെ ഉദയവും കണ്ട് തിരിച്ചിറങ്ങാം. ഇതൊക്കെ അനുവദനീയമാണോ എന്ന് അറിയില്ല കെട്ടോ!!!






സത്യത്തില്‍ ഈ യാത്ര പൂര്‍ണ്ണമാണോ എന്നു ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. ഈ മലമുകളില്‍ എത്തുമ്പോഴേക്കും പരിപ്പിളകും. അതുകൊണ്ട് കൂടുതല്‍ ചുറ്റിയടിച്ചില്ല.
ഏതായാലും ഒരിക്കല്‍ക്കൂടി പോകണം ഇലവീഴാപൂന്ചിറയിലേക്ക്. കുറച്ചുകൂടി കരുതലോടു കൂടി. ആ അമ്പലമൊന്നു കാണണം, പാഞ്ചാലി സ്നാനംചെയ്ത ആ കുളവും.. പിന്നെ ഈ മലകളുടെയെല്ലാം ഉച്ചിയിലൊന്നു കയറുകയും ചെയ്യണം...

പച്ചാളത്തിന്റെ ഇലവീഴപൂഞ്ചിറയേപറ്റിയുള്ള പോസ്റ്റ് ഇവിടെയുണ്ട്

Wednesday, January 7, 2009

കുമരകം കാഴ്ചകള്‍!!!

വേമ്പനാട്ട് കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളുടെ സമൂഹമാണ് കുമരകം. പ്രസിദ്ധിയാര്‍ജിച്ച വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. സ്വദേശികളും, വിദേശികളുമായ സഞ്ചാരികള്‍ നിത്യേന ഇവിടെ സന്ദര്‍ശിക്കുന്നു. നെല്ല്, തേങ്ങ എന്നിവ ഇവിടെ സമ്രുദ്ധിയായി വിളയുന്നു. കണ്ടല്‍കാടുകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണിവിടം. കരിമീന്‍,ചെമ്മീന്‍, കക്ക എന്നിവയും സുലഭമായി ഇവിടെ കാണപ്പെടുന്നു. ദേശാടനപക്ഷികള്‍ കൂട്ടംകൂട്ടമായി വിരുന്നുവരുന്ന ഈ പ്രദേശം, പക്ഷിഗവേഷകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഒരു മ്യൂസിയം കൂടി ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

കുമരകം; സഞ്ചാരികളുടെ പറുദീസ!! വേമ്പനാട്ട് കായലിലെ കുഞ്ഞലകളെ തഴുകി ഉണര്‍ത്തി സംഗീതസാന്ദ്രമായ ഒരു സവാരി!!
ആ സ്വപ്നവുമായി ഞങ്ങള്‍ ആറുപേര്‍; കഴിഞ്ഞ ഞായറാഴ്ചയിലെ തണുത്തവെളുപ്പാന്‍കാലത്ത് കോട്ടയത്തേക്ക് യാത്ര തിരിച്ചു.
ബേക്കറി ജംഗ്ഷനില്‍നിന്നും 16 കിലോമീറ്റെറോളം യാതചെയ്ത് ഉച്ചയോടെ കുമരകത്തെത്തി. അവിടെ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റെറോളം സഞ്ചരിച്ച് താജ് ഹോട്ടെല്‍, KTDC, മ്യൂസിയം, പക്ഷിഗവേഷണസങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന ‘കവണാറ്റിങ്കര’യിലെത്തിച്ചേരുകയും, അവിടെനിന്ന് എഞ്ചിന്‍ പിടിപ്പിച്ച ഒരു വള്ളം തരപ്പെടുത്തുകയും ചെയ്തു.
മണിക്കൂറിന് മുന്നൂറു രൂപായായിരുന്നു അതിന്റെ ചാര്‍ജ്.





മോട്ടോര്‍ബോട്ട്, ഹൌസ്ബോട്ട് എന്നിവയ്ക്ക് മണിക്കൂറിന് യഥാക്രമം 400, 1500 ആയിരുന്നു ചാര്‍ജ്. സീസണ്‍ ഔട്ട് ആകുമ്പോള്‍ ഇതിലും ചാര്‍ജ് താഴ്ത്തി ഹൌസ്ബോട്ടുകള്‍ തരപ്പെടുത്തിതരാമെന്ന് ഞങ്ങളുടെ വള്ളത്തിന്റെ ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.







കവണാറ്റിങ്കരയുടെ കനാല്‍തോട്ടില്‍നിന്നും രസകരവും, സാഹസികവുമായ ആ യാത്ര ഞങ്ങള്‍ ആരംഭിച്ചു. യാത്രയിലുടനീളം പലവിധകമ്പനികളുടെ വള്ളം, മോട്ടോര്‍ബോട്ട്, ഹൌസ്ബോട്ട്, സ്പീഡ്ബോട്ട് എന്നിവ സഞ്ചാരികളുമായി നീങ്ങുന്നത് കാണാമായിരുന്നു. അതില്‍ വാരാന്ത്യം ആഘോഷിക്കാനെത്തിയ സ്വദേശികളും, വിദേശികളുമായ സഞ്ചാരപ്രിയര്‍ ആര്‍ത്തുല്ലസിക്കുന്നുണ്ടായിരുന്നു.













ഇതാണ് ഞങ്ങള്‍ സഞ്ചരിച്ച വള്ളത്തിന്റെ ഉള്‍ഭാഗം. മറ്റുള്ളവയേക്കാള്‍ കാഴ്ചകള്‍ കണ്ടാസ്വദിക്കുവാന്‍ സൌകര്യപ്രദം ഈ വള്ളത്തിനു തന്നെയാണെന്നെനിക്കു തോന്നുന്നു.




ഇവന്‍ പുലിയാണ് ട്ടോ!! ഇതു ഓടിക്കുന്ന ഹിപ്പിയെ കണ്ടില്ലേ; അവനൊരു പുപ്പുലിയാണ് ട്ടോ!!




അങ്ങനെ കനാലിലൂടെ കുറച്ചു ദൂരം സഞ്ചരിച്ച് ഞങ്ങള്‍ വേമ്പനാട്ട് കായലോരത്ത് എത്തിച്ചേര്‍ന്നു.




പോകുന്നവഴിയില്‍, സഞ്ചാരികളെ ഹാര്‍ദ്ദമായി സ്വീകരിക്കാനൊരുങ്ങിയിരിക്കുന്ന സുന്ദരികളായ കോട്ടേജുകളെ കാണാമായിരുന്നു.







ഇതില്‍ ഒരു സ്യൂട്ടിന് ഒരു ദിവസത്തേക്ക് 20,000/- രൂപയാകുമെന്നാണ് ഡ്രൈവെര്‍ പറഞ്ഞത്!!!




സമയം ഒന്നയോടടുത്തിരുന്നു. എല്ലാവര്‍ക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. കായലിന്റെ ഓരത്തുള്ള [അതോ ദ്വീപോ] ഒരു ഭക്ഷണശാലയില്‍ കയറുകയും, വിഭവസമൃദ്ധമായ ഊണ് കഴിക്കുകയും ചെയ്തു. കുമരകത്തിന്റെ തനതു മത്സ്യഭക്ഷണമായ കരിമീന്‍ ആയിരുന്നു ഞങ്ങളുടെ സ്പെഷ്യല്‍; കൂടെ പൊടിമീനും!! അവിയല്‍ മാത്രം അത്ര പോരാ; കപ്പപ്പുഴുക്കുമാതിരി ഇരിക്കുന്നു..




ഇതു മീന്റെ സൈസ് കാണിക്കാന്‍ കൊണ്ടുവച്ചതാണ് ട്ടോ!!
പച്ചമീനാണേ; കൊതിപിടിക്കേണ്ട..




ഭക്ഷണശേഷം തണ്ണീര്‍മുക്കം ബണ്ട് ലക്ഷ്യമാക്കി യാത്രതുടങ്ങി. യാത്രയിലുടനീളം ആഫിക്കന്‍പായല്‍ കെട്ടിക്കിടക്കുന്നത് കാണാമായിരുന്നു.




കൂടെ വിവിധയിനം പക്ഷികളെയും കാണാമായിരുന്നു. പായലുകള്‍ ജലാശയത്തിന്റെ ഉപരിഭാഗത്ത് പൊങ്ങികിടക്കുകയാണ്. അതായത് ഇതിന്റെ വേര് ഉപരിഭാഗത്തിനുതൊട്ടടിയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. കാറ്റിന്റെ ദിശക്കനുസ്രുതമായി സായാഹ്നത്തോടെ അവ കരക്കടിയുകയും, പ്രഭാതത്തില്‍ കായലിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. കായലും, കടലും കൂടിച്ചേരുന മുഹമ്മയിലെ ഷട്ടറുകള്‍ തുറക്കുന്നസമയത്ത്, കടലിലെ ഉപ്പുവെള്ളം കായലില്‍ പ്രവേശിക്കുമ്പോഴേ ഇവ നശിച്ചുപോകാറുള്ളൂ.




ഇതു കണ്ടോ; പായല്‍ പൂവ്!! ഭംഗീണ്ട് ല്ലേ..













ഞങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിനോടടുത്തുകൊണ്ടിരുന്നു. ഒരു സൈഡിലായി തെങ്ങിന്‍തോപ്പുകള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതുകാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു.




തണ്ണീര്‍മുക്കം ബണ്ട് അടുക്കുന്നതുനിമുന്‍പായി, വലത്തുവശത്തെ കരയോടുചേര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ചീനവലകള്‍ വിരിച്ചിരിക്കുന്നത് കാണാമായിരുന്നു.



രാത്രിയാകുമ്പോള്‍ ഈ വലകളിട്ടിരിക്കുന്ന ഭാഗത്തുഘടിപ്പിച്ചിരിക്കുന്ന ചുവന്ന ലൈറ്റുകള്‍ പ്രകാശിക്കുകയും; ഇതു കണ്ട് മീനുകള്‍ കൂട്ടത്തോടെ വലയിലേക്ക് ആകര്‍ഷിക്കപ്പെടുകയും, ഇതില്‍ അകപ്പെടുകയും ചെയ്യുന്നു.
പാവം മീനുകള്‍!!!

ബണ്ടിന്റെ നിര്‍മാണത്തോടുകൂടി കായലിലേക്ക് കടലിന്റെ സമ്പര്‍ക്കമില്ലാത്തതിനാല്‍ ; ഉപ്പുകല്ര്ന്ന ജലാംശത്തിന്റെ അഭാവം നിമിത്തം മത്സ്യസമ്പത്തിന് ഒരളവുവരെ കുറവുസംഭവിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഉപ്പുകലര്‍ന്ന ജലാംശത്തിലാണത്രേ മത്സ്യങ്ങളൂടെ പ്രജജനം കൂടുതല്‍ നടക്കുക!!!



ഇതാണ് തണ്ണീര്‍മുക്കം ബണ്ട്. ഉപ്പുവെള്ളം കയറി കൃഷികള്‍ നശിക്കാതിരിക്കാനായിരുന്നു, കായലിനേയും കടലിനേയും വേര്‍തിരിക്കാന്‍ ഈ ബണ്ട് നിര്‍മിച്ചതത്രേ.



ഇതിന്റെ ഷട്ടറുകള്‍ ഡിസംബറില്‍ താഴ്ത്തുകയും, മേയ്മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു..



കണ്ടോ; ആകാശനീലിമയും, കായല്‍നീലിമയും ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്!!!
റോഡ് മാര്‍ഗ്ഗം വലത്തുവശത്തേക്ക് കോട്ടയത്തിനും, ഇടത്തേക്ക് ആലപ്പുഴക്കും പോകാം...



അവിടെനിന്നും നടുക്കായലിലൂടെയാണ് പാതിരാമണലിലേക്ക് യാത്രതിരിച്ചത്.
ഇരുവശത്തേക്കുള്ള കരകളും നോക്കത്താദൂരത്തായിരുന്നു...



അങ്ങകലെ ഒരു ഹൌസ്ബോട്ട് നങ്കൂരമിട്ടുകിടക്കുന്നത് കണ്ടോ?
‘ആഴക്കടലില് എന്തിരണ്ണാ പരിപാടികള്’
നമ്മള്‍ ഊഹിക്കുന്നതിനുമപ്പുറത്ത് പലകളികളും ഈ നടുക്കായലില്‍ നടക്കുന്നുണ്ടെന്നാണ് ഡ്രൈവെര്‍ സാബ് പറഞ്ഞുതന്നത്;
മിണ്ടാതെ കാണാത്തഭാവംവെച്ചു കടന്നുപോകുക... അത്രന്നേ.



നടുക്കായലില്‍, ഒരു കൊച്ചുവള്ളത്തില്‍ വലയെറിയുന്ന മുക്കുവനെ കണ്ടോ?
ഈ ചേട്ടന്‍ പുലിയാണ് കെട്ടോ!!
എന്തൊരു ധൈര്യം!!
എന്റമ്മോ!!



ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ കൂറ്റന്‍ ബോട്ട്; 15 ടണ്‍ കക്കയും വഹിച്ചാണതിന്റെ യാത്ര...



അങ്ങൈനെ ഞങ്ങള്‍ പാതിരാമണല്‍ ദ്വീപിലെത്തി. അകലെ കുമരകം ബോട്ടപകടം നടന്ന സ്ഥലം നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ ചൂണ്ടിക്കാണിച്ചുതന്നു. ഒരു നിമിഷം വീട്ടുകാരെ ഓര്‍ത്തപ്പോള്‍, ഞങ്ങളിലെല്ലാവര്‍ക്കും മനസ്സില്‍ അകാരണമായ ഒരു ഭീതി പടര്‍ന്നു.
അതിമനോഹരമാണെങ്കിലും, ഈ ആഴക്കായലില്‍ മുങ്ങിപ്പോയാല്‍ എത്ര നീന്തല്‍ വിദഗ്ധന്‍ ആണെങ്കിലും, ജീവനോടെ തിരിച്ചു കിട്ടുകയില്ല. പിന്നല്ലേ നീന്തലിന്റെ ബാലപാഠം പോലുമറിയാത്ത ഞാന്‍!!!
എന്റെ അടുത്തിരുന്ന നാസര്‍ക്കാ അള്ളാഹുവിനെ വിളിച്ച് ആത്മഗതം പ്രകടിപ്പിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു...

നൂറുകണക്കിന് ദേശാടനപക്ഷികളുടെ വാസസ്ഥലമാണ് 100 ഏക്കറോളം വ്യപിച്ചുകിടക്കുന്ന ഈ കാട്. കുമരകം-മുഹമ്മ ജലപാതയിലാണീ ദ്വീപ്. ധാരാളം വൃക്ഷലതാദികള്‍ തിങ്ങിനിറഞ്ഞു വളരുന്ന പ്രദേശമാണിവിടം. ഇതിന്റെ ഉള്ളില്‍ ഒരു ലക്ഷ്മീദേവീക്ഷേത്രം സ്ഥിതിചെയ്യുനുണ്ട്. SNDP യുടെ വകയാണീ ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ പൂജ നടത്താറുണ്ടിവിടെ.
70 ഓളം കുടുംബങ്ങള്‍ ഇവിടെ വസിക്കുന്നുമുണ്ട്. മീന്‍ പിടുത്തമാണ് അവരുടെ പ്രധാന തൊഴില്‍. ഇപ്പോള്‍ KTDC ഏറ്റെടുത്തിരിക്കുന്ന ഈ പ്രദേശത്തുനിന്ന് കുറച്ചു കുടുംബക്കാരെ കുടിഒഴിപ്പിച്ചിട്ടുണ്ട്. അവരെ മറുകരയില്‍ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.




ഇതാണ് കണ്ടല്‍ചെടി.
ഈ ചെടിയുടെ പ്രത്യേകത എന്താണെന്നറിയേണ്ടെ...
കണ്ടല്‍ക്കാടുകള്‍ കടല്‍ഭിത്തിക്കു തുല്യമാണ്!!!



പാതിരാമണല്‍ക്കാഴ്ചള്‍ ആസ്വദിച്ചതിനുശേഷം തിരികെ യാത്ര തുടങ്ങി. ബോട്ടിന്റെ സീറ്റിങ്ങ് കപ്പാസിറ്റി കൃത്യമാണോ എന്നറിയാന്‍ സ്പീഡ്ബോട്ടില്‍ പോലീസുകാര്‍ പട്രൊളിങ്ങ് അടിക്കുന്നുണ്ടായിരുന്നു. കുമരകം ദുരന്തത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ അലയടിച്ചിരുന്നുവെങ്കിലും, ഞങ്ങളെല്ലാവര്‍ക്കും മറക്കാനാവാത്ത, പുതുമനിറഞ്ഞ, ആവേശഭരിതമായ യാത്രയായിരുന്നു ഇത്..
കായലിലെ മന്ദമാരുതന്റെ തഴുകലേറ്റ് വള്ളത്തിന്റെ സീറ്റില്‍ ചാരിക്കിടക്കുമ്പോള്‍ ഞാനോര്‍ത്തിരുന്നത്, എന്റെ ജീവിതത്തിലെ അതിസുന്ദരമായ ഈ യാത്രയേപറ്റിയായിരുന്നു...




അകലെ; സൂര്യതേജസ്സ് തന്റെ അന്നത്തെ കൃത്യനിര്‍വഹണശേഷം ഞങ്ങളോട് വിടപറഞ്ഞ് കായലിന്റെ അഗാധതയിലേക്ക് മുങ്ങാംകുഴിയിടാന്‍ തുടങ്ങിയിരുന്നു.




നല്ലൊരു ഉത്സവപ്രതീതിയും, പുത്തനുണര്‍വും സമ്മാനിച്ച ഈ യാത്രാനുഭവം കരയ്ക്കടുത്തിട്ടും ഞങ്ങള്‍ക്കാര്‍ക്കും മറക്കുവാന്‍ കഴിഞ്ഞിരുന്നില്ല. സമയപരിമിതിമൂലം മ്യൂസിയവും, പക്ഷിസങ്കേതവും കാണാന്‍ സാധിച്ചിലെങ്കിലും ഇനിയും വരാമെന്ന അതിയായ ആഗ്രഹത്തോടെ, സംതൃപ്തി നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ ആ തീരത്തോട് വിട ചൊല്ലി...
ഈ മലയാളനാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞ ഭാഗ്യത്തിന് ദൈവത്തോടുള്ള നന്ദിയോടെയും; അഭിമാനത്തോടു കൂടിയും...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP