Wednesday, January 7, 2009

കുമരകം കാഴ്ചകള്‍!!!

വേമ്പനാട്ട് കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളുടെ സമൂഹമാണ് കുമരകം. പ്രസിദ്ധിയാര്‍ജിച്ച വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. സ്വദേശികളും, വിദേശികളുമായ സഞ്ചാരികള്‍ നിത്യേന ഇവിടെ സന്ദര്‍ശിക്കുന്നു. നെല്ല്, തേങ്ങ എന്നിവ ഇവിടെ സമ്രുദ്ധിയായി വിളയുന്നു. കണ്ടല്‍കാടുകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണിവിടം. കരിമീന്‍,ചെമ്മീന്‍, കക്ക എന്നിവയും സുലഭമായി ഇവിടെ കാണപ്പെടുന്നു. ദേശാടനപക്ഷികള്‍ കൂട്ടംകൂട്ടമായി വിരുന്നുവരുന്ന ഈ പ്രദേശം, പക്ഷിഗവേഷകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഒരു മ്യൂസിയം കൂടി ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

കുമരകം; സഞ്ചാരികളുടെ പറുദീസ!! വേമ്പനാട്ട് കായലിലെ കുഞ്ഞലകളെ തഴുകി ഉണര്‍ത്തി സംഗീതസാന്ദ്രമായ ഒരു സവാരി!!
ആ സ്വപ്നവുമായി ഞങ്ങള്‍ ആറുപേര്‍; കഴിഞ്ഞ ഞായറാഴ്ചയിലെ തണുത്തവെളുപ്പാന്‍കാലത്ത് കോട്ടയത്തേക്ക് യാത്ര തിരിച്ചു.
ബേക്കറി ജംഗ്ഷനില്‍നിന്നും 16 കിലോമീറ്റെറോളം യാതചെയ്ത് ഉച്ചയോടെ കുമരകത്തെത്തി. അവിടെ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റെറോളം സഞ്ചരിച്ച് താജ് ഹോട്ടെല്‍, KTDC, മ്യൂസിയം, പക്ഷിഗവേഷണസങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന ‘കവണാറ്റിങ്കര’യിലെത്തിച്ചേരുകയും, അവിടെനിന്ന് എഞ്ചിന്‍ പിടിപ്പിച്ച ഒരു വള്ളം തരപ്പെടുത്തുകയും ചെയ്തു.
മണിക്കൂറിന് മുന്നൂറു രൂപായായിരുന്നു അതിന്റെ ചാര്‍ജ്.





മോട്ടോര്‍ബോട്ട്, ഹൌസ്ബോട്ട് എന്നിവയ്ക്ക് മണിക്കൂറിന് യഥാക്രമം 400, 1500 ആയിരുന്നു ചാര്‍ജ്. സീസണ്‍ ഔട്ട് ആകുമ്പോള്‍ ഇതിലും ചാര്‍ജ് താഴ്ത്തി ഹൌസ്ബോട്ടുകള്‍ തരപ്പെടുത്തിതരാമെന്ന് ഞങ്ങളുടെ വള്ളത്തിന്റെ ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.







കവണാറ്റിങ്കരയുടെ കനാല്‍തോട്ടില്‍നിന്നും രസകരവും, സാഹസികവുമായ ആ യാത്ര ഞങ്ങള്‍ ആരംഭിച്ചു. യാത്രയിലുടനീളം പലവിധകമ്പനികളുടെ വള്ളം, മോട്ടോര്‍ബോട്ട്, ഹൌസ്ബോട്ട്, സ്പീഡ്ബോട്ട് എന്നിവ സഞ്ചാരികളുമായി നീങ്ങുന്നത് കാണാമായിരുന്നു. അതില്‍ വാരാന്ത്യം ആഘോഷിക്കാനെത്തിയ സ്വദേശികളും, വിദേശികളുമായ സഞ്ചാരപ്രിയര്‍ ആര്‍ത്തുല്ലസിക്കുന്നുണ്ടായിരുന്നു.













ഇതാണ് ഞങ്ങള്‍ സഞ്ചരിച്ച വള്ളത്തിന്റെ ഉള്‍ഭാഗം. മറ്റുള്ളവയേക്കാള്‍ കാഴ്ചകള്‍ കണ്ടാസ്വദിക്കുവാന്‍ സൌകര്യപ്രദം ഈ വള്ളത്തിനു തന്നെയാണെന്നെനിക്കു തോന്നുന്നു.




ഇവന്‍ പുലിയാണ് ട്ടോ!! ഇതു ഓടിക്കുന്ന ഹിപ്പിയെ കണ്ടില്ലേ; അവനൊരു പുപ്പുലിയാണ് ട്ടോ!!




അങ്ങനെ കനാലിലൂടെ കുറച്ചു ദൂരം സഞ്ചരിച്ച് ഞങ്ങള്‍ വേമ്പനാട്ട് കായലോരത്ത് എത്തിച്ചേര്‍ന്നു.




പോകുന്നവഴിയില്‍, സഞ്ചാരികളെ ഹാര്‍ദ്ദമായി സ്വീകരിക്കാനൊരുങ്ങിയിരിക്കുന്ന സുന്ദരികളായ കോട്ടേജുകളെ കാണാമായിരുന്നു.







ഇതില്‍ ഒരു സ്യൂട്ടിന് ഒരു ദിവസത്തേക്ക് 20,000/- രൂപയാകുമെന്നാണ് ഡ്രൈവെര്‍ പറഞ്ഞത്!!!




സമയം ഒന്നയോടടുത്തിരുന്നു. എല്ലാവര്‍ക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. കായലിന്റെ ഓരത്തുള്ള [അതോ ദ്വീപോ] ഒരു ഭക്ഷണശാലയില്‍ കയറുകയും, വിഭവസമൃദ്ധമായ ഊണ് കഴിക്കുകയും ചെയ്തു. കുമരകത്തിന്റെ തനതു മത്സ്യഭക്ഷണമായ കരിമീന്‍ ആയിരുന്നു ഞങ്ങളുടെ സ്പെഷ്യല്‍; കൂടെ പൊടിമീനും!! അവിയല്‍ മാത്രം അത്ര പോരാ; കപ്പപ്പുഴുക്കുമാതിരി ഇരിക്കുന്നു..




ഇതു മീന്റെ സൈസ് കാണിക്കാന്‍ കൊണ്ടുവച്ചതാണ് ട്ടോ!!
പച്ചമീനാണേ; കൊതിപിടിക്കേണ്ട..




ഭക്ഷണശേഷം തണ്ണീര്‍മുക്കം ബണ്ട് ലക്ഷ്യമാക്കി യാത്രതുടങ്ങി. യാത്രയിലുടനീളം ആഫിക്കന്‍പായല്‍ കെട്ടിക്കിടക്കുന്നത് കാണാമായിരുന്നു.




കൂടെ വിവിധയിനം പക്ഷികളെയും കാണാമായിരുന്നു. പായലുകള്‍ ജലാശയത്തിന്റെ ഉപരിഭാഗത്ത് പൊങ്ങികിടക്കുകയാണ്. അതായത് ഇതിന്റെ വേര് ഉപരിഭാഗത്തിനുതൊട്ടടിയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. കാറ്റിന്റെ ദിശക്കനുസ്രുതമായി സായാഹ്നത്തോടെ അവ കരക്കടിയുകയും, പ്രഭാതത്തില്‍ കായലിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. കായലും, കടലും കൂടിച്ചേരുന മുഹമ്മയിലെ ഷട്ടറുകള്‍ തുറക്കുന്നസമയത്ത്, കടലിലെ ഉപ്പുവെള്ളം കായലില്‍ പ്രവേശിക്കുമ്പോഴേ ഇവ നശിച്ചുപോകാറുള്ളൂ.




ഇതു കണ്ടോ; പായല്‍ പൂവ്!! ഭംഗീണ്ട് ല്ലേ..













ഞങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിനോടടുത്തുകൊണ്ടിരുന്നു. ഒരു സൈഡിലായി തെങ്ങിന്‍തോപ്പുകള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതുകാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു.




തണ്ണീര്‍മുക്കം ബണ്ട് അടുക്കുന്നതുനിമുന്‍പായി, വലത്തുവശത്തെ കരയോടുചേര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ചീനവലകള്‍ വിരിച്ചിരിക്കുന്നത് കാണാമായിരുന്നു.



രാത്രിയാകുമ്പോള്‍ ഈ വലകളിട്ടിരിക്കുന്ന ഭാഗത്തുഘടിപ്പിച്ചിരിക്കുന്ന ചുവന്ന ലൈറ്റുകള്‍ പ്രകാശിക്കുകയും; ഇതു കണ്ട് മീനുകള്‍ കൂട്ടത്തോടെ വലയിലേക്ക് ആകര്‍ഷിക്കപ്പെടുകയും, ഇതില്‍ അകപ്പെടുകയും ചെയ്യുന്നു.
പാവം മീനുകള്‍!!!

ബണ്ടിന്റെ നിര്‍മാണത്തോടുകൂടി കായലിലേക്ക് കടലിന്റെ സമ്പര്‍ക്കമില്ലാത്തതിനാല്‍ ; ഉപ്പുകല്ര്ന്ന ജലാംശത്തിന്റെ അഭാവം നിമിത്തം മത്സ്യസമ്പത്തിന് ഒരളവുവരെ കുറവുസംഭവിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഉപ്പുകലര്‍ന്ന ജലാംശത്തിലാണത്രേ മത്സ്യങ്ങളൂടെ പ്രജജനം കൂടുതല്‍ നടക്കുക!!!



ഇതാണ് തണ്ണീര്‍മുക്കം ബണ്ട്. ഉപ്പുവെള്ളം കയറി കൃഷികള്‍ നശിക്കാതിരിക്കാനായിരുന്നു, കായലിനേയും കടലിനേയും വേര്‍തിരിക്കാന്‍ ഈ ബണ്ട് നിര്‍മിച്ചതത്രേ.



ഇതിന്റെ ഷട്ടറുകള്‍ ഡിസംബറില്‍ താഴ്ത്തുകയും, മേയ്മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു..



കണ്ടോ; ആകാശനീലിമയും, കായല്‍നീലിമയും ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്!!!
റോഡ് മാര്‍ഗ്ഗം വലത്തുവശത്തേക്ക് കോട്ടയത്തിനും, ഇടത്തേക്ക് ആലപ്പുഴക്കും പോകാം...



അവിടെനിന്നും നടുക്കായലിലൂടെയാണ് പാതിരാമണലിലേക്ക് യാത്രതിരിച്ചത്.
ഇരുവശത്തേക്കുള്ള കരകളും നോക്കത്താദൂരത്തായിരുന്നു...



അങ്ങകലെ ഒരു ഹൌസ്ബോട്ട് നങ്കൂരമിട്ടുകിടക്കുന്നത് കണ്ടോ?
‘ആഴക്കടലില് എന്തിരണ്ണാ പരിപാടികള്’
നമ്മള്‍ ഊഹിക്കുന്നതിനുമപ്പുറത്ത് പലകളികളും ഈ നടുക്കായലില്‍ നടക്കുന്നുണ്ടെന്നാണ് ഡ്രൈവെര്‍ സാബ് പറഞ്ഞുതന്നത്;
മിണ്ടാതെ കാണാത്തഭാവംവെച്ചു കടന്നുപോകുക... അത്രന്നേ.



നടുക്കായലില്‍, ഒരു കൊച്ചുവള്ളത്തില്‍ വലയെറിയുന്ന മുക്കുവനെ കണ്ടോ?
ഈ ചേട്ടന്‍ പുലിയാണ് കെട്ടോ!!
എന്തൊരു ധൈര്യം!!
എന്റമ്മോ!!



ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ കൂറ്റന്‍ ബോട്ട്; 15 ടണ്‍ കക്കയും വഹിച്ചാണതിന്റെ യാത്ര...



അങ്ങൈനെ ഞങ്ങള്‍ പാതിരാമണല്‍ ദ്വീപിലെത്തി. അകലെ കുമരകം ബോട്ടപകടം നടന്ന സ്ഥലം നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ ചൂണ്ടിക്കാണിച്ചുതന്നു. ഒരു നിമിഷം വീട്ടുകാരെ ഓര്‍ത്തപ്പോള്‍, ഞങ്ങളിലെല്ലാവര്‍ക്കും മനസ്സില്‍ അകാരണമായ ഒരു ഭീതി പടര്‍ന്നു.
അതിമനോഹരമാണെങ്കിലും, ഈ ആഴക്കായലില്‍ മുങ്ങിപ്പോയാല്‍ എത്ര നീന്തല്‍ വിദഗ്ധന്‍ ആണെങ്കിലും, ജീവനോടെ തിരിച്ചു കിട്ടുകയില്ല. പിന്നല്ലേ നീന്തലിന്റെ ബാലപാഠം പോലുമറിയാത്ത ഞാന്‍!!!
എന്റെ അടുത്തിരുന്ന നാസര്‍ക്കാ അള്ളാഹുവിനെ വിളിച്ച് ആത്മഗതം പ്രകടിപ്പിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു...

നൂറുകണക്കിന് ദേശാടനപക്ഷികളുടെ വാസസ്ഥലമാണ് 100 ഏക്കറോളം വ്യപിച്ചുകിടക്കുന്ന ഈ കാട്. കുമരകം-മുഹമ്മ ജലപാതയിലാണീ ദ്വീപ്. ധാരാളം വൃക്ഷലതാദികള്‍ തിങ്ങിനിറഞ്ഞു വളരുന്ന പ്രദേശമാണിവിടം. ഇതിന്റെ ഉള്ളില്‍ ഒരു ലക്ഷ്മീദേവീക്ഷേത്രം സ്ഥിതിചെയ്യുനുണ്ട്. SNDP യുടെ വകയാണീ ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ പൂജ നടത്താറുണ്ടിവിടെ.
70 ഓളം കുടുംബങ്ങള്‍ ഇവിടെ വസിക്കുന്നുമുണ്ട്. മീന്‍ പിടുത്തമാണ് അവരുടെ പ്രധാന തൊഴില്‍. ഇപ്പോള്‍ KTDC ഏറ്റെടുത്തിരിക്കുന്ന ഈ പ്രദേശത്തുനിന്ന് കുറച്ചു കുടുംബക്കാരെ കുടിഒഴിപ്പിച്ചിട്ടുണ്ട്. അവരെ മറുകരയില്‍ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.




ഇതാണ് കണ്ടല്‍ചെടി.
ഈ ചെടിയുടെ പ്രത്യേകത എന്താണെന്നറിയേണ്ടെ...
കണ്ടല്‍ക്കാടുകള്‍ കടല്‍ഭിത്തിക്കു തുല്യമാണ്!!!



പാതിരാമണല്‍ക്കാഴ്ചള്‍ ആസ്വദിച്ചതിനുശേഷം തിരികെ യാത്ര തുടങ്ങി. ബോട്ടിന്റെ സീറ്റിങ്ങ് കപ്പാസിറ്റി കൃത്യമാണോ എന്നറിയാന്‍ സ്പീഡ്ബോട്ടില്‍ പോലീസുകാര്‍ പട്രൊളിങ്ങ് അടിക്കുന്നുണ്ടായിരുന്നു. കുമരകം ദുരന്തത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ അലയടിച്ചിരുന്നുവെങ്കിലും, ഞങ്ങളെല്ലാവര്‍ക്കും മറക്കാനാവാത്ത, പുതുമനിറഞ്ഞ, ആവേശഭരിതമായ യാത്രയായിരുന്നു ഇത്..
കായലിലെ മന്ദമാരുതന്റെ തഴുകലേറ്റ് വള്ളത്തിന്റെ സീറ്റില്‍ ചാരിക്കിടക്കുമ്പോള്‍ ഞാനോര്‍ത്തിരുന്നത്, എന്റെ ജീവിതത്തിലെ അതിസുന്ദരമായ ഈ യാത്രയേപറ്റിയായിരുന്നു...




അകലെ; സൂര്യതേജസ്സ് തന്റെ അന്നത്തെ കൃത്യനിര്‍വഹണശേഷം ഞങ്ങളോട് വിടപറഞ്ഞ് കായലിന്റെ അഗാധതയിലേക്ക് മുങ്ങാംകുഴിയിടാന്‍ തുടങ്ങിയിരുന്നു.




നല്ലൊരു ഉത്സവപ്രതീതിയും, പുത്തനുണര്‍വും സമ്മാനിച്ച ഈ യാത്രാനുഭവം കരയ്ക്കടുത്തിട്ടും ഞങ്ങള്‍ക്കാര്‍ക്കും മറക്കുവാന്‍ കഴിഞ്ഞിരുന്നില്ല. സമയപരിമിതിമൂലം മ്യൂസിയവും, പക്ഷിസങ്കേതവും കാണാന്‍ സാധിച്ചിലെങ്കിലും ഇനിയും വരാമെന്ന അതിയായ ആഗ്രഹത്തോടെ, സംതൃപ്തി നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ ആ തീരത്തോട് വിട ചൊല്ലി...
ഈ മലയാളനാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞ ഭാഗ്യത്തിന് ദൈവത്തോടുള്ള നന്ദിയോടെയും; അഭിമാനത്തോടു കൂടിയും...

48 comments:

ബിനോയ്//HariNav January 7, 2009 at 9:49 AM  

ഹോ! എല്ലാംകൂടി കണ്ടു മണ്ടയുറെ മെമ്മറി അടിച്ചുപോയല്ലോ ഹരീഷേ. ചിത്രങ്ങള്‍ ഇഷ്ടായീട്ടോ :-)

ശ്രീ January 7, 2009 at 10:19 AM  

മനോഹരമായ ചിത്രങ്ങള്‍, ഹരീഷേട്ടാ...

vahab January 7, 2009 at 10:23 AM  

നല്ല തെളിമയുള്ള ചിത്രങ്ങള്‍....! ചെറിയൊരു യാത്ര നടത്തിയ പ്രതീതി..!!

താങ്കള്‍ക്ക്‌ നീന്തലറിയില്ലെന്നത്‌ ഒരു ഞെട്ടലോടെയാണ്‌ വായിച്ചത്‌. എനിക്കും നീന്തലറിയില്ലായിരുന്നു. രണ്ടു പ്രാവശ്യം അപകടത്തില്‍ പെടുകയും ഭാഗ്യവശാല്‍ രക്ഷപ്പെടുകയും ചെയ്‌ത അനുഭവമുണ്ടായതോടെ സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ നീന്തല്‍ പഠിച്ചു.
(http://jeevithayathrakal.blogspot.com/2008/07/blog-post.html)
താങ്കളും ശ്രമിക്കുക. യാത്രാതല്‍പരര്‍ക്ക്‌ നീന്തല്‍ അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്‌.

അനില്‍ശ്രീ... January 7, 2009 at 10:36 AM  

ഹരീഷ്,
ഇഷ്ടമായി... . കുമരകത്ത് പോകണം എന്ന് നവരുചിയന്റെ പോസ്റ്റില്‍ ഒരു കമന്റ് കണ്ടിരുന്നു. ഇത്ര പെട്ടെന്ന് കുമരകത്തെത്തും എന്ന് കരുതിയില്ല. പടങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.

ഇനി ചില അഭിപ്രായങ്ങള്‍. കുമരകത്തിന്റെ പല ഏരിയാകളും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണെങ്കിലും ദ്വീപ് എന്ന് പറയാന്‍ മാത്രം ഒറ്റപ്പെട്ടവ അല്ല. ചെറിയ തോടുകളും ആറുകളും ഒക്കെയായി കരുതാവുന്ന വിഭജനം മാത്രമേ ഉള്ളൂ. ആലങ്കാരികനായി ദ്വീപുകള്‍ എന്ന് പറയാമെന്നേയുള്ളൂ.

ഇവിടുത്തെ പാടശേഖരങ്ങള്‍ വേംബനാട് കായലില്‍ ചിറകെട്ടി വെള്ളം വറ്റിച്ച് ഉണ്ടാക്കിയെടുത്തവയാണ്. പലപ്പോഴും സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നയിടങ്ങള്‍ !

ഇനി "ബേക്കറി" ജങ്ഷന്‍ അല്ല. "ബേക്കര്‍" ജങ്ഷന്‍. Amalia Dorothea Baker സ്ഥാപിച്ച ബേക്കര് മെമ്മോറിയല്‍ സ്കൂള്‍ അവിടെയുള്ളത് കൊണ്ടാണ് ആ പേര് വന്നത്. ( നിങ്ങള്‍ പോയ കവണാറ്റിന്‍‌കരയിലെ പക്ഷിസങ്കേതത്തില്‍ (ഇപ്പോള്‍ താജുകാരുടെ വക) ഉള്ള ബംഗ്ലാവിന്റെയും കുമരകത്തിന്റെ ഭൂരിഭാഗത്തിന്റെയും ഉടമയായിരുന്നു Alfred George Baker. അങ്ങേരുടെ ആരാ ഈ അമാലിയ എന്ന് എനിക്കറിയില്ല.). മറ്റൊരു വലിയ ഭൂവിഭാഗം ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കുടുംബക്കാരുടേതായിരിന്നു. ഈ സ്ഥലങ്ങളെല്ലാം പലര്‍ക്കും വീതിച്ചു നല്‍കുകയായിരുന്നു.

പതിനഞ്ച് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മനുഷ്യനും തിരിഞ്ഞുനോക്കാത്ത ഒരു പ്രദേശമായിരുന്നു കുമരകം. അന്നാകെയുണ്ടായിരുന്ന് ആര്‍ഭാടം പക്ഷി സങ്കേതത്തിന് മുമ്പിലുള്ള കെ.റ്റി.ഡി.സി-യുടെ ഒരു ബിയര്‍ പാര്‍ലര്‍ ആയിരുന്നു. രണ്ട് ബിയറും വാങ്ങി അകത്ത് കയറിയാല്‍ കുറച്ച് പക്ഷികളേയും കാണാം, കായല്‍ത്തീരത്ത് പോയിരുന്ന് കാറ്റു കൊണ്ട് കഴിച്ചിട്ടു പോരാമായിരുന്നു. അത്ര തന്നെ.

ഞാന്‍ കുറെ നാളുകള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത കുറച്ച് ചിത്രങ്ങള്‍ ഇവിടെ കാണാം ..

ശ്രീനാഥ്‌ | അഹം January 7, 2009 at 11:07 AM  

മനോഹരമായ ചിത്രങളും, വിവരണവും. ഒരുനാളൊരുനാള് ഞാനും പോവും. നോക്കിക്കോ.

Kichu $ Chinnu | കിച്ചു $ ചിന്നു January 7, 2009 at 11:40 AM  

നല്ല ചിത്രങ്ങള്‍!! അങ്ങനെ ഞാനും കുമരകം കണ്ടു

തണല്‍ January 7, 2009 at 11:50 AM  

ആ പായല്‍പ്പൂവും തുടര്‍ന്നുള്ള ഒന്നു രണ്ട് പടങ്ങളും അതി മനോഹരം..
:)

ജിജ സുബ്രഹ്മണ്യൻ January 7, 2009 at 11:53 AM  

ഹോ! ചുളുവിനു ഞാനും കുമരകത്തു പോയി വന്നൂ !

paarppidam January 7, 2009 at 11:57 AM  

കൊതിപ്പിച്ചുകളഞ്ഞു....
എന്തായാലും ഒരു കാര്യം പറയാതെ വയ്യ വറുത്തകരിമീനും,കപ്പയും,കള്ളും ഉള്ള ഒരു ചിത്രം അത് ഒഴിവാക്കിഅയ്തു ശരിയായില്ല.

നന്നയിരിരിക്കുന്നു...

ബിന്ദു കെ പി January 7, 2009 at 12:14 PM  

കുമരകത്ത് ഇതുവരെ പോകാൻ കഴിഞ്ഞില്ല. ചിത്രങ്ങൾ കാണിച്ചു തന്നതിന് നന്ദി. മലയാളനാട്ടിൽ ജനിച്ചു വളരാൻ കഴിഞ്ഞതിൽ ഹരീഷിനൊപ്പം ഞാനും ഏറെ അഭിമാനിക്കുന്നു.

ചിത്രങ്ങളെല്ലാം നന്നായി അസ്വദിച്ചു.

ചാണക്യന്‍ January 7, 2009 at 12:24 PM  

കുമരകം കാഴ്ച്ചകള്‍ക്ക് നന്ദി ഹരീഷ്....

പകല്‍കിനാവന്‍ | daYdreaMer January 7, 2009 at 12:32 PM  

നല്ല ചിത്രങ്ങള്‍.. നന്ദി ഹരീഷ്...

Bindhu Unny January 7, 2009 at 1:24 PM  

നല്ല ചിത്രങ്ങള്‍ :-)

അനില്‍@ബ്ലോഗ് // anil January 7, 2009 at 1:39 PM  

ഹരീഷെ,
നല്ല പോസ്റ്റ്. ശരിക്കും ആസ്വദിച്ചു.

അടിച്ചുപൊളിക്കുകയായിരുന്നല്ലെ? !

Ranjith chemmad / ചെമ്മാടൻ January 7, 2009 at 2:21 PM  

ഹരീഷ് ,
ഇവിടെ ഈ മരുക്കാട്ടിലിരിക്കുന്നവര്‍ക്ക്
ഇങ്ങനെയുള്ള കുളിരാര്‍‌ന്ന വിഭവങ്ങള്‍ ഒരുക്കുന്നതിന് നന്ദി
പറഞ്ഞ് പിരിയുന്നില്ല....
ഇനിയും പ്രതീക്ഷിക്കുന്നു...പത്തരമാറ്റുള്ളത്!!

smitha adharsh January 7, 2009 at 3:09 PM  

ഇങ്ങനെ കൊതിപ്പിക്കണ്ടായിരുന്നു...ഗംഭീരം എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും ഹരീഷേട്ടാ..
ആ നീല ഷര്‍ട്ടും,ഇട്ടിട്ടു ഉള്ള ഇരിപ്പ്..കണ്ടു, എനിക്ക് വെള്ളത്തിലേയ്ക്ക് ഉന്തിയിടാന്‍ തോന്നി..!!
അസൂയ കൊണ്ടാണേ..ഒന്നും വിചാരിക്കണ്ട

Lathika subhash January 7, 2009 at 3:15 PM  

ഹരീഷേ,
എന്റെ വീടിന്റെ മുന്‍പില്‍ക്കൂടി മിണ്ടാതെ കടന്നു പോയി അല്ലേ?

എന്തായാലും ചിരപരിചിതമായ കുമരകത്ത്
ഞാനും ഒന്നുകൂടി പോയി. നന്ദി.

പക്ഷിസങ്കേതം കാണാന്‍ വരുമ്പോള്‍ മുന്‍കൂട്ടി അറിയിക്കുക.

പൈങ്ങോടന്‍ January 7, 2009 at 3:41 PM  

മികച്ച ചിത്രങ്ങളും വിവരണവും
വളരെ ഇഷ്ടപ്പെട്ടു ഹരീഷ്

കുട്ടിച്ചാത്തന്‍ January 7, 2009 at 4:00 PM  

ചാത്തനേറ്:നല്ല ചിത്രങ്ങളും വിവരണങ്ങളും. ബോട്ടിന്റെ മുന്‍ഭാഗം പലചിത്രങ്ങളിലും കടന്ന് വന്നത് ചെറിയ അഭംഗിയായി. പിന്നെ ചിത്രങ്ങള്‍ ഒരു മീഡിയം സൈസില്‍ പോസ്റ്റില്‍ കാണിച്ചാല്‍ നന്നായിരുന്നു. ആവശ്യമുള്ളവര്‍ക്ക് ലിങ്കില്‍ ക്ലിക്കി വലുതാക്കി കാണാമല്ലോ?

Appu Adyakshari January 7, 2009 at 4:12 PM  

ഹരീഷ് വളരെ നന്നായിരിക്കുന്നു. പ്രത്യേകിച്ച് ചിത്രങ്ങള്‍. കഴിഞ്ഞ ജൂലൈമാസത്തില്‍ ഞങ്ങളും ഇതുപോലെ പോയിരുന്നു. പക്ഷേ ആ സമയത്തെ കാലാവസ്ഥയുമറ്റും അറിയാമല്ലോ. മഴയും, വെള്ളവും, മാനവും എല്ലാംകൂടി ഒരുമാതിരി വല്ലാതെ. ഈ ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞപ്പോള്‍ അതിന്റെ നഷ്ടം മാറി.

വള്ളക്കാരന്‍ പറഞ്ഞതു ശരിയാണ് ഓഫ് സീസണില്‍ ആ ഹൌസ് ബോട്ടുകള്‍ക്ക് 3000 രൂപയൊക്കെയേ റേറ്റ് ഉള്ളൂ, അഞ്ചുമണീക്കൂര്‍ യാത്രയ്ക്ക്. ഞങ്ങള്‍ അതിലാണ് പോയത്.

ഗീത January 7, 2009 at 4:35 PM  

വളരെ സന്തോഷം തോന്നി ഇതു വായിച്ചപ്പോള്‍. രണ്ടാഴ്ച മുന്‍പേ എനിക്കും ഇതുപോലൊരു ഹൌസ് ബോട്ട് യാത്ര തരപ്പെട്ടു, പുന്നമട കായലിലൂടേയും വേമ്പനാട്ട് കായലിലൂടേയും..

ഫോട്ടോകളെല്ലാം ഉഗ്രന്‍ ആയിട്ടുണ്ട്.

നരിക്കുന്നൻ January 7, 2009 at 6:02 PM  

കായലിലൂടെ ഒരു ബോട്ട് യാത്ര നടത്തിയ സുഖം.

ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.

വേണു venu January 7, 2009 at 9:27 PM  

ചിത്രങ്ങളും വിവരണവും എന്നെ കുമരകത്തൊന്നു കറക്കി തിരിച്ചു വിട്ടു.
ചുമ്മാതാണോ വാജ്പേയ്ജി ഒരൊഴിവുകാലം കുമരകത്ത് ചെലവിട്ടത്..!
ഹരീഷ് നന്നായിരിക്കുന്നു.:)

Typist | എഴുത്തുകാരി January 8, 2009 at 12:11 AM  

പടങ്ങള്‍ ഗംഭീരം.ഞാന്‍ പോയിട്ടുണ്ട് ഇവിടെ, വര്‍ഷങ്ങള്‍ക്കു മുമ്പ്‌.

Manikandan January 8, 2009 at 1:19 AM  

ഹരീഷേട്ടാ കുമരകത്തിന്റെ ഭംഗി ശരിക്കും ആസ്വദിച്ചു ഈ പോസ്റ്റിലൂടെ.

പൊട്ട സ്ലേറ്റ്‌ January 8, 2009 at 2:23 AM  

Photoyum Vivaranangalum Nannayi. Padangalude ennem alpam koodi poyi ennorabhiprayam undu.

siva // ശിവ January 8, 2009 at 4:27 AM  

വ്യക്തതയുള്ള ഈ ചിത്രങ്ങള്‍ക്ക് നന്ദി......ഇപ്പോള്‍ തോന്നുന്നു ഞാനും ഒരു ദിവസം അവിടെ പോകും......താങ്കള്‍ ഇനിയും ഒരുപാട് യാത്രകള്‍ ചെയ്യൂ.....

ദീപക് രാജ്|Deepak Raj January 8, 2009 at 7:45 AM  

സൂപ്പര്‍ ഫോട്ടോസ്.. ഞാന്‍ പുതിയ ഫോട്ടോ ടെമ്പ്ലെട്സ് ഇട്ടാല്‍ വിട്ജെറ്റ്സ് പോവില്ലേ...??

ചങ്കരന്‍ January 8, 2009 at 8:11 AM  

ഇനിയിപ്പം കുമരകത്തു പോയില്ലേലെന്നാ. എല്ലാ പടങ്ങളും കൊള്ളാം, ചില പടങ്ങള്‍ സൂപ്പര്‍.

Anil cheleri kumaran January 8, 2009 at 1:49 PM  

മനോഹരമായ ചിത്രങ്ങള്‍ നല്ല പോസ്റ്റ്. വളരെ നന്ദി.

ഹരീഷ് തൊടുപുഴ January 9, 2009 at 7:24 AM  

ബിനോയ് മാഷെ: നന്ദി..

ശ്രീ: നന്ദി..

വഹാബ്: ഈ വയസ്സാംകാലത്തിനി നീന്തല്‍പഠിക്കല്‍ നടക്കുമോ? ഇപ്പോള്‍ വെള്ളത്തിന്റെ നിഗൂഢത ദര്‍ശിക്കുമ്പോള്‍ തന്നെ ഒരു അജ്ഞാതഭയം മനസ്സില്‍ ഉടലെടുക്കുന്നു...നന്ദിയോടെ

അനില്‍ശ്രീ: ചേട്ടാ; ഈ കൂടുതല്‍ അറിവുകള്‍ പങ്കുവെയ്ക്കാന്‍ ശ്രമിച്ചതിനു ഒട്ടേറെ നന്ദിയുണ്ട്. എന്റെ വൈഫും ആ സ്കൂളിലായിരുന്നു പഠിച്ചത്. മാസത്തില്‍ ഒരുതവണയെങ്കിലും ആ വഴി കടന്നുപോകുന്നതായിരുന്നു. എന്നിട്ടും, ശ്ശോ ഞാന്‍ തെറ്റിച്ചാണല്ലോ പറഞ്ഞത്... ഏതായാലും അത് തിരുത്തിത്തന്നത് നന്നായി. പടങ്ങളും ഞാന്‍ കണ്ടൂട്ടോ; മൊബൈലില്‍ എടുത്തതാണെങ്കിലും നല്ല ഭംഗിയുണ്ട്.... നന്ദിയോടെ

ശ്രീനാഥ്: ഒരുനള്‍ പോകണം കെട്ടോ; അത്രയ്ക്ക് ആകര്‍ഷണിയയമാണവിടം...നന്ദിയോടെ

ഹരീഷ് തൊടുപുഴ January 9, 2009 at 7:29 AM  

കിച്ചു$ചിന്നു: നന്ദി...

തണല്‍ജി: നന്ദി..

കാന്താരിക്കുട്ടി: ഏതായാലും ഒരു തവണയെങ്കിലും പോകണം ട്ടോ; നന്ദിയോടെ..

പാര്‍പ്പിടം: ഈ മാസംതന്നെ കള്ളിന്റെ പടം പോസ്റ്റാം ട്ടോ. ഇന്നു ചെത്തുകാരന്‍ വരുന്ന ദിവസമാ; കാമെറ റെഡിയാക്കി വയ്ക്കട്ടെ!!! നന്ദിയോടെ...

ബിന്ദുചേച്ചി: നന്ദി...

ഹരീഷ് തൊടുപുഴ January 9, 2009 at 7:32 AM  

ചാണക്യജി: നന്ദി..

പകല്‍കിനാവന്‍: നന്ദി..

ബിന്ദു ഉണ്ണി: നന്ദി..

അനില്‍ജി: സത്യായിട്ടും അടിച്ചുപൊളിച്ചു നന്ദിയോടെ..

രണ്‍ജിത്: ഉറപ്പായും എണ്ണേക്കൊണ്ടാവുന്നത് ചെയ്യാം ട്ടോ; നന്ദിയോടെ..

ഹരീഷ് തൊടുപുഴ January 9, 2009 at 7:46 AM  

സ്മിത: ഇനി അടുത്തത് മൂന്നാറിലേക്കാ; അപ്പോഴോ?
നാട്ടില്‍ വരുമ്പോള്‍ ഞാനീ കാണിച്ചുതന്ന സ്ഥലങ്ങളിലൊക്കെ പോകണം ട്ടോ... നന്ദിയോടെ

ലതിചേച്ചി: ഇനി വരുമ്പോള്‍ ഉറപ്പായും പറയാം ട്ടോ; രണ്ടുമാസത്തിനുള്ളില്‍ തന്നെയുണ്ട്...നന്ദിയോടെ

പൈങ്ങോടന്‍ജി: നന്ദി..

കുട്ടിച്ചാത്തന്‍: വള്ളത്തിന്റെ അഗ്രഭാഗത്ത് ഇരുന്ന് എടുത്തലോ എന്ന് പലതവണ ആലോചിച്ചതാ; എങ്ങാനും വെള്ളത്തില്‍ പോയാലോ എന്നു വിചാരിച്ചിട്ടാ. നീന്തല്‍ അറിയില്ല....നന്ദിയോടെ

അപ്പു: ചേട്ടാ; ഓഫ് സീസണിലില്‍ ഹൌസ് ബോട്ടിന്, ഒരുദിവസത്തേക്ക് 5000/- രൂപയ്ക്ക് തരാമെന്നാണ് ഞങ്ങളോട് പറഞ്ഞത്, ഭക്ഷണ സഹിതം. പക്ഷേ മഴയത്ത് കായലില്‍ ആരു പോകും?? ബോട്ടില്‍ കിടന്നുറങ്ങാന്‍ മാത്രമേ രസമുണ്ടാകൂ. പ്രകൃതി ഒരു രസവുമുണ്ടാകില്ല കാണാന്‍...നന്ദിയോടെ

ഹരീഷ് തൊടുപുഴ January 9, 2009 at 7:50 AM  

ഗീതാമ്മേ: നന്ദി..

നരിക്കുന്നന്‍ മാഷെ: നന്ദി..

വേണുചേട്ടാ: സത്യം; ഇപ്പോഴല്ലേ വാജ്പേയി തിരിച്ചുപോകാന്‍ തമസിച്ചതെന്തിനാണെന്നു മനസ്സിലായത്!!! നന്ദിയോടെ..

എഴുത്തുകാരിചേച്ചി: നന്ദി..

മണി: നന്ദി; ഒരു ദിവസം പോകണം ട്ടോ..

ഹരീഷ് തൊടുപുഴ January 9, 2009 at 7:55 AM  

പൊട്ടസ്ലേറ്റ്: കുറേ വെട്ടിചുരുക്കിയതാ; ഒരു വിനോദയാത്ര പോയ രസം നിങ്ങള്‍ക്കും കിട്ടട്ടേന്നു വിചാരിച്ചിട്ടാ; നന്ദിയോടെ...

ശിവാ: ഉറപ്പായും പോകണം ട്ടോ...നന്ദിയോടെ

ദീപക്ക്; ഇല്ല എന്നാണെനിക്കു തോന്നുന്നത്; നന്ദിയോടെ..

ചങ്കരന്‍ജി: നന്ദി...

കുമാരന്‍ജി: നന്ദി..

മാണിക്യം January 10, 2009 at 7:30 AM  

ഹരിഷ് പടങ്ങള്‍ എന്ന് തോന്നില്ല
കൂടെ ഞാനും ആ വള്ളത്തിന്റെ തലപ്പത്തിരുന്നു,
പണ്ട് സ്കൂള്‍ അടക്കുമ്പോള്‍ ചമ്പക്കുളത്ത് അച്ഛന്റെ വീട്ടിലേക്ക് ‍ ഒരു പോക്കുണ്ട്. അന്ന് വലിയ ‘വളവര’ വച്ച വള്ളത്തില്‍ ഊന്നല്‍ക്കാരന്‍ ഊന്നികൊണ്ട് പോകും.എത്ര സമയം കുത്തിയിരിക്കണമെന്നൊ അതില്‍ ഇരുന്ന് അനങ്ങിയാ ‘വള്ളം മറിയും’ എന്ന് പറഞ്ഞ് വഴക്ക് പറയൂം ..കുട്ടനാട്ടിലെ ഞങ്ങളുടെ അവധിക്കാലം ഒരിക്കലും മറക്കില്ല, താറാവ്കറിയും കരിമീനും അറ്റുകൊഞ്ചും തിന്ന്, ഹോ! ഇന്ന് ഓര്‍ക്കുമ്പോ കൊതി വരുന്നു...

പിന്നെ കുമരകം സ്വദേശി എന്റെ ഒരു അടുത്ത സുഹൃത്ത് [ഇന്ന് ഫ്ലോറിഡായില്‍ ] അന്നൊക്കെ എല്ലാ കൊല്ലവും അവധിക്ക് കുമരകത്ത് പോകും
അത് അന്ന് വെറും പട്ടിക്കാടാ..കായലരികത്ത് പോയിരുന്നത് ഇന്ന് ഓര്‍മ്മ.ബാക്കി ഒക്കെ അനില്‍ശ്രീ പറഞ്ഞല്ലോ.

മനോഹരമായ ഈ പടങ്ങള്‍ കാണുമ്പോള്‍ നമ്മുടെ നാട് “ദൈവത്തിന്റെ സ്വന്തം നാട്!”
ഇതു ടൂറിസത്തിന്റെ പരസ്യവാചകം അല്ല.ഈ ലോകത്തില്‍ കേരളത്തിനു കിട്ടിയ പ്രകൃതി സൌഭാഗ്യം അത് ദൈവം കനിഞ്ഞ് തന്നതു തന്നെയാണ്, മലയാളി എന്ന അഭിമാനത്തൊടെ
ഈശ്വരന് നന്ദി...

ബാബുരാജ് January 10, 2009 at 2:04 PM  

പ്രിയ ഹരീഷ്‌,
വരാന്‍ താമസിച്ചു, എന്നാലും കട അടച്ചില്ലല്ലോ അല്ലേ?
ഫോട്ടോകള്‍ ഭംഗിയായിരിക്കുന്നു. ഹരീഷിലെ ഫോട്ടോഗ്രഫറുടെ ആറ്റിറ്റൂഡ്‌ കൂടുതല്‍ അഭിനന്ദനാര്‍ഹമാണെന്ന് നേരത്തേ തോന്നിയിരുന്നു. ഈയിടെ ക്യാമറ മാറിയോ? ഏതാണ്‌?
നേരത്തേ പറഞ്ഞിട്ടുള്ള ഒരു കാര്യം ഒന്നു കൂടി ഓര്‍പ്പിക്കട്ടെ.
ഇത്രയധികം ഫോട്ടോകള്‍ ഒരുമിച്ച്‌ പോസ്റ്റ്‌ ചെയ്യരുത്‌. അതിലെ പല ഫോട്ടോകളും ഇന്‍ഡിവിജ്വല്‍ പോസ്റ്റിങ്ങിന്‌ മികവുള്ളവയാണ്‌. എല്ലാം കൂടിയാകുമ്പോള്‍ ഓരോന്നിനും അര്‍ഹിക്കുന്ന ആസ്വാദ്യത കിട്ടാതെ വരും. പല തവണയായിട്ട്‌ ഇടുകയോ അല്ലെങ്കില്‍ തിരഞ്ഞെടുത്തവ ഇട്ടിട്ട്‌ ബാക്കിയുള്ളവ ആല്‍ബത്തിലാക്കി സ്ലൈഡ്‌ ഷോ ആക്കിയാലും പോരേ?
ആശംസകളോടെ.

പ്രിയ January 10, 2009 at 4:43 PM  

ഹോ, സൂപ്പര് ഡ്യൂപ്പര് പടങ്ങള്‍ തന്നാണല്ലോ ഹരിഷേ. പടങ്ങള്‍ കൊണ്ടൊരു വിവരണം. നന്നായിരിക്കുന്നു ഹരിഷ്.
മുന്നോരിക്കല്‍ പോയിട്ടുണ്ടെങ്കിലും |നോട്ട് ദ പോയിന്റ്, ഞാനും ഭാഗ്യവതി| ആ കായല്‍ വഴിയിലൂടെ ഒന്നുടെ പോവാന്‍ തോന്നുന്നു ഈ പടങ്ങള്‍ കണ്ടിട്ട്.

ആലപ്പുഴയിലെ ഹൌസ് ബോട്ടിങ്ങിനെ കുറിച്ചൊരു മഹാരാഷ്ടക്കാരി പഞ്ചാബിയോടു വാചാലയാവുന്നത് കേട്ടു രോമന്ച്ചകുഞ്ചുകം ആയതാ. ഈ പടം എല്ലാം ആ പഞ്ചാബിക്കയച്ച് ഇനിം അസൂയപെടുത്താം :) കാണട്ടെ (btw അടിച്ച് മാറ്റല്‍ അല്ലൌഡ് ആണോ, ഇല്ലെങ്കില്‍ ഈ കോപ്പി റൈറ്റ് ലെഫ്റ്റ് എല്ലാത്തിനും കൂടെ എന്ത് തരണം?ടേംസ് & കണ്ടിഷന്സ് എങ്ങും കണ്ടില്ല)

ഓ ടോ (അല്ല ): നമ്മടെ നിരക്ഷര്‍ ജി ക്ക് വെള്ളം പേടിയാണോ ?

Jayasree Lakshmy Kumar January 10, 2009 at 10:03 PM  

യാത്രാവിവരണവും ചിത്രങ്ങളും മനോഹരമായി ഹരീഷ്

ഒരു സംശയം. ആ ഫോട്ടൊയിൽ നീല ഷർട്ടിട്ടിരിക്കുന്ന ആ ക്ഷീണിതൻ ആരാ?! ഹൊ, ബോട്ടിന്റെ ഒരു കപ്പാക്കിറ്റിയേ
[എന്നെ തല്ലാൻ വരല്ലേ..നിർദോഷമായൊരു തമാശയേ ഉദ്ദേശിച്ചുള്ളു കെട്ടോ]

ഹരീഷ് തൊടുപുഴ January 12, 2009 at 7:33 AM  

മാണിക്യാമ്മേ: കുമരകത്തേപറ്റിയുള്ള ഓര്‍മക്കുറിപ്പുകള്‍ പങ്കു വെച്ചതിന് ഒട്ടേറെ നന്ദി..

ബാബുരാജ്:ചേട്ടാ, കാമെറെ D60 ആണ്. മറുനാട്ടില്‍ കഴിയുന്നവര്‍ക്ക് ഈ പടങ്ങളിലൂടെ നമ്മുടെ നാടിന്റെ മുക്കും മൂലയും കണ്ടാസ്വദിക്കാന്‍ കൂടുതല്‍ കഴിയട്ടെ എന്നു കരുതിയാണ് കൂടുതല്‍ പടങ്ങള്‍ പോസ്റ്റുന്നത്.
ഇവിടങ്ങളിലൊന്നും പോകുവാന്‍ സാധിക്കത്തവരും കാണില്ലേ; പ്രത്യേകിച്ച് നമ്മുടെ ഇടുക്കിയില്‍ വരാന്‍ പലര്‍ക്കും കഴിയാറില്ല. ആസ്വദിക്കട്ടെ 100% എന്നോര്‍ത്ത് മാത്രമാണ് കൂടുതല്‍ പടങ്ങള്‍ ആഡ് ചെയ്യുന്നത്. ഓരോന്നും വ്യസ്ത്യസ്തതയുള്ളവ പോസ്റ്റാന്‍ ശ്രമിക്കുന്നുമുണ്ട്. ഏതായാലും ഇനി മുതല്‍ ഫോട്ടോകളുടെ എണ്ണം കുറക്കുന്നതായിരിക്കും...നന്ദിയോടെ

പ്രിയ: എന്റെ ബ്ലോഗിലെ ഏതു ഫോട്ടോയും ചോദിക്കാതെ തന്നെ എടുത്ത് ഉപയോഗിക്കാവുന്നതാണ്.
നിരക്ഷരന്‍ജിക്ക് വെള്ളം പേടിയൊന്നും കാണില്ല.. അദ്ദേഹം ഫുള്‍ടൈം വെള്ളത്തിലാണ്. അതായത് നടുക്കടയിലല്ലേ മൂപ്പര്‍ക്ക് പണി... നന്ദിയോടെ

ലക്ഷ്മി: ങീഹി...ങീഹി... എനിക്കത്രേം തടി ഉണ്ടോ ലക്ഷ്മിയേ...ങീഹി. നന്ദിയോടെ...

ഹരീഷ് തൊടുപുഴ January 12, 2009 at 7:35 AM  

ooramana said...
ഹോ.....അതിമനോഹരമായ ഫോട്ടോകള്‍...ചിത്രങ്ങളില്‍ക്കൂടി കായലിന്റെ മണവും കാറ്റും കൂടി വന്നുവോ എന്നു സംശയം...ഗംഭീരം

January 9, 2009 11:19 AM

അനില്‍ശ്രീ... January 12, 2009 at 9:37 AM  

ഹരീഷ് ഫോട്ടൊയുടെ എണ്ണം കുറക്കണം എന്നല്ല ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. സെലെക്റ്റ് ചെയ്ത പടങ്ങള്‍ പോസ്റ്റ് ചെയ്തിട്ട് ബാക്കിയുള്ളവ പിക്കാസയില്‍ അപ്‌ലോഡ് ചെയ്ത് ലിങ്ക് കൊടുത്താല്‍ മതിയല്ലോ. ദാ ഞാന്‍ ഈ പോസ്റ്റില്‍ (അല്‍-ഐനിലെ കുന്നുമ്പുറം ) അങ്ങനെയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ നല്ല പടങ്ങള്‍ എല്ലാം കാണുകയും ചെയ്യാം, പോസ്റ്റ് ഇത്തിരി ചെറുതാക്കുകയും ചെയ്യാം. (പലര്‍ക്കും പേജ് ലോഡ് ആയി വരാന്‍ താമസം വരുന്നുണ്ടാകും.)

കാപ്പിലാന്‍ January 13, 2009 at 7:29 AM  

ഹായ് ,കൊതിപ്പിച്ചല്ലോ ഇഷ്ട .

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എ ആര്‍ നജീമിന്റെ കൂടെ ആലപ്പുഴ കായലില്‍ ഒന്ന് കറങ്ങിയിരുന്നു :) ആ ഓര്‍മ്മയാണ് എനിക്കിപ്പോള്‍ വന്നത് .

നന്നായി .

എന്‍ജോയ് .

അല്പം തടി കൂടുതല്‍ അല്ലേ എന്നൊരു സംശയം ? കുറയ്ക്കണം കേട്ടോ .:):)

ആ കരിമീനും കൊഞ്ചും ഹായ് .

The Common Man | പ്രാരബ്ധം January 23, 2009 at 4:00 PM  

അടുത്തിടെ കുറച്ചധികം കുമരകം പടങ്ങള്‍ കാണാന്‍ ഇടയായെങ്കിലും, ഇതു തന്നെ ഏറ്റവും കിടിലം.

ഇനി വരുമ്പോ പറയണേ, കപ്പയും കരിമീനും ഒരിച്ചിരി മധുരക്കള്ളും എന്റെ വക!

ഒരു കുമരകംകാരന്‍.

ഹരീഷ് തൊടുപുഴ January 29, 2009 at 9:53 PM  

വിജയലക്ഷ്മി said...
Nice photos...prakrthiramaneeyatha niranjakaazhchhakal manaoharam!

January 15, 2009 8:40 PM


B Shihab said...
കൊള്ളാം

January 23, 2009 12:32 PM

Unknown March 24, 2009 at 11:55 AM  

Nice photos... Valare manoharamaayirikkunnu...

Sureshkumar Punjhayil April 27, 2009 at 8:50 PM  

Yaathrayude vasantham... Manoharam..Ashamsakal...!!!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP