Sunday, January 11, 2009

ഇലവീഴാപൂഞ്ചിറ

ആരണ്യവാസകാലഘട്ടത്തിനിടയിലെപ്പോഴോ പഞ്ചപാണ്ഡവന്മാരും, അവരുടെ പത്നിയായ പാഞ്ചാലിയും ഈ പുല്‍മേട്ടിലെത്തുകയുണ്ടായി. ആ കാലഘട്ടത്തില്‍ പാഞ്ചാലി ഇവിടെയുള്ള ഒരു ചോലയില്‍ നീരാടിയിരുന്നുവെന്നും, ആ ചോല ഉള്‍പ്പെട്ട പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് ‘ഇലവീഴാപൂഞ്ചിറ’ എന്ന പേര്‍ ലഭിച്ചതെന്നും ഐതീഹ്യം!!! ഇതിനോടനുബന്ധിച്ച് ഒരു ക്ഷേത്രം കൂടി താഴ്വാരത്തില്‍ കുടികൊള്ളുന്നുണ്ടെന്നും പറയപ്പെടുന്നു.

തൊടുപുഴയില്‍ നിന്നും മൂലമറ്റം വഴി സഞ്ചരിച്ച് കൂടയത്തൂര്‍ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കി.മീ. യോളം യാത്ര ചെയ്താല്‍ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ്കേന്ദ്രത്തിലെത്താം. 6 കി.മീ യോളമുള്ള റോഡ് ടാര്‍ ചെയ്തവയാണ്. വീതി കുറഞ്ഞതും അപകടകരമായ ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞതുമാണീ വഴി. 6 കി.മീ താണ്ടിയെത്തി ഒരു കിലോമീറ്റെറോളം കല്ലും, മണ്ണും, കയറ്റവും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് മലയുടെ ഉച്ചിയിലെത്താം. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കുള്ളതാണീ പ്രദേശം.കുന്നിന്മുകളിലേക്കുള്ള യാത്രയില്‍ ഏറ്റവും ആകര്‍ഷണീയമായ ഒരു കാഴ്ചയാണ്, അകലെ മാമലകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന ഈ കാഴ്ച!!!താഴ്വാരത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞാര്‍, അറക്കുളം ടൌണുകളും; കാഞ്ഞാര്‍ പുഴയും അതിനു കുറുകേയുള്ള പാലവും നല്ലൊരു മനോഹരമായ കാഴ്ച നമുക്ക് പ്രദാനം ചെയ്യുന്നു.അറക്കുളത്തെ പ്രസിദ്ധമായ st.ജോസെഫ് കോളേജും നമുക്ക് ദര്‍ശിക്കാനാകുന്നു.കുന്നിന്‍ മുകളില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ടായിരുന്നെങ്കിലും അത് അടഞ്ഞ നിലയിലായിരുന്നു. ഇവിടെ ഒരു ചെറിയ ചായപ്പീടിക ഉണ്ടായിരുന്നെങ്കിലും അതും പൊളിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. നട്ടുച്ചസമയം കഴിഞ്ഞതിനാലാവണം സഞ്ചാരികളും വിരലിലെണ്ണാനുള്ളവരേ ഉണ്ടായിരുന്നുള്ളൂ. നല്ല ചൂടുണ്ടായിരുന്നതിനാല്‍ ഞാനും, എന്റെ കൂട്ടുകാരും ഒരു പാ‍റപ്പുറത്തിന്റെ മറവില്‍ കിടന്നു. നല്ല ഇളം കാറ്റടിക്കുന്നുണ്ടയിരുന്നു. വെയിലിന്റെ കാഠിന്യം കൂടിയതിനാലാവണം സസ്യജാലങ്ങളെല്ലാം ഉണങ്ങിക്കരിയാന്‍ തുടങ്ങിയിരുന്നു. ഇങ്ങേമലയില്‍ നിന്നും വിളിച്ചുപറയുന്നതിന്റെ പ്രതിധ്വനി അങ്ങേമലയില്‍ തട്ടി തിരിച്ചുവരുന്നുണ്ടായിരുന്നു. കുറേ നാളുകള്‍ക്കുശേഷം ഞാനും ആര്‍മാദിച്ച് ഒന്നു ‘കൂവു’കയുണ്ടായി!!! എന്തു രസം!!!


അകലെ മറ്റൊരു മലയില്‍ പോലീസിന്റെ ഒരു വയലെസ്സ് സ്റ്റേഷന്‍ കാണാമായിരുന്നു. മേലുകാവില്‍ നിന്നും വരുന്ന വഴിക്കാണ് അത് സ്ഥിതിചെയ്തിരുന്നത്. കഴിഞ്ഞതവണ എന്റെ കൂടെയുള്ള ഒരാള്‍ വന്നപ്പോള്‍ ദാഹശമനത്തിനുവേണ്ടി സമീപിച്ചത് അവരുടെ അടുത്തായിരുന്നു. കാരണം ഒരു തുള്ളിവെള്ളം കിട്ടാനുള്ള സ്കോപ്പ് ഇവിടെയില്ല. പച്ചാളത്തിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചേടത്തിയുടെ പൊടിപോലുമില്ല!!!താഴെ താഴ്വാരത്തിനിന്നും തമിഴന്മാര്‍ ഈറ്റ വെട്ടി ചുമടേന്തി കയറിവരുന്നത് കാണാമായിരുന്നു. ഇതും കൊണ്ടവരുടെ പെണ്ണുങ്ങള്‍ കുട്ടയുണ്ടാക്കി വില്‍ക്കും..ഇതു കണ്ടോ, ഒരു സുന്ദരിക്കുട്ടി!!! ഇവളുടെ പേരറിയാമോ ആര്‍ക്കെങ്കിലും?
ഞാന്‍ ഒരു കമ്പ് ഒടിച്ച് കൊണ്ടുവന്ന് പറമ്പില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്..ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കായുള്ളതാണീ പ്രദേശം. എന്റെ അഭിപ്രായത്തില്‍, ഇവിടെ വരുമ്പോള്‍ ഏകദേശം നാലുമണിയോടടുത്ത് വരണം. ഭക്ഷണവും, കുടിവെള്ളവും കരുതണം. ഒരു ടെന്റ് കൂടിയുണ്ടെങ്കില്‍ രാത്രി, കുറച്ച് തീയൊക്കെ കൂട്ടി, രണ്ടുമൂന്നു കോഴിയെ നിറുത്തിപ്പൊരിച്ച്, കുറച്ച് സ്വയമ്പനും അകത്താക്കി, ആഹ്ലാദിച്ച് നൃത്തമാടി, ഇളം കാറ്റേറ്റ് പാറപ്പുറത്തു വിശാലമായി കിടന്നുറങ്ങി... ബാലഭാസ്കരന്റെ ഉദയവും കണ്ട് തിരിച്ചിറങ്ങാം. ഇതൊക്കെ അനുവദനീയമാണോ എന്ന് അറിയില്ല കെട്ടോ!!!


സത്യത്തില്‍ ഈ യാത്ര പൂര്‍ണ്ണമാണോ എന്നു ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. ഈ മലമുകളില്‍ എത്തുമ്പോഴേക്കും പരിപ്പിളകും. അതുകൊണ്ട് കൂടുതല്‍ ചുറ്റിയടിച്ചില്ല.
ഏതായാലും ഒരിക്കല്‍ക്കൂടി പോകണം ഇലവീഴാപൂന്ചിറയിലേക്ക്. കുറച്ചുകൂടി കരുതലോടു കൂടി. ആ അമ്പലമൊന്നു കാണണം, പാഞ്ചാലി സ്നാനംചെയ്ത ആ കുളവും.. പിന്നെ ഈ മലകളുടെയെല്ലാം ഉച്ചിയിലൊന്നു കയറുകയും ചെയ്യണം...

പച്ചാളത്തിന്റെ ഇലവീഴപൂഞ്ചിറയേപറ്റിയുള്ള പോസ്റ്റ് ഇവിടെയുണ്ട്

26 comments:

അപ്പു January 11, 2009 at 7:39 PM  

ഹരീഷ്, ആദ്യം ഒരു തേങ്ങ കിടക്കട്ടെ ((((((((( ഠേ )))))))) ഇനി വായിച്ചേച്ചു വരാമേ... ഒറ്റ നോട്ടത്തില്‍ ഫോട്ടോകളെല്ലാം നന്ന്....നിക്കോണ്‍ ഈസ് നിക്കോണ്‍ !!

അപ്പു January 11, 2009 at 7:44 PM  

വായിച്ചു ഹരീഷ്. അല്പം കൂടെ വിവരണം ആകാമായിരുന്നു എന്നു തോന്നുന്നു.

ഹരീഷ് തൊടുപുഴ January 11, 2009 at 7:50 PM  

അപ്പുവേട്ടാ; ആദ്യത്തെ തേങ്ങയ്ക്കു നന്ദി അറിയിക്കട്ടെ...
ഇതു അപൂര്‍ണ്ണമാണെന്നുതന്നെയാണെനിക്കും തോന്നുന്നത്...
ഒന്നാമത്തെ കാര്യം എന്തെങ്കിലും ചോദിച്ചറിയാന്‍, അവിടെ ആരുമുണ്ടായിരുന്നില്ല...
പിന്നെ നാട്ടിലുള്ളവരോട് ചോദിച്ചപ്പോള്‍ പിന്നേം തഥൈവ!!
പിന്നെ ആ കയറ്റം, ഹോ! ചങ്കു വാടിപ്പോയി...
ഇനി അടുത്ത തവണയാകട്ടെ... ഞാനീ കുറവ് നികത്തിയിരിക്കും.. തീര്‍ച്ച...

കാന്താരിക്കുട്ടി January 11, 2009 at 8:19 PM  

ആ ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ നല്ല രസം .ഒന്നു ചോദിച്ചോട്ടേ ? മാസത്തിൽ 30 ദിവസം ടൂർ തന്നെ ആണോ ?? ബിസിനസ്സിന്റെ ഭാഗമായുള്ള യാത്രയാണോ ? ആണെങ്കിൽ ഭാഗ്യവാൻ ! എത്രയെത്ര സഥലങ്ങൾ കാണാം !!

അസൂയ മൂത്തിട്ട് ചോദിച്ചതാ ട്ടോ.

sreeNu Guy January 11, 2009 at 8:33 PM  

ഭാഗ്യവാന്‍

മേഘമല്‍ഹാര്‍ January 11, 2009 at 9:02 PM  

നല്ല ഫോട്ടോ. നല്ല എഴുത്ത്‌. ക്യാമറയേതാ?.ഇനിയും യാത്രചെയ്യാനാകട്ടെ.ഇനിയും കാണാം

അനില്‍@ബ്ലോഗ് January 11, 2009 at 11:11 PM  

ഹരീഷെ,
നന്നാവുന്നുണ്ട്, ഓരോ പോസ്റ്റും.

ഈ ചിത്രങ്ങള്‍ എനിക്ക് മ്ന്‍പ് നഷ്ടപ്പെട്ടതാണ്. പത്തുകൊല്ലം മുമ്പ് ഇവിടെ പോയിരുന്നു, ഇലവീഴാപൂഞ്ചിറ എന്ന് ബോഡ് കണ്ട് വണ്ടി തിരിച്ചു (അംബാസിഡറാണെ, അതും ഗാസ്), ആകാശം നോക്കി അവന്‍ വലിഞ്ഞുകേറി, പകുതിയെത്തിയപ്പോള്‍ മഞ്ഞ്, ചാറ്റല്‍. ഒന്നും കാണാന്‍ പറ്റിയില്ല, വണ്ടി തിരിക്കാന്‍ പെട്ട പാട് ഇപ്പോഴും ഓര്‍ക്കുന്നു.
വളരെ നന്ദി കേട്ടോ.

വേണു venu January 11, 2009 at 11:18 PM  

കാണാത്ത സ്ഥലങ്ങള്‍ നല്ല നല്ല ചിത്രങ്ങളില്‍ അനുഭവിപ്പിക്കുന്ന ഹരീഷ് നന്നായിരിക്കുന്നു.
അല്പ സ്വല്പം കൂടി സ്ഥല പുരാണമുണ്ടെങ്കില്‍ കുറച്ചും കൂടി അനുഭവിക്കാമായിരുന്നു എന്നും തോന്നി.
തുടരുക.:)

ചാണക്യന്‍ January 11, 2009 at 11:33 PM  

നല്ല പോസ്റ്റ് ഹരീഷ്..ഈ സ്ഥലത്തെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്..ചിത്രങ്ങളും നന്നായിട്ടുണ്ട്......

ഓടോ: ചിത്രങ്ങളുടെ വലുപ്പം കുറച്ചു കൂടെ....ആവശ്യക്കാര്‍ക്ക് ക്ലിക്കി വലുതാക്കാമല്ലോ...ഡയല്‍ അപ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ലോഡാവാന്‍ സമയം ഒത്തിരി ആവുന്നു.

...പകല്‍കിനാവന്‍...daYdreamEr... January 11, 2009 at 11:34 PM  

ബിസിനെസ്സ് ഒന്നും നോക്കാറില്ല അല്ലെ... ഇപ്പ ഇതാ പരിപാടി.. ചുമ്മാ കറങ്ങി നടക്കുകയാ .. നിങ്ങടെ ഒക്കെ ഒരു സമയം... :) ... കൊള്ളാം... നന്ദി കേട്ടോ...

പൊട്ട സ്ലേറ്റ്‌ January 12, 2009 at 1:06 AM  

കേള്‍ക്കാത്ത, കാണാത്ത സ്ഥലങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതിനു നന്ദി.

പാന്ച്ചളി കുളിച്ചതിനും ഇലവീഴാ പൂന്ചിര എന്ന സ്ഥലപ്പേരും തമ്മിലുള്ള ബന്ധം ശരിക്കങ്ങു മനസിലായില്ല കേട്ടോ !

ശിവ January 12, 2009 at 6:14 AM  

ഹരീഷ്, ഈ യാത്രാവിവരണം നന്നായി....ഏറെ ഹൃദ്യം.....ചിത്രങ്ങള്‍ക്ക് നല്ല വ്യക്തത.....

ഹരീഷ് തൊടുപുഴ January 12, 2009 at 7:07 AM  

കാന്താരിക്കുട്ടി: അല്ലേയല്ല; ചില മാസത്തിലെ ചില ആഴ്ചകളില്‍ തിരക്കു കുറവായിരിക്കും, അപ്പോഴാണ് ടൂര്‍ പ്ലാന്‍ ചെയ്യുന്നത്. ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് മൂന്നാര്‍ പോകാനാണ്. പക്ഷേ അതീ പത്തു ദിവസത്തിനുള്ളില്‍ പോയില്ലെങ്കില്‍, മാര്‍ച്ചിലേ പോകാന്‍ സാധിക്കൂ...
ഏതായാലും ഞാന്‍ വല്ലത്ത് സീമയില്‍ വരുന്നുണ്ട്..
അന്ന് കോടനാട് പോകണം എന്നും വിചാരിക്കുന്നു..
നന്ദിയോടെ..

ശ്രീനു: നന്ദി..

മേഘമല്‍ഹാര്‍: കാമെറ Nikon D60 ആണ്, നന്ദിയോടെ..

അനില്‍ജി: ഒന്നു കൂടി വരൂ; ഞാന്‍ ഗൈഡ് ചെയ്യാം...
ഇപ്പോള്‍ വഴിയൊക്കെ ടാര്‍ ചെയ്തിട്ടുണ്ട്, അത്രയ്ക്ക് കുഴപ്പമില്ല... നന്ദിയോടെ

വേണുവേട്ടാ: കേരളത്തിന്റെ ടൂറിസ്റ്റ്ഭൂപടത്തില്‍ ഈ സ്ഥലത്തിനു വലിയ സ്ഥാനമൊന്നുമില്ല, അതു കൊണ്ടുതന്നെ ഇവിടത്തേപറ്റിയുള്ള അറിവുകള്‍ നാട്ടുകാര്‍ക്ക് വരെ പരിമിതമാണ്... നന്ദിയോടെ

ചാണക്യജി: ഉറപ്പായും അടുത്ത തവണ മുതല്‍ ചിത്രങ്ങളുടെ വലുപ്പം കുറക്കുന്നതായിരിക്കും...നന്ദിയോടെ

പകല്‍കിനാവന്‍: ബിസിനെസ്സ് കളഞ്ഞിട്ട് ഒരു പരിപാടിക്കും ഇല്ലാട്ടോ...തികച്ചും ഫ്രീ ആകുന്ന ദിവസങ്ങളിലാണ് യാത്ര. നന്ദിയോടെ...

പൊട്ടസ്ലേറ്റ്: ഇലവീഴാപൂഞ്ചിറയ്ക്ക് ഇടുക്കിയുടെ ടൂറിസ്റ്റ്ഭൂപടത്തില്‍ തന്നെ മതിയാ‍യ പ്രാതിനിഥ്യം ഉണ്ടോ എന്നു സംശയമാണ്. ഏകദേശം പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പു മാത്രമാണ് ഈ സ്ഥലം കുറേശ്ശെ അറിയപ്പെട്ടു തുടങ്ങിയത്. ആദ്യമൊക്കെ ഇവിടെ എത്തണമെങ്കില്‍ 5 കി.മീ യോളം ദുര്‍ഘടമായ പാത ചവിട്ടിക്കയറണമായിരുന്നു. ആ ഒറ്റക്കാരണത്താല്‍തന്നെ ഇവിടെ സന്ചാരികളും കുറവായിരുന്നു. ഇപ്പോള്‍ തന്നെയാണെങ്കിലും ഇവിടെയെത്തിയാല്‍ ഒരു ചെറിയ ടൂറിസ്റ്റ് ബങ്ലാവ് മാത്രമേ ഉള്ളൂ. ഇലക്ട്രിക്സിറ്റി വരെ എത്തിയിട്ട് കുറച്ചുകാലമേ ആയുള്ളൂ. പിന്നെ കുറച്ച് മലകള്‍ മാത്രം കാണാനുണ്ട്. അതും മൊട്ടക്കുന്നുകളൊന്നുമല്ല. ഇപ്പോഴുള്ള റോഡ് തന്നെ കയറിച്ചെല്ലുമ്പോഴേക്കും മനുഷ്യന്റെ പരിപ്പിളകും. താഴത്തോ, മുകളില്‍ ചെന്നലോ ഒരു ഗ്ലാസ്സ് വെള്ളം കിട്ടാനുള്ള മാര്‍ഗ്ഗം കൂടിയില്ല. അതായത് ടൂരിസ്റ്റുകളെ അത്യധികം ആകര്‍ഷിക്കത്തക്കതൊന്നുംതന്നെ ഇവിടെയില്ല. കുറച്ചു കള്ളുകുടിക്കാനും, ട്രെക്കിങ്ങ് നടത്താനും തല്പരരാണ് ഇവിടെ വരുന്നതെന്നാണെന്റെ ഊഹം.
ഈ സ്ഥലത്തേ പറ്റി അന്വോഷിക്കുമ്പോള്‍ തന്നെ പലരു നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിരുന്നത്; എന്തിനാ അവിടെയ്ക്ക് പോകുന്നത്? ഒന്നുമില്ല അവിടെ കണാന്‍ എന്ന്..
അത് ഏറെക്കുറെ ശരിയുമാണ്...
ഈ പേരുണ്ടാകാന്‍ കാരണം മറ്റൊന്നുകൂടിയൂണ്ട്, ചെറുപ്പത്തില്‍ കേട്ടതാണ് ട്ടോ.. മരങ്ങളില്ലാത്തതിനാല്‍ അവയുടെ ഇലകള്‍ വീഴാതെ കിടക്കുന്നതിനാലും, പാഞ്ചലി കുളിച്ച ചോലയുള്ളതിനാലും ആയിരിക്കാമെന്നാണ് പണ്ടു പറഞ്ഞു കേട്ടിട്ടുള്ളത്...
നന്ദിയോടെ...

ശിവാ: നന്ദി..

സു | Su January 12, 2009 at 10:09 AM  

ഈ പോസ്റ്റിന് നന്ദി, ഹരീഷ്. ചിത്രങ്ങളൊക്കെ വളരെ ഇഷ്ടമായി. അവിടെ ഒന്നു പോകണം എന്ന് തോന്നുന്നുണ്ട്. പോവാൻ കഴിഞ്ഞാൽ പറയാം കേട്ടോ. :)

പിരിക്കുട്ടി January 12, 2009 at 11:18 AM  

enthaa sugam ningalkku...
yaathrakalokke cheythu..
manoharamaaya sthalangal okke kandu.....
nalla rasam...
photos okke nannayittundu k to

Sarija N S January 12, 2009 at 12:34 PM  

കേട്ടിട്ടുള്ളതില്‍ വച്ചു മനോഹരമായ ഒരു സ്ഥലപ്പേരായിരുന്നു “ഇലവീഴാപൂഞ്ചിറ”. പേരിന്‍റെ അത്രയും മനോഹാരിത സ്ഥലത്തിനുണ്ടോ എന്നൊരു സംശയം

ബിന്ദു കെ പി January 12, 2009 at 1:35 PM  

അങ്ങനെ പുതിയൊരു സ്ഥലം കൂടി കാണാൻ സാധിച്ചു. നന്ദി ഹരീഷ്. രണ്ടാമത്തേയും മൂന്നാമത്തേയും ഫോട്ടോകൾ ശരിയ്ക്കും കിടിലൻ!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. January 12, 2009 at 7:24 PM  

“കുറച്ച് തീയൊക്കെ കൂട്ടി, രണ്ടുമൂന്നു കോഴിയെ നിറുത്തിപ്പൊരിച്ച്, കുറച്ച് സ്വയമ്പനും അകത്താക്കി, ആഹ്ലാദിച്ച് നൃത്തമാടി, ഇളം കാറ്റേറ്റ് പാറപ്പുറത്തു വിശാലമായി കിടന്നുറങ്ങി...“

ഇതൊക്കെ സാധിച്ചോ? കുശുമ്പ് തോന്നുന്നു.

നല്ലപോസ്റ്റ് ഹരീഷ്.

നരിക്കുന്നൻ January 12, 2009 at 9:57 PM  

ആ കുന്നിൻ മുകളിൽ നിന്ന് ഒന്ന് കൂകി വിളിക്കാൻ എനിക്കും കൊതിയാകുന്നു ഹരീഷ്.

ചിത്രങ്ങളെല്ലാം മനോഹരമായി.
നാട്ടിൽ വരുമ്പോൾ ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ടെന്ന് മനസ്സിനെ എപ്പോഴും ഈ പോസ്റ്റുകൾ ഓർമ്മിപ്പിക്കുന്നു.

പാഞ്ചാലി :: Panchali January 13, 2009 at 2:47 AM  

പാഞ്ചാലി കുളിച്ച കുളം എന്ന് കേട്ട് വന്നതാണ്...
ഇലവീഴാപൂഞ്ചിറയെക്കുറിച്ച് ബ്ലോഗില്‍ പല പോസ്റ്റുകളും കാണാന്‍ കഴിഞ്ഞതില്‍ (ഞാന്‍ പല തവണ പോയിട്ടുള്ള സ്ഥലമായതിനാല്‍) വളരെ സന്തോഷം തോന്നി. പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പത്താമുദയത്തിനു ഞങ്ങള്‍ (രണ്ടുമൂന്നു ഫാമിലി) അവിടെ രാത്രി തങ്ങി ഉദയവും കണ്ട് മടങ്ങിയതോര്‍ത്തുപോയി. അന്ന് മലയ്ക്കപ്പുറത്ത് ഒരു ചിറയും അതിന് ചുറ്റും ഒരു ചെറിയ കരിമ്പിന്‍ തോട്ടവും ഉണ്ടായിരുന്നു. മലമുകളില്‍ നിന്നുള്ള സൂര്യോദയദൃശ്യം വളരെ മനോഹരമായിരുന്നു!
ചിറ‍ (കുളം) ഉള്ളതിനാലും, (പുല്ലല്ലാതെ) ഇല പൊഴിയുന്ന മരങ്ങള്‍ വളരെ കുറവായതിനാലും ആയിരിക്കണം “ഇലവീഴാപൂഞ്ചിറ” എന്ന മനോഹരമായ പേരു വന്നത്.

മാണിക്യം January 13, 2009 at 6:06 AM  

പച്ചാളത്തിന്റെ ‘ഇലവീഴപൂഞ്ചിറ’യേപറ്റിയുള്ള പോസ്റ്റ് വായിച്ചപ്പോള്‍ യ്യോ കുഞ്ഞു പടം എന്ന് മന‍സ്സില്‍ പറഞ്ഞു,ഹരീഷ് ആ കേട് തീര്‍ത്തു, ചിത്രങ്ങള്‍ മനോഹരം ..
ചേച്ചി തൊടുപുഴയാണ്,അവിടെ വന്നാല്‍ മലകയറ്റം ആണേറ്റം ഇഷ്ടം. അടുത്ത വരവ് ഒന്നു ശ്രമിക്കണം ...ഹരീഷിന്റെ ഈ വാക്കുകള്‍ “രാത്രി, കുറച്ച് തീയൊക്കെ കൂട്ടി, രണ്ടുമൂന്നു കോഴിയെ നിറുത്തിപ്പൊരിച്ച്, കുറച്ച് സ്വയമ്പനും അകത്താക്കി, ആഹ്ലാദിച്ച് നൃത്തമാടി, ഇളം കാറ്റേറ്റ് പാറപ്പുറത്തു വിശാലമായി കിടന്നുറങ്ങി... ” കാണിച്ച് വേണം പ്രലോഭിപ്പിക്കാന്‍ .. ..വീണ്ടും പറയട്ടേ മനോഹരമാണ് മനുഷ്യന്‍ കൈ വച്ചു നാശമാക്കാത്ത ഈ മലനാട് !!

lakshmy January 14, 2009 at 5:25 AM  

പച്ചാളത്തിന്റെ പോസ്റ്റ് വായിച്ചിരുന്നു. ഹരീഷിന്റെ പോസ്റ്റും വളരേ നന്നായിരിക്കുന്നു. ചുറ്റിയടിച്ചു നടക്കാൻ ഭാഗ്യം ചെയ്ത ജന്മങ്ങൾ!

പാവത്താൻ May 2, 2009 at 8:00 PM  

ശിവയുടെ പോസ്റ്റ്‌ വഴിയാണ്‌, താമസിച്ചാണെങ്കിലും,ഇവിടെ എത്തിയത്‌.പടങ്ങൾ കിടിലം.ഇലവീഴാപൂഞ്ചിറ.... പിനെ റ്റെന്റ്‌, കോഴി,സ്വയമ്പൻ...... പോണം, പോണം....പോയേ തീരൂ....

സോജന്‍ June 8, 2009 at 8:48 AM  

അത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ ഹരീഷ് ചേട്ട. ചിത്രങ്ങള് കിടു കിടിലന്‍‍.
ഈ യത്രയിലെങ്ങനും ഇലവീഴാപൂഞ്ചിറയിലുള്ള ഗുഹയെ പറ്റി കേട്ടിരുന്നൊ?
ഇവിടെയുള്ള ഗുഹക്കുള്ളില്‍ ഒരു ചെറിയ ഉറവ ഉണ്ടെന്നും ഗുഹക്കുള്ളില്‍ അയതിനല്‍ അതിനുള്ളില്‍ ഇലകള്‍ വീഴില്ലെന്നും അതിനാലനു ഇതിനു “ഇലവീഴാപൂഞ്ചിറ” എന്നു പേരു വന്നതെന്നും കേട്ടിട്ടു.പലതവണ പൊയിട്ടുണ്ടെങ്കിലും അങനെ ഒന്നു കണ്ടുപിടിക്കന്‍ പറ്റിയിട്ടില്ല.
ആ ഗുഹ ഒരു മണ്ണിടിചിലില്‍ തകര്‍ന്നെന്ന് നാട്ടുകരായാ ചിലര്‍ പറഞ്ഞു കേട്ടു. ഇങ്ങനെ ഒരു സംഭവത്തെ പറ്റി ഈ യത്രയില്‍ എന്തെങ്കിലും കെട്ടിരുന്നുന്വൊ?

Sankar September 15, 2009 at 6:18 PM  

ഹരീഷ് ഏട്ടാ,
ഞങള്‍ ഇവിടയൂം പോയിട്ടുണ്ട്. മുട്ടത്തു എഞ്ചിനീയറിംഗ് ഇന് പഠിക്കുമ്പോള്‍. ഒരു ദിവസം ഞങള്‍ എല്ലാം കൂടി ക്ലാസ്സ്‌ കട്ട്‌ ചെയ്തോണ്ട പോയെ.ഈ പോസ്റ്റ്‌ ആ യാത്രയെ ഓര്‍മിപ്പിക്കുന്നു.ഞങള്‍ ഒരു 30 എണ്ണം ഉണ്ടായിരുന്നു. ആ പാവം പോലീസ് കാര്‍ ഞങള്‍ക്ക് അവര്‍ താഴെ നിന്ന് കൊണ്ട് വന്ന വെല്ലോമൊക്കെ കുടിക്കാന്‍ തന്നു.
ഇവിടെ ആ വയര്‍ലെസ്സ് ടവര്‍ ഇന്റെ പുറകിലൂടെ താഴോട്ടു ഇറങിയാല്‍ ഒരു ഗുഹയില്‍ എത്തും. അതിനകത്ത് നിന്നും എപ്പോളും ഒരു ഉറവ വന്നു കൊണ്ടേ ഇരിക്കും.
ഇനി പോകുമ്പോള്‍ അവിടെ കോടി പോകാന്‍ നോക്കു കേട്ടോ

aathman / ആത്മന്‍ May 28, 2010 at 7:43 AM  

ഞങ്ങളുടെ പൂഞ്ചിറ യാത്ര ഇവിടെയുണ്ട് കണ്ട് നോക്കൂ...

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP