Monday, October 20, 2008

ബാച്ചിലേര്‍സ് ക്വാര്‍ട്ടേര്‍സ്..

താഴെ കാണുന്നത് കോട്ടയം ജില്ലയില്‍ കുണിഞ്ഞിക്കു സമീപം മേതിരി എന്ന സ്ഥലത്തുള്ള കൊണ്ടമറുക് മനക്കാരുടെ ബാച്ചിലേര്‍സ് ക്വാര്‍ട്ടേര്‍സ് ആണ്. പുരാതനകാലത്ത് ഈ വീടിനു സമീപമുള്ള നാലുകെട്ടിലായിരുന്നു കൊണ്ടമറുക് കുടുംബക്കാര്‍ താമസിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ കുടുംബത്തിലെ അവിവാഹിതരായ യുവാക്കള്‍ക്കു താമസിക്കുവാന്‍ വേണ്ടി പണികഴിപ്പിച്ചതായിരുന്നു ഈ കെട്ടിടം. നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം പുരാതനകാലത്തെ വാസ്തുശാസ്ത്രം എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നു നമുക്കു പറഞ്ഞുതരുന്നു. ടി.കെട്ടിടത്തിന്റെ ഒരു സൈഡ് വ്യൂ താഴെകൊടുത്തിരിക്കുന്നു. കരിങ്കല്ലുകൊണ്ടാണ് ഭിത്തികെട്ടിയിരിക്കുന്നത്.





ഇതാ അതിന്റെ ഒരു ഫ്രെന്റ് വ്യൂ...




തച്ചന്മാരുടെ ശില്പചാതുര്യത്തിന് മറ്റൊരു ഉദാഹരണമാണിത്. ആ മുഖപ്പ് കണ്ടോ? വര്‍ഷങ്ങളേറെ പഴക്കമുണ്ടെന്നോര്‍ക്കണം.
മൊത്തമായും തേക്കില്‍ തീര്‍ത്തിരിക്കുന്ന ഈ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ ഭിത്തിമുഴുവന്‍ തേക്കില്‍ പൊതിഞ്ഞിരിക്കുന്നു. അവിടെ നല്ല ഇരുട്ടായിരുന്നതിനാല്‍ അതിന്റെ സൌന്ദര്യം എനിക്കൊപ്പീയെടുക്കുവാന്‍ സാധിച്ചില്ല. തേക്കിന്‍ തടി കടഞ്ഞ കാലുകളാല്‍ മേല്‍ക്കൂരയെ താങ്ങിനിറുത്തിയിരിക്കുന്നു. തടിയില്‍ നിര്‍മിച്ച അരഭിത്തിയും അവയുടെ ഡിസൈനും നോക്കൂ; അന്നത്തെ കാലത്തെ തച്ചന്മാരുടെ കരവിരുതിനെ ഓര്‍മിപ്പിക്കുന്നു.
പിന്നെ, ഈ അരഭിത്തിയിലിരുന്നുകൊണ്ട് അന്നത്തെക്കാലത്തെ ഇളം മുറക്കാര്‍ തൊട്ടടുത്ത ദേവീക്ഷേത്രത്തില്‍ തൊഴാന്‍പോയിരുന്ന എത്രയോ തരുണീമണികളെ കണ്ണൂകളില്‍ നിറച്ച് സായൂജ്യമടഞ്ഞിരിക്കാം...അല്ലേ!!!




ആ ഉരുണ്ടതൂണുകള്‍ വെട്ടുകല്ല് [ചെങ്കല്ല്] കൊണ്ടുപണിത് ചെത്തീയെടുത്തിരിക്കുന്നതാണ്. ആ തൂണുകള്‍ക്കു മുകളിലൂടെ പോയിരിക്കുന്ന ഉത്തരം കണ്ടോ, അതൊരു ഒറ്റത്തടിയാണ്. ഇതെന്റെ ഭിത്തി തേച്ചിരിക്കുന്നത് കുമ്മായം കൊണ്ടാണ്.




ഇത് വീടിന്റെ പുറകുവശമാണ്. ഇവിടത്തെ ഓരോ കരിങ്കല്ലിനും, തടിഉരുപ്പടികള്‍ക്കും എത്രയോ പഴങ്കഥകള്‍ പറയാന്‍ കാണുമല്ലേ!!!





ഈ ഫോട്ടോകള്‍ എടുത്ത് നിങ്ങളീലേക്കെത്തിക്കാന്‍ എനിക്കനുവാദം തന്ന കൊണ്ടമറുക് മനയിലെ അംഗവും ശത്രുഘ്നന്‍ സ്വാമി, പോര്‍ക്കലി ഭഗവതി ക്ഷേത്രങ്ങളിലെ പൂജാരിയും, ഒരു ബ്ലോഗര്‍ കൂടിയുമായ ശ്രീനാഥിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...

Friday, October 17, 2008

കൊളപ്പെര [കുളിപ്പെര]

പുരാതനകാലത്ത് യഥേഷ്ടം ഉണ്ടായിരുന്നതും ഇപ്പോള്‍ അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്നതുമായ ഒരു ദൃശ്യമാണ് താഴെകൊടുത്തിരിക്കുന്നത്. താഴെ കാണുന്ന കുളിപ്പെര[കൊളപ്പെര], രാമപുരത്ത് മേതിരി എന്ന സ്ഥലത്തുള്ള ശത്രുഘ്നന്‍ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്ത് സ്ഥിതിചെയ്യുന്നു. ഗതകാല സ്മരണകള്‍ അയവിറക്കാനായി ഈ പടങ്ങള്‍ ഉപകരിക്കും എന്നു കരുതട്ടെ... കൊളപ്പെരയെപറ്റി കൂടുതല്‍ അറിയാവുന്നവര്‍ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ താല്പര്യപ്പെടുന്നു...





Thursday, October 9, 2008

തൊമ്മന്‍കുത്ത്

തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 18 കി.മി. സഞ്ചരിച്ചാല്‍ പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും, ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലെത്താം. ഇടുക്കിക്കടുത്തുള്ള പ്ലാപ്പള്ളത്തുനിന്നും[വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞുതന്നതാണ്ട്ടോ] ഉത്ഭവിച്ച് കൂവമലകുത്ത്, മുത്തി മുക്ക്, പളുങ്കന്‍ കുത്ത്, ചെകുത്താന്‍ കുത്ത്, തേന്‍ കുഴി കുത്ത്, ഏഴുനിലക്കുത്ത് എന്നിങ്ങനെ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കടന്ന് പത്താമത്തെ വെള്ളച്ചാട്ടമായ തൊമ്മന്‍ കുത്തിലെത്തിച്ചേരുന്നു. താഴെ തൊമ്മങ്കുത്തില്‍ നിന്നും വനമാര്‍ഗ്ഗം 13 കി. മി ഓളം മലകയറിയെങ്കിലേ അവസാനത്തെ വെള്ളച്ചാട്ടമായ കൂവമലകുത്തിലെത്തിച്ചേരാന്‍ സാധിക്കൂ. ഇതിനിടയില്‍ നരകന്‍ അള്ള്, മന്തിക്കാനം അള്ള്, കട്ടിലും കസേരയും, അടപ്പന്‍ ഗുഹ, പ്ലാപ്പൊത്തു ഗുഹ എന്നിങ്ങനെ ഒന്‍പതോളം ഗുഹകളുമുണ്ട്. തൊമ്മന്‍ കുത്തില്‍ നിന്നും മലയിലേക്കു യാത്രതിരിച്ചാല്‍ 19 കി.മി. യോളം സഞ്ചരിക്കണം അവസാനത്തെ ഗുഹയിലെത്തിച്ചേരാന്‍. വനത്തില്‍ കൂടി മുകളിലോട്ടു കയറും തോറും വന്യമൃഗങ്ങളെ കാണാമത്രെ. താഴെ തൊമ്മന്‍ കുത്തിലും, അവിടെനിന്നും ഒരു കി.മി യോളം സഞ്ചരിച്ചാലെത്തുന്ന ഏഴുനിലകുത്തിലും മാത്രമേ സഞ്ചാരികള്‍ കൂടുതലും വിഹരിക്കാറുള്ളൂ. മുകളിലോട്ടു പോകും തോറും അപകടസാധ്യത കൂടുതലുള്ളതിനാല്‍ ഞാനും യാത്ര ഏഴുനിലക്കുത്തുവരെയാക്കി.

താഴെകാണുന്നതാണ് തൊമ്മന്‍ കുത്ത്. ഇപ്പോള്‍ മഴയില്ലാത്തതിനാല്‍ ചെറിയ വെള്ളച്ചാട്ടമേ ഉണ്ടാ‍കൂ. സഞ്ചാരയോഗ്യവും ഈ സമയത്തുതന്നെയാണ് കെട്ടോ. അല്ലെങ്കില്‍, ഒരാളുനില്‍ക്കുന്നതു കണ്ടോ; അവിടെയൊന്നും നില്‍ക്കാനോ, അരുവിയില്‍ നീന്തിത്തുടിക്കാനോ കഴിയുകയില്ല. ഒഴുക്കില്‍ പെട്ട്, ഒട്ടേറെ പേരുടെ ജീവന്‍ അപഹരിക്കപ്പെട്ട സ്ഥലമാണിവിടം. ഈ സ്ഥലത്തിനു തൊമ്മന്‍ കുത്ത് എന്ന പേരു വന്നതെങ്ങനെയാണെന്നറിയേണ്ടെ? ഒരിക്കല്‍ തോമാന്‍ എന്നുപേരുള്ള ഒരു അരയയുവാവ് ഈ കുത്തിന്റെ മുകളിലുള്ള പ്ലവില്‍ ചക്കയിടാന്‍ കയറി. പ്ലാവിന്റെ മുകളില്‍ നിന്നും ടി.യാന്‍ പിടുത്തം വിട്ട് നേരെ ഈ കുത്തിലേക്കു വീണ് മരണപ്പെട്ടു. അന്നു മുതല്‍ക്കാണ് ഈ കുത്ത് തൊമ്മന്‍ കുത്ത് എന്നറിയപ്പെട്ടതെന്ന് പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടങ്ങള്‍ തരണം ചെയ്തു വരുന്ന ജലം കാളിയാര്‍ പുഴയിലേക്കു ചെന്നു ചേരുന്നു. കാളിയര്‍ പുഴ മുവാറ്റുപുഴയില്‍ വച്ച് മുവാറ്റുപുഴയാറുമായി സംയോജിക്കുന്നു.










തൊമ്മന്‍ കുത്തില്‍ നിന്നും മുകളിലോട്ടു കയറുമ്പോള്‍ വനം വകുപ്പിന്റെ ഒരു ഏറുമാടം ഉണ്ടാക്കിയിരിക്കുന്നതു കണ്ടു. അതില്‍ കയറി നിന്നു താഴോട്ടു നോക്കിയപ്പോള്‍ കണ്ട ദൃശ്യവും താഴെ...







ദാ നില്‍ക്കണ കണ്ടോ; ഒരു തദ്ദേശവാസിയാണ്ട്ടോ. അവന്റെ കൈയില്‍ ഇരിക്കുന്നതു കണ്ടോ. മുളം കുറ്റി. ആദ്യം ഞാന്‍ വിചാരിച്ചത് അതിനകത്തു ‘നാടന്‍’ ആയിരിക്കുമെന്നാണ്. എന്നെ വെറുതേ കൊതിപ്പിച്ചൂ.....





വനത്തിലൂടെ യാത്ര ചെയ്തപ്പോള്‍ കിട്ടിയ കുറച്ച് സീനറികളാണ്ട്ടോ. കൂറ്റന്‍ വൃക്ഷങ്ങളും, അതിഭയങ്കരങ്ങളായ പാറക്കെട്ടുകളും, ശാന്തമായൊഴുകുന്ന അരുവിയും... എല്ലാം..എല്ലാം... മനം കുളിര്‍പ്പിക്കുന്നുണ്ടോ. വേറെയൊരു സംഭവമുണ്ടായിരുന്നു കെട്ടോ. കാട്ടില്‍ നിന്നും ഒഴുകി വരുന്ന ഒരു നീര്‍ച്ചാല്‍. ആ ഫോട്ടോ അറിയാണ്ട് ഡിലൈറ്റിപ്പോയി. ക്ഷമിക്കണേ....












നമ്മളങ്ങനെ ഏഴുനിലക്കുത്തിലെത്തി കെട്ടോ. ഇനി സുന്ദരമായി ഒന്നു മുങ്ങിക്കുളിച്ചോളൂ....







ഇനി പിരിയാം. “ പാതയോരമായിരം തണല്‍ മാമരം
അതില്‍ തേനും തോല്‍ക്കും പൊന്‍ പഴങ്ങളും”
വെല്‍ക്കം ടു കൊടൈക്കനാലിലെ ഈ വരികളാണെനിക്കോര്‍മ്മ വരുന്നത്.... നന്ദിയോടെ


Thursday, October 2, 2008

ഭൂതത്താന്‍ കെട്ട്

കഴിഞ്ഞ ദിവസം ഭൂതത്താന്‍ കെട്ട് അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകളാണ് താഴെകാണുന്നത്. കോതമംഗലത്തുനിന്നും ഏകദേശം 15 കി.മീ യോളമുണ്ടിവിടേയ്ക്ക്. പെരിയാര്‍ നദിയില്‍ തീര്‍ത്തിരിക്കുന്ന ഈ അണക്കെട്ടിന്റെ നീളം ഏകദേശം 150 മീറ്ററോളമുണ്ടാകും. അണക്കെട്ട് അവസാനിക്കുന്നിടത്തുനിന്നും ഇടത്തോട്ടിറങ്ങിയാല്‍ പെരിയാറിന്റെ തീരത്തുകൂടി, വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്തുകൂടി കാല്‍ നടയായി യാത്ര നടത്താം.മനസ്സിനു കുളിര്‍മ നല്‍കാന്‍ കഴിയുന്നൊരു യാത്രയായിരിക്കുമത്...




















ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP