കുമരകം കാഴ്ചകള്‍!!!
വേമ്പനാട്ട് കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളുടെ സമൂഹമാണ് കുമരകം. പ്രസിദ്ധിയാര്‍ജിച്ച വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. സ്വദേശികളും, വിദേശികളുമായ സഞ്ചാരികള്‍ നിത്യേന ഇവിടെ സന്ദര്‍ശിക്കുന്നു. നെല്ല്, തേങ്ങ എന്നിവ ഇവിടെ സമ്രുദ്ധിയായി വിളയുന്നു. കണ്ടല്‍കാടുകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണിവിടം. കരിമീന്‍,ചെമ്മീന്‍, കക്ക എന്നിവയും സുലഭമായി ഇവിടെ കാണപ്പെടുന്നു. ദേശാടനപക്ഷികള്‍ കൂട്ടംകൂട്ടമായി വിരുന്നുവരുന്ന ഈ പ്രദേശം, പക്ഷിഗവേഷകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഒരു മ്യൂസിയം കൂടി ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
കുമരകം; സഞ്ചാരികളുടെ പറുദീസ!! വേമ്പനാട്ട് കായലിലെ കുഞ്ഞലകളെ തഴുകി ഉണര്‍ത്തി സംഗീതസാന്ദ്രമായ ഒരു സവാരി!!
ആ സ്വപ്നവുമായി ഞങ്ങള്‍ ആറുപേര്‍; കഴിഞ്ഞ ഞായറാഴ്ചയിലെ തണുത്തവെളുപ്പാന്‍കാലത്ത് കോട്ടയത്തേക്ക് യാത്ര തിരിച്ചു.
ബേക്കറി ജംഗ്ഷനില്‍നിന്നും 16 കിലോമീറ്റെറോളം യാതചെയ്ത് ഉച്ചയോടെ കുമരകത്തെത്തി. അവിടെ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റെറോളം സഞ്ചരിച്ച് താജ് ഹോട്ടെല്‍, KTDC, മ്യൂസിയം, പക്ഷിഗവേഷണസങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന ‘കവണാറ്റിങ്കര’യിലെത്തിച്ചേരുകയും, അവിടെനിന്ന് എഞ്ചിന്‍ പിടിപ്പിച്ച ഒരു വള്ളം തരപ്പെടുത്തുകയും ചെയ്തു.
മണിക്കൂറിന് മുന്നൂറു രൂപായായിരുന്നു അതിന്റെ ചാര്‍ജ്. 
മോട്ടോര്‍ബോട്ട്, ഹൌസ്ബോട്ട് എന്നിവയ്ക്ക് മണിക്കൂറിന് യഥാക്രമം 400, 1500 ആയിരുന്നു ചാര്‍ജ്. സീസണ്‍ ഔട്ട് ആകുമ്പോള്‍ ഇതിലും ചാര്‍ജ് താഴ്ത്തി ഹൌസ്ബോട്ടുകള്‍ തരപ്പെടുത്തിതരാമെന്ന് ഞങ്ങളുടെ വള്ളത്തിന്റെ ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.

കവണാറ്റിങ്കരയുടെ കനാല്‍തോട്ടില്‍നിന്നും രസകരവും, സാഹസികവുമായ ആ യാത്ര ഞങ്ങള്‍ ആരംഭിച്ചു. യാത്രയിലുടനീളം പലവിധകമ്പനികളുടെ വള്ളം, മോട്ടോര്‍ബോട്ട്, ഹൌസ്ബോട്ട്, സ്പീഡ്ബോട്ട് എന്നിവ സഞ്ചാരികളുമായി നീങ്ങുന്നത് കാണാമായിരുന്നു. അതില്‍ വാരാന്ത്യം ആഘോഷിക്കാനെത്തിയ സ്വദേശികളും, വിദേശികളുമായ സഞ്ചാരപ്രിയര്‍ ആര്‍ത്തുല്ലസിക്കുന്നുണ്ടായിരുന്നു.



ഇതാണ് ഞങ്ങള്‍ സഞ്ചരിച്ച വള്ളത്തിന്റെ ഉള്‍ഭാഗം. മറ്റുള്ളവയേക്കാള്‍ കാഴ്ചകള്‍ കണ്ടാസ്വദിക്കുവാന്‍ സൌകര്യപ്രദം ഈ വള്ളത്തിനു തന്നെയാണെന്നെനിക്കു തോന്നുന്നു.

ഇവന്‍ പുലിയാണ് ട്ടോ!! ഇതു ഓടിക്കുന്ന ഹിപ്പിയെ കണ്ടില്ലേ; അവനൊരു പുപ്പുലിയാണ് ട്ടോ!!
അങ്ങനെ കനാലിലൂടെ കുറച്ചു ദൂരം സഞ്ചരിച്ച് ഞങ്ങള്‍ വേമ്പനാട്ട് കായലോരത്ത് എത്തിച്ചേര്‍ന്നു. 
പോകുന്നവഴിയില്‍, സഞ്ചാരികളെ ഹാര്‍ദ്ദമായി സ്വീകരിക്കാനൊരുങ്ങിയിരിക്കുന്ന സുന്ദരികളായ കോട്ടേജുകളെ കാണാമായിരുന്നു.

ഇതില്‍ ഒരു സ്യൂട്ടിന് ഒരു ദിവസത്തേക്ക് 20,000/- രൂപയാകുമെന്നാണ് ഡ്രൈവെര്‍ പറഞ്ഞത്!!!
സമയം ഒന്നയോടടുത്തിരുന്നു. എല്ലാവര്‍ക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. കായലിന്റെ ഓരത്തുള്ള [അതോ ദ്വീപോ] ഒരു ഭക്ഷണശാലയില്‍ കയറുകയും, വിഭവസമൃദ്ധമായ ഊണ് കഴിക്കുകയും ചെയ്തു. കുമരകത്തിന്റെ തനതു മത്സ്യഭക്ഷണമായ കരിമീന്‍ ആയിരുന്നു ഞങ്ങളുടെ സ്പെഷ്യല്‍; കൂടെ പൊടിമീനും!! അവിയല്‍ മാത്രം അത്ര പോരാ; കപ്പപ്പുഴുക്കുമാതിരി ഇരിക്കുന്നു..
ഇതു മീന്റെ സൈസ് കാണിക്കാന്‍ കൊണ്ടുവച്ചതാണ് ട്ടോ!!
പച്ചമീനാണേ; കൊതിപിടിക്കേണ്ട..
ഭക്ഷണശേഷം തണ്ണീര്‍മുക്കം ബണ്ട് ലക്ഷ്യമാക്കി യാത്രതുടങ്ങി. യാത്രയിലുടനീളം ആഫിക്കന്‍പായല്‍ കെട്ടിക്കിടക്കുന്നത് കാണാമായിരുന്നു.
കൂടെ വിവിധയിനം പക്ഷികളെയും കാണാമായിരുന്നു. പായലുകള്‍ ജലാശയത്തിന്റെ ഉപരിഭാഗത്ത് പൊങ്ങികിടക്കുകയാണ്. അതായത് ഇതിന്റെ വേര് ഉപരിഭാഗത്തിനുതൊട്ടടിയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. കാറ്റിന്റെ ദിശക്കനുസ്രുതമായി സായാഹ്നത്തോടെ അവ കരക്കടിയുകയും, പ്രഭാതത്തില്‍ കായലിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. കായലും, കടലും കൂടിച്ചേരുന മുഹമ്മയിലെ ഷട്ടറുകള്‍ തുറക്കുന്നസമയത്ത്, കടലിലെ ഉപ്പുവെള്ളം കായലില്‍ പ്രവേശിക്കുമ്പോഴേ ഇവ നശിച്ചുപോകാറുള്ളൂ.
ഇതു കണ്ടോ; പായല്‍ പൂവ്!! ഭംഗീണ്ട് ല്ലേ..



ഞങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിനോടടുത്തുകൊണ്ടിരുന്നു. ഒരു സൈഡിലായി തെങ്ങിന്‍തോപ്പുകള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതുകാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. 
തണ്ണീര്‍മുക്കം ബണ്ട് അടുക്കുന്നതുനിമുന്‍പായി, വലത്തുവശത്തെ കരയോടുചേര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ചീനവലകള്‍ വിരിച്ചിരിക്കുന്നത് കാണാമായിരുന്നു. 
രാത്രിയാകുമ്പോള്‍ ഈ വലകളിട്ടിരിക്കുന്ന ഭാഗത്തുഘടിപ്പിച്ചിരിക്കുന്ന ചുവന്ന ലൈറ്റുകള്‍ പ്രകാശിക്കുകയും; ഇതു കണ്ട് മീനുകള്‍ കൂട്ടത്തോടെ വലയിലേക്ക് ആകര്‍ഷിക്കപ്പെടുകയും, ഇതില്‍ അകപ്പെടുകയും ചെയ്യുന്നു.
പാവം മീനുകള്‍!!!
ബണ്ടിന്റെ നിര്‍മാണത്തോടുകൂടി കായലിലേക്ക് കടലിന്റെ സമ്പര്‍ക്കമില്ലാത്തതിനാല്‍ ; ഉപ്പുകല്ര്ന്ന ജലാംശത്തിന്റെ അഭാവം നിമിത്തം മത്സ്യസമ്പത്തിന് ഒരളവുവരെ കുറവുസംഭവിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഉപ്പുകലര്‍ന്ന ജലാംശത്തിലാണത്രേ മത്സ്യങ്ങളൂടെ പ്രജജനം കൂടുതല്‍ നടക്കുക!!!
ഇതാണ് തണ്ണീര്‍മുക്കം ബണ്ട്. ഉപ്പുവെള്ളം കയറി കൃഷികള്‍ നശിക്കാതിരിക്കാനായിരുന്നു, കായലിനേയും കടലിനേയും വേര്‍തിരിക്കാന്‍ ഈ ബണ്ട് നിര്‍മിച്ചതത്രേ. 
ഇതിന്റെ ഷട്ടറുകള്‍ ഡിസംബറില്‍ താഴ്ത്തുകയും, മേയ്മാസത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നു..
കണ്ടോ; ആകാശനീലിമയും, കായല്‍നീലിമയും ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്!!!
റോഡ് മാര്‍ഗ്ഗം വലത്തുവശത്തേക്ക് കോട്ടയത്തിനും, ഇടത്തേക്ക് ആലപ്പുഴക്കും പോകാം...
അവിടെനിന്നും നടുക്കായലിലൂടെയാണ് പാതിരാമണലിലേക്ക് യാത്രതിരിച്ചത്.
ഇരുവശത്തേക്കുള്ള കരകളും നോക്കത്താദൂരത്തായിരുന്നു...
അങ്ങകലെ ഒരു ഹൌസ്ബോട്ട് നങ്കൂരമിട്ടുകിടക്കുന്നത് കണ്ടോ?
‘ആഴക്കടലില് എന്തിരണ്ണാ പരിപാടികള്’
നമ്മള്‍ ഊഹിക്കുന്നതിനുമപ്പുറത്ത് പലകളികളും ഈ നടുക്കായലില്‍ നടക്കുന്നുണ്ടെന്നാണ് ഡ്രൈവെര്‍ സാബ് പറഞ്ഞുതന്നത്;
മിണ്ടാതെ കാണാത്തഭാവംവെച്ചു കടന്നുപോകുക... അത്രന്നേ.
നടുക്കായലില്‍, ഒരു കൊച്ചുവള്ളത്തില്‍ വലയെറിയുന്ന മുക്കുവനെ കണ്ടോ?
ഈ ചേട്ടന്‍ പുലിയാണ് കെട്ടോ!!
എന്തൊരു ധൈര്യം!!
എന്റമ്മോ!!
ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ കൂറ്റന്‍ ബോട്ട്; 15 ടണ്‍ കക്കയും വഹിച്ചാണതിന്റെ യാത്ര...
അങ്ങൈനെ ഞങ്ങള്‍ പാതിരാമണല്‍ ദ്വീപിലെത്തി. അകലെ കുമരകം ബോട്ടപകടം നടന്ന സ്ഥലം നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ ചൂണ്ടിക്കാണിച്ചുതന്നു. ഒരു നിമിഷം വീട്ടുകാരെ ഓര്‍ത്തപ്പോള്‍, ഞങ്ങളിലെല്ലാവര്‍ക്കും മനസ്സില്‍ അകാരണമായ ഒരു ഭീതി പടര്‍ന്നു.
അതിമനോഹരമാണെങ്കിലും, ഈ ആഴക്കായലില്‍ മുങ്ങിപ്പോയാല്‍ എത്ര നീന്തല്‍ വിദഗ്ധന്‍ ആണെങ്കിലും, ജീവനോടെ തിരിച്ചു കിട്ടുകയില്ല. പിന്നല്ലേ നീന്തലിന്റെ ബാലപാഠം പോലുമറിയാത്ത ഞാന്‍!!!
എന്റെ അടുത്തിരുന്ന നാസര്‍ക്കാ അള്ളാഹുവിനെ വിളിച്ച് ആത്മഗതം പ്രകടിപ്പിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു...
നൂറുകണക്കിന് ദേശാടനപക്ഷികളുടെ വാസസ്ഥലമാണ് 100 ഏക്കറോളം വ്യപിച്ചുകിടക്കുന്ന ഈ കാട്. കുമരകം-മുഹമ്മ ജലപാതയിലാണീ ദ്വീപ്. ധാരാളം വൃക്ഷലതാദികള്‍ തിങ്ങിനിറഞ്ഞു വളരുന്ന പ്രദേശമാണിവിടം. ഇതിന്റെ ഉള്ളില്‍ ഒരു ലക്ഷ്മീദേവീക്ഷേത്രം സ്ഥിതിചെയ്യുനുണ്ട്. SNDP യുടെ വകയാണീ ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ പൂജ നടത്താറുണ്ടിവിടെ.
70 ഓളം കുടുംബങ്ങള്‍ ഇവിടെ വസിക്കുന്നുമുണ്ട്. മീന്‍ പിടുത്തമാണ് അവരുടെ പ്രധാന തൊഴില്‍. ഇപ്പോള്‍ KTDC ഏറ്റെടുത്തിരിക്കുന്ന ഈ പ്രദേശത്തുനിന്ന് കുറച്ചു കുടുംബക്കാരെ കുടിഒഴിപ്പിച്ചിട്ടുണ്ട്. അവരെ മറുകരയില്‍ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഇതാണ് കണ്ടല്‍ചെടി.
ഈ ചെടിയുടെ പ്രത്യേകത എന്താണെന്നറിയേണ്ടെ...
കണ്ടല്‍ക്കാടുകള്‍ കടല്‍ഭിത്തിക്കു തുല്യമാണ്!!!
പാതിരാമണല്‍ക്കാഴ്ചള്‍ ആസ്വദിച്ചതിനുശേഷം തിരികെ യാത്ര തുടങ്ങി. ബോട്ടിന്റെ സീറ്റിങ്ങ് കപ്പാസിറ്റി കൃത്യമാണോ എന്നറിയാന്‍ സ്പീഡ്ബോട്ടില്‍ പോലീസുകാര്‍ പട്രൊളിങ്ങ് അടിക്കുന്നുണ്ടായിരുന്നു. കുമരകം ദുരന്തത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ അലയടിച്ചിരുന്നുവെങ്കിലും, ഞങ്ങളെല്ലാവര്‍ക്കും മറക്കാനാവാത്ത, പുതുമനിറഞ്ഞ, ആവേശഭരിതമായ യാത്രയായിരുന്നു ഇത്..
കായലിലെ മന്ദമാരുതന്റെ തഴുകലേറ്റ് വള്ളത്തിന്റെ സീറ്റില്‍ ചാരിക്കിടക്കുമ്പോള്‍ ഞാനോര്‍ത്തിരുന്നത്, എന്റെ ജീവിതത്തിലെ അതിസുന്ദരമായ ഈ യാത്രയേപറ്റിയായിരുന്നു...
അകലെ; സൂര്യതേജസ്സ് തന്റെ അന്നത്തെ കൃത്യനിര്‍വഹണശേഷം ഞങ്ങളോട് വിടപറഞ്ഞ് കായലിന്റെ അഗാധതയിലേക്ക് മുങ്ങാംകുഴിയിടാന്‍ തുടങ്ങിയിരുന്നു.
നല്ലൊരു ഉത്സവപ്രതീതിയും, പുത്തനുണര്‍വും സമ്മാനിച്ച ഈ യാത്രാനുഭവം കരയ്ക്കടുത്തിട്ടും ഞങ്ങള്‍ക്കാര്‍ക്കും മറക്കുവാന്‍ കഴിഞ്ഞിരുന്നില്ല. സമയപരിമിതിമൂലം മ്യൂസിയവും, പക്ഷിസങ്കേതവും കാണാന്‍ സാധിച്ചിലെങ്കിലും ഇനിയും വരാമെന്ന അതിയായ ആഗ്രഹത്തോടെ, സംതൃപ്തി നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ ആ തീരത്തോട് വിട ചൊല്ലി...
ഈ മലയാളനാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞ ഭാഗ്യത്തിന് ദൈവത്തോടുള്ള നന്ദിയോടെയും; അഭിമാനത്തോടു കൂടിയും...