ഇലവീഴാപൂഞ്ചിറ
ആരണ്യവാസകാലഘട്ടത്തിനിടയിലെപ്പോഴോ പഞ്ചപാണ്ഡവന്മാരും, അവരുടെ പത്നിയായ പാഞ്ചാലിയും ഈ പുല്‍മേട്ടിലെത്തുകയുണ്ടായി. ആ കാലഘട്ടത്തില്‍ പാഞ്ചാലി ഇവിടെയുള്ള ഒരു ചോലയില്‍ നീരാടിയിരുന്നുവെന്നും, ആ ചോല ഉള്‍പ്പെട്ട പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് ‘ഇലവീഴാപൂഞ്ചിറ’ എന്ന പേര്‍ ലഭിച്ചതെന്നും ഐതീഹ്യം!!! ഇതിനോടനുബന്ധിച്ച് ഒരു ക്ഷേത്രം കൂടി താഴ്വാരത്തില്‍ കുടികൊള്ളുന്നുണ്ടെന്നും പറയപ്പെടുന്നു.
തൊടുപുഴയില്‍ നിന്നും മൂലമറ്റം വഴി സഞ്ചരിച്ച് കൂടയത്തൂര്‍ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കി.മീ. യോളം യാത്ര ചെയ്താല്‍ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ്കേന്ദ്രത്തിലെത്താം. 6 കി.മീ യോളമുള്ള റോഡ് ടാര്‍ ചെയ്തവയാണ്. വീതി കുറഞ്ഞതും അപകടകരമായ ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞതുമാണീ വഴി. 6 കി.മീ താണ്ടിയെത്തി ഒരു കിലോമീറ്റെറോളം കല്ലും, മണ്ണും, കയറ്റവും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് മലയുടെ ഉച്ചിയിലെത്താം. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കുള്ളതാണീ പ്രദേശം.

കുന്നിന്മുകളിലേക്കുള്ള യാത്രയില്‍ ഏറ്റവും ആകര്‍ഷണീയമായ ഒരു കാഴ്ചയാണ്, അകലെ മാമലകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന ഈ കാഴ്ച!!!
താഴ്വാരത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞാര്‍, അറക്കുളം ടൌണുകളും; കാഞ്ഞാര്‍ പുഴയും അതിനു കുറുകേയുള്ള പാലവും നല്ലൊരു മനോഹരമായ കാഴ്ച നമുക്ക് പ്രദാനം ചെയ്യുന്നു. 
അറക്കുളത്തെ പ്രസിദ്ധമായ st.ജോസെഫ് കോളേജും നമുക്ക് ദര്‍ശിക്കാനാകുന്നു.
കുന്നിന്‍ മുകളില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ടായിരുന്നെങ്കിലും അത് അടഞ്ഞ നിലയിലായിരുന്നു. ഇവിടെ ഒരു ചെറിയ ചായപ്പീടിക ഉണ്ടായിരുന്നെങ്കിലും അതും പൊളിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. നട്ടുച്ചസമയം കഴിഞ്ഞതിനാലാവണം സഞ്ചാരികളും വിരലിലെണ്ണാനുള്ളവരേ ഉണ്ടായിരുന്നുള്ളൂ. നല്ല ചൂടുണ്ടായിരുന്നതിനാല്‍ ഞാനും, എന്റെ കൂട്ടുകാരും ഒരു പാറപ്പുറത്തിന്റെ മറവില്‍ കിടന്നു. നല്ല ഇളം കാറ്റടിക്കുന്നുണ്ടയിരുന്നു. വെയിലിന്റെ കാഠിന്യം കൂടിയതിനാലാവണം സസ്യജാലങ്ങളെല്ലാം ഉണങ്ങിക്കരിയാന്‍ തുടങ്ങിയിരുന്നു. ഇങ്ങേമലയില്‍ നിന്നും വിളിച്ചുപറയുന്നതിന്റെ പ്രതിധ്വനി അങ്ങേമലയില്‍ തട്ടി തിരിച്ചുവരുന്നുണ്ടായിരുന്നു. കുറേ നാളുകള്‍ക്കുശേഷം ഞാനും ആര്‍മാദിച്ച് ഒന്നു ‘കൂവു’കയുണ്ടായി!!! എന്തു രസം!!!


അകലെ മറ്റൊരു മലയില്‍ പോലീസിന്റെ ഒരു വയലെസ്സ് സ്റ്റേഷന്‍ കാണാമായിരുന്നു. മേലുകാവില്‍ നിന്നും വരുന്ന വഴിക്കാണ് അത് സ്ഥിതിചെയ്തിരുന്നത്. കഴിഞ്ഞതവണ എന്റെ കൂടെയുള്ള ഒരാള്‍ വന്നപ്പോള്‍ ദാഹശമനത്തിനുവേണ്ടി സമീപിച്ചത് അവരുടെ അടുത്തായിരുന്നു. കാരണം ഒരു തുള്ളിവെള്ളം കിട്ടാനുള്ള സ്കോപ്പ് ഇവിടെയില്ല. പച്ചാളത്തിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചേടത്തിയുടെ പൊടിപോലുമില്ല!!!
താഴെ താഴ്വാരത്തിനിന്നും തമിഴന്മാര്‍ ഈറ്റ വെട്ടി ചുമടേന്തി കയറിവരുന്നത് കാണാമായിരുന്നു. ഇതും കൊണ്ടവരുടെ പെണ്ണുങ്ങള്‍ കുട്ടയുണ്ടാക്കി വില്‍ക്കും..
ഇതു കണ്ടോ, ഒരു സുന്ദരിക്കുട്ടി!!! ഇവളുടെ പേരറിയാമോ ആര്‍ക്കെങ്കിലും?
ഞാന്‍ ഒരു കമ്പ് ഒടിച്ച് കൊണ്ടുവന്ന് പറമ്പില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്..
ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കായുള്ളതാണീ പ്രദേശം. എന്റെ അഭിപ്രായത്തില്‍, ഇവിടെ വരുമ്പോള്‍ ഏകദേശം നാലുമണിയോടടുത്ത് വരണം. ഭക്ഷണവും, കുടിവെള്ളവും കരുതണം. ഒരു ടെന്റ് കൂടിയുണ്ടെങ്കില്‍ രാത്രി, കുറച്ച് തീയൊക്കെ കൂട്ടി, രണ്ടുമൂന്നു കോഴിയെ നിറുത്തിപ്പൊരിച്ച്, കുറച്ച് സ്വയമ്പനും അകത്താക്കി, ആഹ്ലാദിച്ച് നൃത്തമാടി, ഇളം കാറ്റേറ്റ് പാറപ്പുറത്തു വിശാലമായി കിടന്നുറങ്ങി... ബാലഭാസ്കരന്റെ ഉദയവും കണ്ട് തിരിച്ചിറങ്ങാം. ഇതൊക്കെ അനുവദനീയമാണോ എന്ന് അറിയില്ല കെട്ടോ!!!

സത്യത്തില്‍ ഈ യാത്ര പൂര്‍ണ്ണമാണോ എന്നു ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. ഈ മലമുകളില്‍ എത്തുമ്പോഴേക്കും പരിപ്പിളകും. അതുകൊണ്ട് കൂടുതല്‍ ചുറ്റിയടിച്ചില്ല.
ഏതായാലും ഒരിക്കല്‍ക്കൂടി പോകണം ഇലവീഴാപൂന്ചിറയിലേക്ക്. കുറച്ചുകൂടി കരുതലോടു കൂടി. ആ അമ്പലമൊന്നു കാണണം, പാഞ്ചാലി സ്നാനംചെയ്ത ആ കുളവും.. പിന്നെ ഈ മലകളുടെയെല്ലാം ഉച്ചിയിലൊന്നു കയറുകയും ചെയ്യണം...
പച്ചാളത്തിന്റെ ഇലവീഴപൂഞ്ചിറയേപറ്റിയുള്ള പോസ്റ്റ് ഇവിടെയുണ്ട്