വാഗമണ്‍ - പ്രക്രുതിയുടെ വരദാനം
ഇടുക്കി ജില്ലക്ക് ലഭിച്ച പ്രക്രുതിയുടെ വരദാനമാണ് വാഗമണ്‍. സമുദ്രനിരപ്പില്‍ നിന്നും 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷിയസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും; മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും; വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും; അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ് പോയിന്റും; ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും; തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിക് ട്രാവല്ലെര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും യോജിച്ചതാണെന്ന് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.
ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്. ഇനി താഴെയുള്ള ചിത്രങ്ങള്‍ കാണൂ....
തീക്കോയിയില്‍ നിന്നും വാഗമണ്ണിലേക്കുള്ള യാത്രയില്‍ വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്, ആറേഴ് കിലോമീറ്റെര്‍ ദൂരം കീഴ്ക്കാംതൂക്കായി കിടക്കുന്ന ഭീമന്‍ പാറകള്‍ അരിഞ്ഞിറങ്ങി റോഡ് നിര്‍മിച്ചിരിക്കുന്ന കാഴ്ച!! എത്രയോ തൊഴിലാളികളുടെ എത്ര ദിവസത്തെ വിയര്‍പ്പിന്റെയും, അദ്ധ്വാനത്തിന്റെയും ഫലമായിരിക്കും അത്!! മറുസൈഡില്‍ അഗാധമായ കൊക്കകള്‍; അങ്ങകലെ കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന മലനിരകളും. കൊക്കകളിലേക്ക് റോഡ് പണി കഴിഞ്ഞ് മിച്ചം വന്ന പാറക്കല്ലുകള്‍ ഉപേക്ഷിച്ചു പോയിരിക്കുന്നതായും കാണാം...
അങ്ങനെ നമ്മള്‍ വാഗമണ്ണിന്റെ വന്യമായ ഹരിതഭംഗിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഒരു വശത്ത് തേയില തോട്ടങ്ങള്‍ കാണാം. മൊട്ടകുന്നുകളിലേക്കുള്ള പ്രവേശനത്തിന് അഞ്ചു രൂപ പാസ്സ് എടുക്കേണ്ടതുണ്ട്. വാഗമണ്ണിന്റെ പ്രധാന ആകര്‍ഷണങ്ങളായ മൊട്ടക്കുന്നുകളും, അവയ്ക്കിടയിലുള്ള ചെറിയ തടാകവുമെല്ലാം താഴെ കാണാം...
മറ്റൊരാകര്‍ഷണമായ പൈന്‍ മരക്കാടുകളാണ് താഴെക്കാണുന്നത്. ഇവയുടെ പള്‍പ് ഉപയോഗിച്ചാണ് കറന്‍സി നോട്ടുകള്‍ നിര്‍മിക്കുന്നതത്രെ!; ഇതിനടുത്ത് നാമമാത്രമായി ടൂറിസ്റ്റ് റിസോര്‍ട്ടുകളും ഉണ്ട്.
ഇന്‍ഡോ-സ്വിസ് പ്രൊജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍, ആരോഗ്യ പ്രതിരോധ പ്രശ്നങ്ങളുടെ ഭാഗമായി സന്ദര്‍ശനം വിലക്കപ്പെട്ടിരുന്ന സമയമായിരുന്നതു കൊണ്ട് അവിടം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. എങ്കിലും കന്നുകാലികള്‍ മേഞ്ഞുനടക്കുന്ന ഈ ചിത്രം കാണൂ; എന്തൊക്കെയോ മനസിലേയ്ക്ക് ഓടി വരുന്നില്ലേ....
പിന്നീട് ഞങ്ങള്‍ പോയത് ഭയാനകമായ സ്മരണകള്‍ ഉറങ്ങുന്ന സൂയിസൈഡ് പോയിന്റിലേക്കായിരുന്നു. അവിടെ എത്തിച്ചേര്‍ന്നപ്പോഴേക്കും, അന്തരീക്ഷം കോടമഞ്ഞാല്‍ ആവരണപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നെ ശക്തിയായ മഴയും. കോടമഞ്ഞിറങ്ങിയതിനാല്‍ താഴ്വരയുടെ ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിച്ചില്ല. വളരെയേറെ സൂക്ഷിക്കേണ്ട സ്ഥലമാണിവിടം. ആളെ തിരിച്ചറിയാനാവാത്ത വിധം മഞ്ഞു മൂടിക്കിടന്നിരുന്ന ഈ ഭാഗത്ത് എവിടെയാണ് വഴി അവസാനിക്കുക എന്നറിയാനേ കഴിയില്ല. നല്ല ശ്രദ്ധയോടു കൂടി വേണം ഓരോ കാലടികളും വയ്ക്കാന്‍, ഇല്ലെങ്കില്‍ അഗാധമായ കൊക്കകളില്‍ ആയിരിക്കും അന്ത്യവിശ്രമം കൊള്ളുക. മുസ്ലീംകളുടെ തീര്‍ത്ഥടനകേന്ദ്രമായ തങ്ങള്‍ മല ഇതിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്; പക്ഷെ മൂടല്‍ മഞ്ഞായതിനാല്‍ കാണാന്‍ സാധിച്ചില്ല.
താഴെ കാണുന്ന നടകള്‍ കയറി എത്തുന്നിടമാണ് ക്രിസ്റ്റിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമല; അങ്ങകലെ എന്റെ കൂടെയുള്ള കൂട്ടുകാര്‍ മല കയറി പോകുന്നതു കണ്ടോ, അതാണ് മുരുഗന്‍ മല. മലയുടെ മറുവശത്ത് ഒരു മുരുഗക്ഷേത്രമുണ്ട്.
താഴെ ഇറങ്ങിയപ്പോള്‍ സ്കൂള്‍ വിട്ടു പോകുന്ന രണ്ടു കുട്ടികളും, അമ്മയും നടന്നു പോകുന്നു. സമയം 4.30 ആകുന്നു; ഇനി തിരിച്ചിറങ്ങുകയാണ്, വീണ്ടും വരണം എന്ന അതിയായ ആഗ്രഹത്തോടുകൂടി.....