തേക്കടി യാത്രകൾ-1; 26/06/2009
തലേദിവസം ഉച്ചതിരിഞ്ഞുതൊട്ടു പെയ്യാൻ തുടങ്ങിയ മഴ ശമിച്ചിട്ടുണ്ടായിരുന്നില്ല. വെളുപ്പിനു അഞ്ചരയ്ക്കു വച്ചിരുന്ന അലാറാം തുടർച്ചയായി മുഴങ്ങിയപ്പോൾ, തെല്ല് ആലസ്യത്തോടെ എഴുന്നേറ്റ് ടി.യാനെ ഓഫാക്കി കിടക്കയിലേക്കുതന്നെ ചുരുണ്ടുകൂടി. രണ്ടുദിവസം മുൻപുള്ള തെളിഞ്ഞ പ്രഭാതത്തിലായിരുന്നു, തേക്കടി സന്ദർശിക്കണം എന്ന് ശക്തമായ ആഗ്രഹം മനസ്സിനുള്ളിലേക്ക് ആഴത്തിൽ വേരൂഴ്ന്നിയതും; ഇരുപത്തിയാറാം തീയതി പോയേക്കാം എന്നു തീരുമാനിക്കപ്പെട്ടതും. പഠനകാലത്ത് നിരവധിതവണ കുമളിവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും, തേക്കടി ഒരു അപ്രാപ്യലക്ഷ്യമായി എന്നും അവശേഷിച്ചുതന്നെ നിലകൊണ്ടു. നയനങ്ങൾക്കു കുളിർമ്മയേകുന്ന തേക്കടിയിലെ പ്രകൃതിദൃശ്യങ്ങൾ, പലവിധ പത്രമാധ്യമങ്ങളിലൂടെ കാണുവാനിടവരുമ്പോഴെല്ലാം; അവിടം ഇതുവരെ സന്ദർശിക്കാൻ പറ്റാതിരുന്നതിന്റെ ഒരു വിടവ് നറുതേങ്ങൽ പോലെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. ജാലകത്തിനപ്പുറത്ത്, മഴ ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. മഴക്കാലത്തുള്ള ദുർഘടമായ യാത്ര ഉണ്ടാക്കിയേക്കാവുന്ന വിരസതയേപറ്റിയോർത്ത് കുറച്ചുനേരം പുതപ്പിനടിയിൽതന്നെ പതുങ്ങിയെങ്കിലും; രാവിലെ ഏഴരയോടെ പട്ടണത്തിൽ നിന്നും യാത്രതിരിക്കാം എന്ന സഹയാത്രികർക്കു കൊടുത്ത വാഗ്ദാനം മനസ്സിനുള്ളിലേക്ക് ഓളംവെട്ടിയപ്പോൾ, മനസ്സില്ലാമനസ്സോടെ കിടക്കയെ ഉപേക്ഷിച്ച് വാഷ്ബേസിന്റെ മുൻപിലേക്ക് നടന്നു.
മഴ അപ്പോഴും തോർന്നിട്ടുണ്ടായിരുന്നില്ല. ഏകദേശം എട്ടുമണിയോടെ ഞങ്ങൾ ആറുപേർ എന്റെ കാറിൽ തേക്കടി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. സാധാരണ ഓരോ വഴിക്കുള്ളയാത്രയിലും പ്രഭാതഭക്ഷണം കഴിക്കുന്നതിനു അതാത് വഴികളിൽ ഇഷ്ടപ്പെട്ട ഒരു ഭോജനശാലയെങ്കിലുമുണ്ടാകും. അങ്ങനെയുള്ള ഒരു വല്യപ്പന്റെ ചയക്കടയിൽ കയറി ചൂടുവെള്ളയപ്പവും, കിഴഞ്ഞുകറിയും, കട്ടങ്കാപ്പിയും യഥേഷ്ടം അകത്താക്കി; യാത്രതുടർന്നു. ഈരാട്ടുപേട്ട, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി വഴിയാണു തേക്കടിയ്ക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തിരുന്നത്. ഏകദേശം 125കി.മീ യോളമുണ്ട് തേക്കടിയിലേക്കുള്ള ദൂരം. മൂലമറ്റം, ഇടുക്കി, കട്ടപ്പന, വണ്ടന്മേട്, കുമിളി വഴിയ്ക്കും തേക്കടിക്കു പോകാം. കുട്ടിക്കാനത്ത്; കോടമഞ്ഞാൽ ആലിംഗനബദ്ധരയി നിൽക്കുന്ന താഴ്വരയെയും, ഹിൽടോപ്പിന്റെ ഉച്ചിയെയും ആവോളം കൺകുളിർക്കെ ആസ്വദിക്കണം എന്ന ഒറ്റക്കാരണത്താലായിരുന്നു ആദ്യവഴി തിരഞ്ഞെടുത്തത്.
ഇടുക്കിജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള ടോപ്സ്റ്റേഷൻ കുട്ടിക്കാനമാണെന്നാണെനിക്കുതോന്നുന്നത്. മുണ്ടക്കയം കഴിഞ്ഞു കുറച്ചിടചെന്നപ്പോഴേക്കും, ഒരു കൂട്ടം വാനരർ റോഡരുകിലായി അഭ്യസപ്രകടനങ്ങൾ നടത്തുന്നതു കണ്ടു. കാറിന്റെ ഡോർ വലിച്ചുതുറന്നു പുട്ടുകുട്ടിയുമെടുത്ത് ഞാനവരുടെ പിന്നാലെയോടി. എന്റെയും, സുഹൃത്തുക്കളുടെയും ധൃതിയിലുള്ള ആഗമനം അവരെ ഭയചകിതരാക്കിയെന്നുതോന്നുന്നു. വാലും പൊക്കി നാലുപാടും ചിതറിയോടി, ഓരത്തുള്ള മലയിലെ വൃക്ഷത്തലപ്പുകളിലും, മറുവശത്തുള്ള കൊക്കയിലെ കുറ്റിക്കാടിനുള്ളിലും ഒളിച്ചു. വൃക്ഷത്തലപ്പുകൾക്കിടയിലും, കുറ്റിക്കാട്ടിലും പതുങ്ങിയിരുന്ന വിരുതന്മാരിൽ ചിലർ ഒളിഞ്ഞുനോക്കുന്നതു കാണമായിരുന്നു. അല്പസമയത്തിനുള്ളിൽ അതിലൊരു ധൈര്യശാലി; കൊക്കയിലെ ഒരു മരത്തിന്റെ ശിഖരത്തിൽ കയറിയിരുന്നു ഭയാശങ്കകൾ ലവലേശമില്ലാതെ എനിക്കു ഫോട്ടോയെടുക്കാൻ പലവിധത്തിൽ പോസ് ചെയ്തുതന്നുതുടങ്ങി.
മരച്ചില്ലകളിലെ തൊലികടിച്ചുപറിച്ചുതിന്നുക, മരച്ചില്ലകളിൽ വാൽചുറ്റി ഉഞ്ഞാലാടുക... അങ്ങനെയോരോ അഭ്യാസപ്രകടനങ്ങൾ ഞാൻ കാമെറായ്ക്കുള്ളിലാക്കി.
പൂർവികരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, യാത്ര തുടർന്നു. കുറച്ചിട കഴിഞ്ഞപ്പോൾ ഇടത്തേവശത്തുള്ള അഗാധമായ കൊക്കയിൽ നിന്നും, റോഡിനു സമാന്തരമായി ഉയർന്നു പൊങ്ങിയ കോടമഞ്ഞിന്റെ ബൃഹത്തായുള്ളൊരാവരണം ദർശിക്കാൻ സാധിച്ചു.
റോഡ് നിരപ്പിൽ നിന്നും ഏകദേശം 1000 അടിയെങ്കിലും ആഴമുണ്ടാകും ഈ കൊക്കകൾക്കെന്നു അനുമാനിക്കാം. മലയുടെ ഉച്ചിയിൽ നിന്നു നോക്കുമ്പോൾ, താഴ്വാരത്തിലെ വളഞ്ഞുപുളഞ്ഞറോഡിലൂടെ 
വാഹനങ്ങൾ സഞ്ചരിക്കുന്നത് കാണുന്നത് രസാവഹമായ കാഴ്ചയായിരുന്നു.അനന്തരം യാത്രതുടർന്ന്; ഞങ്ങൾ തടത്തിത്താനം എന്നൊരു
സ്ഥലത്തെത്തി. വലത്തുവശത്തായി ഇടതൂർന്നു വളർന്നുനിൽക്കുന്ന ചൂളമരങ്ങൾ, വാഗമൺ മലനിരകളിലെ പൈൻ മരക്കാടുകളെ അനുസ്മരിപ്പിച്ചു.

മരങ്ങൾ വളർന്നുനിന്നിടത്തെ കടുംചുവപ്പാർന്ന മണ്ണിന്റെഘടനയാണെന്നെയേറ്റവും ആകർഷിച്ചിരുന്നത്.
യാത്രയിലുടനീളം മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കുടനിവർത്തിപ്പിടിച്ചു നിന്നിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ, പാമ്പനാർ കഴിഞ്ഞ് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം ദൃശ്യമായി. ഞങ്ങൾ ചെല്ലുമ്പോൾ അനവധി വിനോദസഞ്ചാരികൾ ഈ ദൃശ്യവിസ്മയം ആസ്വദിച്ചുകൊണ്ടുനിൽക്കുന്നുണ്ടായിരുന്നു.
ഈ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പത്തോളം ചെറുകടകളുമവിടെയുണ്ടായിരുന്നു. കുട്ടിക്കാനം മലനിരകളില് നിന്നുത്ഭവിച്ച് പമ്പയാറിന്റെ കൈവഴികളില് ഒഴുകിയെത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം ഒട്ടേറെ വിനോദസഞ്ചാരികളുടെ കാമെറാക്കണ്ണുകള് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
പലയിടത്തും ഇറങ്ങിയും, കയറിയും യാത്രചെയ്തതിനാൽ ഒട്ടേറെ സമയം നഷ്ടപ്പെടുകയുണ്ടായി. താമസിച്ചു ചെന്നാൽ തേക്കടിയാത്ര വൃഥാവിലായാലോ എന്ന ശങ്കനിമിത്തം കുട്ടിക്കാനത്തും, പീരുമേട്ടിലും ഇറങ്ങി പ്രകൃതിഭംഗിയാസ്വദിക്കാൻ സമയം കളഞ്ഞില്ല.
അപ്പോഴും തിമിർത്തു പെയ്തുകൊണ്ടിരുന്ന മഴ, ആസ്വാദനത്തിന്റെ രസച്ചരടു പൊട്ടിക്കാൻ ഹേതുവാകുകയും ചെയ്തു.
വണ്ടിപ്പെരിയാറിനും കുമളിക്കും ഇടയ്ക്കുള്ള വാളാടി എന്ന സ്ഥലമാണിത്. വാളാടിയിലെയും, നെല്ലിമലയിലേയും മൊട്ടക്കുന്നുകളിൽ സമൃദ്ധിയായി വളർന്നു നിന്നിരുന്ന തേയിലച്ചെടികളും,
തമിഴ്ചുവയുള്ള പരിസരപ്രദേശങ്ങളും, അവിടത്തെ മനുഷ്യരുടെ ഭൌതികവും, ശാരീരികവും, മാനസികവുമായ ചുറ്റുപാടുകളും, ജീവിതശൈലികളും തികച്ചും നിരീക്ഷണവിധേയമാക്കേണ്ട വിഷയം തന്നെയാണ്.
അപ്പോഴേക്കും, ഞങ്ങളുടെ വയറുകളുടെ അന്തർഭാഗത്തുനിന്നും വിശപ്പിന്റെ ഒരാരവം ഉയർന്നു തുടങ്ങിയിരുന്നു. ഹൈറേഞ്ചിലെ ചെറുകിട ഭോജനശാലകളിൽനിന്നും ഭക്ഷിക്കുന്നത് അത്യന്തം ഉന്മേഷം തരുന്ന ഒന്നാണു. ദേഹി തുളച്ചുകയറും തണുപ്പിൽ, കോടമഞ്ഞണിഞ്ഞ മാമലകളിൽ സൂര്യന്റെ ചെറുകിരണങ്ങൾ മുത്തമിടുന്നതും കണ്ടാസ്വദിച്ചിരുന്ന്; ആവി പറക്കുന്ന ചൂടുചോറിലേക്ക് ചൂടൻ സാമ്പാറുമൊഴിച്ച്, ഒരു പപ്പടം പൊടിച്ചിട്ട് (അല്ലെങ്കിൽ ചൂടു കഞ്ഞിയിൽ ഇത്തിരി മോരൊഴിച്ചു ചേർത്തിളക്കി രണ്ടു കാന്താരി മുളകും പൊട്ടിച്ചിട്ട്) മത്തിവറുത്തതോ അല്ലെങ്കിൽ അതുപോലുള്ള ചെറുമീനുകൾ പൊരിച്ചതോ കൂട്ടി ഒരു പിടിയങ്ങു പിടിക്കുക!! ആഹാ...!! വല്ലാത്തൊരു ഒടുക്കത്തെ സ്വാദാണതിനു!! അത് ആസ്വദിച്ചറിയേണ്ട ഒരു രുചിവിശേഷം തന്നെയാണു. നിങ്ങൾ ഏതു ദേശക്കാരനെങ്കിലും ആയിക്കൊള്ളട്ടെ; മലമുകളിലെ ഹോം മെയ്ഡ് ഭക്ഷണം ഒരിക്കലെങ്കിലും രുചിച്ചു നോക്കിയിട്ടുണ്ടെങ്കിൽ... നിങ്ങളുടെ വിരസമായ ഒരു മദ്ധ്യാഹ്നത്തിൽ, വിശന്നിരിക്കുന്ന അവസ്ഥയിൽ ഇതിനേപറ്റി ഒന്നോർത്തു നോക്കിക്കോളൂ... ഒന്നു കഴിക്കാതെ തന്നെ നിങ്ങളുടെ നാവിൽ വെള്ളമൂറുന്നതും, വയർ നിറഞ്ഞതായി അനുഭവപ്പെടുന്നതും കാണാം. ഇത് ഇവിടത്തെ കാലവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന; ഉപബോധമനസ്സിന്റെ ചാഞ്ചല്യം മൂലമാകാം... ഏതായാലും ഈ പ്രതിഭാസം അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ...
(തുടരും)